ഇത്ഥം ശ്രവിച്ചു പരമാര്‍ത്ഥം നിനച്ചു

ആട്ടക്കഥ: 

ദുര്യോധനവധം

ഇത്ഥം ശ്രവിച്ചു പരമാര്‍ത്ഥം നിനച്ചു പര-

മര്‍ത്ഥം ത്യജിച്ചവരുറച്ചു

പൃഥയൊടു കഥിച്ചു

പ്രിയയൊടൊരുമിച്ചു

കമലമകള്‍കമിതൃപദ കമലമതു കരുതി ഹൃദി

കാമ്യകവനംപ്രതി ഗമിച്ചു

മിത്രപസാദവര പാത്രം ലഭിച്ചു ഗുണ-

പാത്രങ്ങള്‍ പാണ്ഡവര്‍ തപിച്ചു

ദുരിതമകലിച്ചു

ദുഷ്ടരെ ഹനിച്ചു

മുദിതമുനിഗദിതനളരാമമുഖകഥകേട്ടു

മുറ്റുമഴലൊട്ടഥ കുറച്ചു

ചന്ദ്രാവതംസവര സാന്ദ്രാത്മവീര്യനമ-

രേന്ദ്രാത്മജന്‍ വിഗതശോകം

വ്യധിതസുരലോകം

വിധുതരിപുലോകം

കുസുമഹൃതിവിഹൃതിയതിലനിലസുതനഹരദിഹ

ക്രോധവശനികരമവിവേകം

ആസാദിതാന്തവന വാസാസ്തതോവിദിത-

വാസായ മാത്സ്യപുരി ചെന്നു മത്സരമകന്നു

വത്സരമിരുന്നു

അതുസമയമതിചപലകീചകനെ ഹതിചെയ്തൂ

അറിവതിനു വന്നരിയെ വെന്നു

സാഹായകര്‍മ്മണി സമാഹൂയ ശൌരിമരി

ഗേഹായ വിപ്രനെയയച്ചൂ

കഥകള്‍ പറയിച്ചൂ

കാര്യമറിയിച്ചൂ

സഞ്ജയഗിരാന്ധനൃപസമ്മതമറിഞ്ഞു ഹൃദി

സന്നദ്ധരായവര്‍ വസിച്ചൂ

അർത്ഥം: 

ഇപ്രകാരം കേട്ട് സത്യത്തെ വിചാരിച്ച് സമ്പത്തുകള്‍ ത്യജിക്കാന്‍ അവര്‍ തീരുമാനിച്ചു. കുന്തീദേവിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ശ്രീകൃഷ്ണപദകമലങ്ങള്‍ ഹൃദയത്തില്‍ സ്മരിച്ചുകൊണ്ട് പ്രിയതമയോടൊരുമിച്ച് പാണ്ഡവര്‍ കാമ്യകവനത്തിലേയ്ക്ക് ഗമിച്ചു.

തപം ചെയ്ത പാണ്ഡവര്‍ക്ക് സൂര്യന്റെ വരപ്രസാദത്താല്‍ അക്ഷയപാത്രം ലഭിച്ചു. അങ്ങിനെ ദുരിതം അകന്നു. അവര്‍ കാട്ടിലുള്ള ദുഷ്ടരെ ഹനിച്ചു. മുദിതനായ മുനിയില്‍ നിന്നും നളന്റേയും രാമന്റേയും കഥകള്‍ കേട്ട് അവര്‍ തങ്ങളുടെ ദു:ഖം കുറച്ചു. ചന്ദ്രവംശശ്രേഷ്ടനും വീരനുമായ ഇന്ദ്രപുത്രന്‍ ക്ലേശമില്ലാതെ ദേവലോകത്തുപോയി, അവരുടെ ശത്രുക്കളെ നശിപ്പിച്ചു. ഭീമന്‍ പാഞ്ചാലിക്കായി സൌഗന്ധിക പുഷ്പങ്ങള്‍ തേടികണ്ടെത്തി എത്തിച്ചുകൊടുത്തു. വനവാസസമയം കഴിഞ്ഞപ്പോള്‍ അവര്‍ മാത്സ്യപുരിയില്‍ ചെന്ന് വസിച്ചു. അജ്ഞാതവാസക്കാലവും കഴിയവേ ഭീമന്‍ ചപലനായ കീചകനെ വധിച്ചു. അവരെ കണ്ടെത്താന്‍ ശ്രമിച്ച ശത്രുക്കളെ അര്‍ജ്ജുനന്‍ യുദ്ധത്തില്‍ ജയിച്ചു. സത്യസമയം കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കുവാനായി കൃഷ്ണന്‍ വന്നു. അവര്‍ ശത്രുക്കളുടെ അടുത്തേയ്ക്ക് ഒരു ബ്രാഹ്മണനെ അയച്ച് കഥകളും കാര്യങ്ങളും അറിയിച്ചു. സഞ്ജയന്റെ വാക്കുകളില്‍ നിന്നും ധൃതരാഷ്ട്രരുടെ സമ്മതം അറിഞ്ഞ അവര്‍ മന:സന്നദ്ധതയോടെ വസിച്ചു.

അരങ്ങുസവിശേഷതകൾ: 

‘കാമ്യകവനംപ്രതി ഗമിച്ചു‘ എന്ന് പാടുന്നതോടെ  ദുര്യോധനന്‍ പാണ്ഡവരോട് പോകാന്‍ പറയുന്നു. പാണ്ഡവരും പാഞ്ചാലിയും നിഷ്ക്രമിക്കുന്നു.

ദുര്യോധനന്‍:(സസന്തോഷം) ‘ഹാ! സന്തോഷമായി. ഇനി സുഖമായി രാജ്യം ഭരിച്ച് കഴിയുകതന്നെ’

ദുര്യോധനന്‍ നാലാമിരട്ടികലാശം എടുത്തുകലാശിപ്പിക്കുന്നതോടെ പിന്നിലേയ്ക്ക് കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.

തിരശ്ശീല പിടിയ്ക്കുന്നു. ഗായകർ ദണ്ഡകം ബാക്കി ഭാഗം ആലപിയ്ക്കുന്നു.