വൃഷ്ണികുലതിലക ജയ

രാഗം: 

നീലാംബരി

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ധൃതരാഷ്ട്രൻ

വൃഷ്ണികുലതിലക ജയ വിഷ്ണോ ദേവാ

കൃഷ്ണ കൃപചെയ്ക രിപുജിഷ്ണോ സ്വാമിന്‍

ജിഷ്ണുസഖ ജിതദനുജ പദപതിതജിഷ്ണോ

ഭൂഭാരഹതിയതിനു താനെ വന്നു ശോഭയോടുദിച്ചൊരു ഭവാനെ

വാഴ്ത്താൻ കോ ഭവതി ശക്തനിഹ ഭാർഗ്ഗവീജാനേഃ

നല്ലമൊഴി ചൊല്ലി മമ സുതനെ നാഥ

നല്ലവഴി കാട്ടിടേണ-മുടനെ മമ

നീയല്ലാതെയാശ്രയമാരുള്ളു ഭുവനേ

ഉള്ളില്‍ കിടക്കുന്നോരതിയാം നിന്റെ

കള്ളങ്ങളാര്‍ക്കുപരമറിയാം ഏവ-

മുള്ളതു തഥാപി ഞാന്‍ ഉണ്ണിയോടു പറയാം.

അർത്ഥം: 

വൃഷ്ണികുലത്തിനു തിലകമായുള്ളവനേ, ജയിച്ചാലും. വിഷ്ണുദേവാ, കൃഷ്ണാ, ശത്രുക്കളെ ജയിക്കുന്നവനേ, സ്വാമിന്‍, കൃപ ചെയ്താലും. അര്‍ജ്ജുനന്റെ സഖാവേ, രാക്ഷസരെ ജയിച്ചവനേ, ഇന്ദ്രനാലും പാദസേവ ചെയ്യപ്പെടുന്നവനേ, നാഥാ, നല്ലവാക്കു പറഞ്ഞ് ഉടനെ എന്റെ സുതന് നല്ലവഴി കാട്ടിടേണമേ. എനിക്ക് ലോകത്തില്‍ നീയല്ലാതെ ആരാണ് ആശ്രയമായുള്ളത്. നിന്റെ ഉള്ളിലുള്ള അതിയായ കള്ളങ്ങള്‍ മറ്റാര്‍ക്ക് അറിയാം? ഇപ്രകാരമുള്ള കാര്യങ്ങള്‍ ഞാന്‍ ഉണ്ണിയോട് പറയാം.

അരങ്ങുസവിശേഷതകൾ: 

ധൃതരാഷ്ട്രരുടെ വചനങ്ങള്‍ കേട്ട് ശ്രീകൃഷ്ണന്‍ നിഷ്ക്രമിക്കുന്നു. മറ്റു സഭാവാസികളും നിഷ്ക്രമിക്കുന്നു. ദുര്യോധനന്‍ പ്രവേശിച്ച് ധൃതരാഷ്ട്രസമീപം വന്ന് നില്‍ക്കുന്നു. ധൃതരാഷ്ട്രര്‍ ദുര്യോധനനോടായി അടുത്ത പദാഭിനയം തുടരുന്നു.