രാജന്‍ ധര്‍മ്മജ വാക്യം ശൃണു മേ

രാഗം: 

വേകട (ബേകട)

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

രാജന്‍ ധര്‍മ്മജ വാക്യം ശൃണു മേ

രാജിത ശശിവദന‍

കാംക്ഷിതമിതു തവ സാധിതമാവാന്‍

ക്ഷീണത ഹൃദി മമ  തോന്നീടുന്നു

എങ്കിലും ഇന്നിഹ നിന്‍ മതി പോലെ

ശങ്ക വെടിഞ്ഞഹം അങ്ങു ഗമിക്കാം

തല്‍ സഭ തന്നില്‍ ഇരുന്നുരചെയ്യാം

നിന്‍ ഗുണവും രിപുദോഷവും എല്ലാം

അർത്ഥം: 

രാജാവേ, ധര്‍മ്മജാ,ചന്ദ്രനേപ്പോലെ ശോഭിക്കുന്ന വദനത്തോടു കൂടിയവനേ, എന്റെ വാക്കുകള്‍ കേട്ടാലും. നിന്റെ ആഗ്രഹം സാധിതമാവാന്‍ വൈഷമ്യമാണെന്ന് എന്റെ മനസ്സില്‍ തോന്നുന്നു. എങ്കിലും ഇന്ന് ശങ്കവെടിഞ്ഞ് നിന്റെ മനസ്സുപോലെ ഞാന്‍ ഇവിടെ നിന്നും അങ്ങോട്ട് പോകാം. നിന്റെ ഗുണവും ശത്രുക്കളുടെ ദോഷവും എല്ലാം ആ സഭയില്‍ ചെന്നിരുന്ന് പറയാം.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം:-

ധര്‍മ്മപുത്രന്‍:‘എല്ലാം അവിടുത്തെ കൃപ തന്നെ’

ധര്‍മ്മപുത്രന്‍ വീണ്ടും കൃഷ്ണനെ കുമ്പിട്ട് നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രനെ അനുഗ്രഹിച്ച് യാത്രയാക്കിയിട്ട് ശ്രീകൃഷ്ണന്‍ വീണ്ടും പീഠത്തില്‍ ഇരിക്കുന്നു. ഗായകര്‍ ശ്ലോകമാലപിക്കുന്നു.

അനുബന്ധ വിവരം: 

ശ്രീകൃഷ്ണന്റെ ഈ മറുപടി പദം 101 ആട്ടക്കഥകൾ എന്ന പുസ്തകത്തിൽ ഇല്ല. ശ്രീകൃഷ്ണന്റെ ഈ മറുപടി പദം പ്രക്ഷിപ്തമാണ്. ‘ദൂതവാക്യം’ എന്ന ആട്ടകഥയിലേതാണ് ഈ പദം. ആ ആട്ടകഥയുടെ കര്‍ത്താവ് അജ്ഞാതമാണ്.