പാര്‍വ്വണ ശശിവദനേ പാഥോജ ലോചനേ

രാഗം: 

പാടി

താളം: 

ചെമ്പട 32 മാത്ര

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ആനീതോത്ര പുരൈവ പാണ്ഡുജനുഷാ യാഗായ നാഗാഹ്വയാ-

ദാനന്ദേന വസന്‍ സുമൃഷ്ടമണിസൌധാഗ്രേ ബുധാഗ്രേസര:

പാടീരാഗമരുദ്ധുതാഗ്രവിലസജ്ജ്യോത്സ്നാര്‍ദ്രമാന്‍ സ്വര്‍ദ്രുമാ-

നാലോക്യാത്മവധൂമഭാഷത മഹാവീര്യോഥ ദുര്യോധനഃ

പാര്‍വ്വണ ശശിവദനേ പാഥോജ ലോചനേ

പാരിജാതാരാമം കാണ്‍ക പാര്‍ത്ഥസഭാങ്കണേ

മന്ദവായുസഞ്ചലിത മന്ദാരവല്ലികള്‍

തന്വംഗിമാരെന്നപോലെ താണ്ഡവം ചെയ്യുന്നു;

കേകികള്‍ നിന്നുടെ നല്ല കേശജാലം കണ്ടു

കോകിലാലാപിനി മേഘകൌതുകാലാടുന്നു;

യാമിനീശ ബിംബം കണ്ടാല്‍ കാമിനീ തോന്നുന്നു

കാമരസപാത്രമെന്നു കാന്തേ പുണര്‍ന്നാലും.

അർത്ഥം: 

ശ്ലോകം:- യാഗത്തില്‍ പങ്കെടുക്കുവാനായി പാണ്ഡവരാല്‍ ക്ഷണിച്ചുവരുത്തപ്പെട്ട് ഹസ്തിനപുരത്തിലെത്തിയ ബുധാഗ്രേസരനായ നാഗകേതനന്‍ അവിടെ മണിമാളികയുടെ മുകളില്‍ ആനന്ദത്തോടെ സുഖമായി വസിക്കവേ, അവിടെ കാറ്റത്തിളകുന്ന വള്ളിത്തലപ്പുകള്‍ക്കിടയിലൂടെ പൂനിലാവ് പൊഴിയുന്ന കല്‍പ്പവൃക്ഷങ്ങളെ കണ്ടിട്ട് മഹാവീരനായ ദുര്യോധനന്‍ പ്രാണപ്രിയയോട് പറഞ്ഞു.

പദം:- പൂര്‍ണ്ണചന്ദ്രവദനേ, താമരമിഴിയാളേ, പാര്‍ത്ഥരുടെ സഭാങ്കണത്തിലെ ആരാമം കണ്ടാലും. മന്ദവായുവിനാല്‍ ചലിക്കപ്പെടുന്ന മന്ദാരവല്ലികള്‍ സുന്ദരിമാര്‍ എന്നപോലെ താണ്ഡവം ചെയ്യുന്നു. മയിലുകള്‍ നിന്റെ കേശജാലം കണ്ട് കാര്‍മേഘമെന്ന് ധരിച്ച് സന്തോഷത്താല്‍ നൃത്തംവെയ്ക്കുന്നു. കാമിനീ, ചന്ദ്രബിംബം കണ്ടാല്‍ കാമരസപാത്രമാണെന്ന് തോന്നുന്നു. കാന്തേ, പുണര്‍ന്നാലും.

അരങ്ങുസവിശേഷതകൾ: 

ആലവട്ടമേലാപ്പുകളോടുകൂടി പതിഞ്ഞകാലത്തിലുള്ളതും ശൃഗാരപ്രധാനമായതുമായ ദുര്യോധനന്റെ തിരനോട്ടം.

വീണ്ടും തിരനീക്കുമ്പോള്‍ ഭാനുമതിയെ ആലിംഗനം ചെതുകൊണ്ട് പതിഞ്ഞ ‘കിടതകധിം,താ’മിനൊപ്പം പ്രവേശിക്കുന്ന ദുര്യോധനന്‍ തുടര്‍ന്ന് ഭാനുമതിയെ ഇടതുഭാഗത്തുനിര്‍ത്തി, നോക്കിക്കാണലോടെ പദാഭിനയം ആരംഭിക്കുന്നു.

അനുബന്ധ വിവരം: 

പാടീരാഗമരുദ്ധുതാഗ്രവിലസജ്ജ്യോത്സ്നാര്‍ദ്രമാന്‍* സ്വര്‍ദ്രുമാ-

നാലോക്യാത്മവധൂമഭാഷത മഹാവീര്യോഥ ദുര്യോധനഃ

* ഇവിടെ  ജ്യോത്സ്‌നോദ്ഗമാൻ എന്നും പാഠഭേദം ഉണ്ട്.