ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നിര്‍ത്തേണമച്യുതാ നീ രഥം
നിര്‍ത്തേണമച്യുതാ നീ
നിമിഷനേരം ഇരുസേനകള്‍ നടുവില്‍
നിര്‍ത്തേണമച്യുതാ നീ
അടരിനു പോന്നുവന്നങ്ങിടയുമീപ്പടുമറു-
ഭടതതികളേവരെന്നിടതിരിഞ്ഞറിയുവാൻ
ഹരി ഹരി കാണ്മൂ ഞാനരിയൊരെൻ ഗുരുവിനെ
വരഗുണ നിലയനെൻ പെരിയ പിതാമഹനെ
സഹജരെ ചിരസഹചരവരപരിഷയെ
കരധൃതശര ശതവിരുതരെമതിക്കി
ഇവരെ വധിച്ചു രാജ്യഭരണമെന്തിനു കൃഷ്ണ
തിരിക്കതേരിവിടന്നു ഗമിക്ക നമുക്കുവേഗം
തളരുന്നു മമ ദേഹം ഇളകുന്നീലാ ഗാണ്ഡീവം
വളരുന്നു ഭയം കനിഞ്ഞരുളേണം കരണീയം
അർത്ഥം:
അച്യുതാ, നീ രഥം നിര്‍ത്തണം, ഇരുസേനകള്‍ക്കും നടുവിലായി രഥം നിമിഷനേരമൊന്ന് നിര്‍ത്തണം.
ഇവരെ വധിച്ചിട്ട് രാജ്യഭരണം എന്തിനാണ് കൃഷ്ണാ? ഇവിടന്ന് തേര് തിരിക്കുക. നമുക്കു വേഗം പോകാം. എന്റെ ദേഹം തളരുന്നു. ഗാണ്ഡീവം ഇളകുന്നില്ല. ഭയം വളരുന്നു. എന്താണ് ചെയ്യുക എന്ന് ദയവായി പറയേണം.
അരങ്ങുസവിശേഷതകൾ:
രംഗമദ്ധ്യത്തിലെ പീഠത്തില്‍(രഥത്തില്‍) ചാപബാണധാരിയായി അര്ജ്ജുനന് നില്ക്കുന്നു. താഴെയായി ചമ്മട്ടി ധരിച്ചുകൊണ്ട് തേരോടിക്കുന്ന നാട്യത്തില്‍ ശ്രീകൃഷ്ണനും നില്ക്കുന്നു. തുടര്‍ന്ന് അര്ജ്ജുനന് പദം അഭിനയിക്കുന്നു.അച്യുതാ, നീ രഥം നിര്‍ത്തണം, ഇരുസേനകള്‍ക്കും നടുവിലായി രഥം നിമിഷനേരമൊന്ന് നിര്‍ത്തണം. ശ്രീകൃഷ്ണന് രഥം തെളിച്ച് സേനകള്‍ക്കു മദ്ധ്യത്തിലായി നിര്‍ത്തുന്നു. അര്ജ്ജുനന് പീഠത്തില്‍ നിന്നും ഇറങ്ങി ഇടതുഭാഗത്തേയ്ക്കുവന്ന് സേനകളെ വീക്ഷിക്കുന്നു. അനന്തരം പദാഭിനയം തുടരുന്നു.
അര്ജ്ജുനന് തളര്‍ന്ന് നിലത്തിരിക്കുന്നു. കൃഷ്ണന് പിടിച്ചേഴുന്നേല്‍പ്പിച്ചിട്ട് പദം ആടുന്നു.