ആട്ടക്കഥ:
പ്രേതനാഥസുതനങ്ങുറച്ചുസമരത്തിനെന്ന കഥയും തഥാ
ശ്വേതവാഹനനു സൂതനായഖിലനാഥനെന്നൊരു വിശേഷവും
ഭൂതലേ ബത പരന്ന നേരമഥ ലോകരൊക്കവെ നിരക്കവേ
ജാതകൌതുകമജാതശത്രുനൃപസന്നിധൌ സപദി പൂകിനാര്‍
ഭീമസേനബലമിങ്ങുകാണണമെനിക്കു ഫല്‍ഗുണ പരാക്രമം
ഭീമമായ യുധി ധര്‍മ്മപുത്രരുടെ ധര്‍മ്മ സംഗരമെനിക്കഹോ
ശ്യാമളാതസിസുകോമളം സകലകാമദം ഹരിമുദീക്ഷിതും
കാമമുണ്ടു ഹൃദി മാമകേ തദിഹ ദുര്‍ല്ലഭം സുലഭമല്ലയോ
ഏവമാദിനിജഭാവമമ്പൊടു പറഞ്ഞുകൊണ്ടഖിലലോകരും
താവദേവ രണഭൂമിയില്‍ സ്ഥലമുറച്ചു നിന്നു ബഹുകൌതുകാല്‍
ദേവരാജനപി ദേവകിം പുരുഷദേവതാപസസമേതനായ്
സാവരോധജനനായിവന്നു ദിവി മേവിനാന്‍ രണദിദൃക്ഷയാ
എട്ടുദിക്കുകള്‍ മുഴങ്ങുമാറു പറകൊട്ടി ഭൂപരു വിളിക്കയും
കേട്ടുഫല്‍ഗുനരഥദ്ധ്വജേ ഹനുമദട്ടഹാസമതിഭീഷണം
പൊട്ടുമാറരികള്‍ ഞെട്ടുമാറഖിലവിഷ്ടപേശദരഘോഷവും
കൂട്ടമോടഥ കുലുങ്ങി ലോകമുടനേ കലങ്ങി ജലരാശിയും
പാതകം ഗുരുവധം നിനച്ചു സുരനാഥജേ ബഹുമോഹിതേ
ഗീതയായൊരു സുധാം തളിച്ചുടനുണർത്തിയർജ്ജുനനെ മാധവൻ
വാതുചൊല്ലി ജയവാഞ്ഛയോടു കുരുവീരസേനകളെതിർത്തു തൽ-
കൗതുകേന മുനി നാരദൻ വിയതി വീണവായന തുടങ്ങിനാൻ
അർത്ഥം:
ധര്‍മ്മപുത്രന്‍ സമരത്തിന് ഉറച്ച കഥയും അര്‍ജ്ജുനന് സൂതനായി ലോകനാഥനാണെന്നുള്ള വിശേഷവും ഭൂമിയിലൊക്കെ നേരത്ത് കൌതുകത്തോടെ ലോകരൊക്കെ യുദ്ധഭൂമിയില്‍ അര്‍ജ്ജുനന്റെ സമീപത്തില്‍ നിരന്നു.
ഭീമസേനന്റെ ബലം ഇവിടെ കാണണം, എനിക്ക് ഫല്‍ഗുനപരാക്രമം കാണണം, ഭീമമായ യുദ്ധഭൂമിയില്‍ ധര്‍മ്മപുത്രരുടെ ധര്‍മ്മയുദ്ധം എനിക്ക് കാണണം, വിസ്മയകരവും ശ്യാമകോമളവും സകലകാമദവുമായ ഹരിയെ സസന്തോഷം കാണണം, അതിന് എന്റെ മനസ്സില്‍ ആഗ്രഹമുണ്ട്, ദുര്‍ലഭമായ ഇതൊക്കെ ഇവിടെ സുലഭമാണല്ലോ.
ഇപ്രകാരമുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അഖിലലോകരും ദേവരും രണഭൂമിയില്‍ ബഹുകൌതുകത്തോടെ സ്ഥലംപിടിച്ചു നിന്നു. ദേവന്മാര്‍, കിംപുരുഷന്മാര്‍, ദേവര്‍ഷിമാര്‍ തുടങ്ങിവരോടും പരിവാരങ്ങളോടും കൂടി ദേവേന്ദ്രന്‍ രണം കാണുന്നതിനായി ആകാശത്തിങ്കല്‍ വന്നുവസിച്ചു.
എട്ടുദിക്കുകളും മുഴങ്ങുമാറ് പറകൊട്ടി രാജാക്കന്മാര്‍ പോരുവിളിക്കുകയും, ഫല്‍ഗുനരഥത്തിന്റെ കൊടിയില്‍ വിളങ്ങുന്ന ഹനുമാന്റെ അതിഭയങ്കരമായ അട്ടഹാസവും, ശത്രുക്കള്‍ പൊട്ടുമാറും അഖിലലോകവും ഞെട്ടുമാറുമുള്ള സുന്ദരമായ ശംഖഘോഷവും കേട്ട് ലോകം മൊത്തത്തില്‍ കുലുങ്ങി, സമുദ്രം കലങ്ങി.
ഗുരുക്കന്മാരേയും ബന്ധുജനങ്ങളേയും കൊല്ലുന്നത് മഹാപാതകമാണെന്ന് വിചാരിച്ച് അർജ്ജുനൻ ആർത്തമോഹവിവശനായി. ശ്രീകൃഷ്ണൻ ഗീതചൊല്ലിക്കൊടുത്ത് അർജ്ജുനനെ കർമ്മം ചെയ്യാൻ പ്രാപ്തിയുള്ളവനാക്കി. അപ്പോൾ അർജ്ജുനൻ കുരുവീരസേനകളെ എതിർത്തുകൊണ്ട് മുന്നേറി. നാരദൻ കൗതുകേന വീണവായന തുടങ്ങി.