ധര്‍മ്മനന്ദന വീര ധാത്രീപാലകന്മാര്‍ക്കു

രാഗം: 

ആഹരി

താളം: 

ത്രിപുട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

സ മാതുലോക്തിം സരസം നിശമ്യ

സമാനമാനായ്യ  സഭാന്തരാളേ

സമാശയം സമ്മിളിതം സഗര്‍ഭ്യൈ-

സ്സമാബഭാഷേ സമവര്‍ത്തിസൂനും

ധര്‍മ്മനന്ദന വീര ധാത്രീപാലകന്മാര്‍ക്കു

ശര്‍മ്മമുള്ളൊരുകാലേ നര്‍മ്മങ്ങള്‍ വേണമല്ലോ

മന്നവ നമ്മെപ്പോലെ ഉന്നതസുഖമുള്ളോര്‍

മന്നിലിപ്പൊഴുതോര്‍ത്താല്‍ മറ്റാരുമില്ല നൂനം‍

ചാതുര്യമേറും ഭവാന്‍ മാതുലനോടും കൂടി

ചൂതുകളിച്ചുകാണ്മാന്‍ കൌതുകം മമ പാരം

മാതുലന്‍ മടങ്ങുന്ന ചൂതിനു പണയവും

ആതുരഭാവമെന്യേ ആശു ഞാന്‍ തന്നീടുവന്‍

അർത്ഥം: 

ശ്ലോകം:- മാതുലന്റെ സരസമായ വാക്കുകള്‍ കേട്ടിട്ട് ദുര്യോധനന്‍ ശുദ്ധഹൃദയനായ ധര്‍മ്മപുത്രനെ സഹോദരരോടുകൂടി സഭയിലേയ്ക്ക് വരുത്തി അഭിമാനത്തോടുകൂടി പറഞ്ഞു.

പദം:- ധര്‍മ്മപുത്രാ, വീരാ, രാജാക്കന്മാര്‍ക്ക് ഐശ്വര്യമുള്ള കാലത്ത് നര്‍മ്മങ്ങള്‍ വേണമല്ലോ. രാജാവേ, ഓര്‍ത്തുനോക്കിയാല്‍ നമ്മെപ്പോലെ ഉന്നതസുഖമുള്ളവര്‍ ഇപ്പോള്‍ ഭൂമിയില്‍ ഉറപ്പായും മറ്റാരുമില്ല. ചാതുര്യമേറേയുള്ള ഭവാന്‍ മാതുലനോടും കൂടി ചൂതുകളിച്ചു കാണാന്‍ എനിക്ക് ഏറെ കൌതുകമുണ്ട്. മാതുലന്‍ മടങ്ങുന്ന ചൂതിന്റെ പണയം വിഷാദഭാവമില്ലാതെ പെട്ടന്ന് ഞാന്‍ തന്നീടാം.

അരങ്ങുസവിശേഷതകൾ: 

വലതുവശത്തായി ധര്‍മ്മപുത്രാദികളും ഇടതുഭാഗത്തായി ശകുനിയും പീഠങ്ങളില്‍ ഇരിക്കുന്നു. രംഗമദ്ധ്യത്തില്‍ നില്‍ക്കുന്ന ദുര്യോധനന്‍ പദാഭിനയം ആരംഭിക്കുന്നു.