രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
സഭ്യൈസ്സമോദൈസകലെസ്തദാനീ-
മഭ്യര്‍ച്ചിതോ ഭീഷ്മമുഖൈര്‍മുകുന്ദ:
സംഭാവ്യ താന്‍ സാദരമാത്മദൃഷ്ടീം
സമ്പ്രേക്ഷ്യ ചൈവം ധൃതരാഷ്ട്രമൂചേ
പാര്‍ത്ഥിവപതേ കേള്‍ക്ക ഇന്നു ഞാനും
പാര്‍ത്ഥരുടെ ദൂതന് ആകുന്നു കൃഷ്ണൻ
അര്‍ത്ഥമവരുടെ വിരവില്‍
അത്ര പറയുന്നു
നിന്നുടയ പുത്രര്‍ അന്നന്നു ചെയ്ത
ദുര്‍ന്നയമതൊക്കവെ മറന്നു മനസി
തന്നുടയ ഭാഗമവര്‍ വന്നിരക്കുന്നു
അര്ത്ഥവുമതിന്നുടെയെടുത്തു അവരെ
അത്രൈവ സമ്പ്രതി വരുത്തു വേഗം
അര്‍ദ്ധരാജ്യത്തെ കൊടുത്തിങ്ങിരുത്തു;
(കാലം തള്ളി)
അല്ലെങ്കിലില്ല സന്ദേഹം പാര്ത്ഥന്
കൊല്ലുമേ ഭവത്സുത സമൂഹം പിന്നെ
അല്ലല് വേണ്ടയിതിനാശ്രയമവര്ക്കഹം
അർത്ഥം:
ശ്ലോകം:-അപ്പോള്‍ സന്തോഷപൂര്‍വ്വം ഭീഷ്മര്‍ തുടങ്ങിയ സകലസഭാവാസികളാലും പൂജിക്കപ്പെട്ട ശ്രീകൃഷ്ണന് സാദരം അവരെ ബഹുമാനിച്ചിട്ട് അകക്കണ്ണ് മാത്രമുള്ള ധൃതരാഷ്ട്രനെ നോക്കി ഇപ്രകാരം പറഞ്ഞു.
പദം:-രാജരാജാ, കേള്‍ക്കുക. ഇന്ന് ഞാന്‍ പാര്‍ത്ഥരുടെ ദൂതനാണ്, കൃഷ്ണന്. അവര്‍ക്കുവേണ്ടി വഴിപോലെ ഇവിടെ പറയുന്നു. നിന്റെ പുത്രന്മാര് അന്നന്നു ചെയ്ത ദുര്വൃത്തികളൊക്കെ മനസ്സില്‍ മറന്നുകൊണ്ട് തങ്ങളുടെ ഭാഗത്തെ അവര്‍ വന്ന് ഇരക്കുന്നു. അതിന്റെ കാര്യം മനസ്സിലാക്കി വേഗം അവരെ വഴിപോലെ ഇവിടെ വരുത്തുക. എന്നിട്ട് അര്‍ദ്ധരാജ്യത്തെ കൊടുത്ത് ഇവിടെ ഇരുത്തുക. അല്ലെങ്കില്‍ സംശയമില്ല അങ്ങയുടെ മക്കളുടെ കൂട്ടത്തെ പാണ്ഡവര്‍ കൊല്ലും. പിന്നെ അതിന് ദു:ഖം വേണ്ടാ. അവര്‍ക്ക് അതിന് ആശ്രയം ഞാനുണ്ട്.
അരങ്ങുസവിശേഷതകൾ:
ശ്രീകൃഷ്ണന് എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.