ജയജയ ജനാര്‍ദ്ദന ജലരുഹവിലോചന

രാഗം: 

മുഖാരി

താളം: 

ചെമ്പ

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

അത്രാന്തരേ സകലലോകഹിതാവതാരം

സാരോക്തിനിര്‍ഗ്ഗമിതസഞ്ജയമഞ്ജസൈതേ

ഭക്താര്‍ത്തിഭഞ്ജനപരം ഭഗവന്തമേവം

ശ്രീവാസുദേവമവദന്നരദേവവീര‍

ജയജയ ജനാര്‍ദ്ദന ജലരുഹവിലോചന

വയമയി വണങ്ങുന്നു വാസുദേവപ്രഭോ

ദൈത്യകുലമഥന പര ദൈന്യഹര ! നിന്നൊടു

കൃത്യമതുമൊന്നഹോ കൃഷ്ണ! പറയുന്നു ഞാന്‍

സത്യം നിനച്ചീടുകില്‍ സര്‍വ്വസമനെങ്കിലും

നിത്യമപി ഭക്തരുടെ ഭൃത്യനല്ലോ ഭവാന്‍‍‍

അത്യന്തഹാസ്യമെന്നാകിലും ഞങ്ങളുടെ

ദൂത്യമതു കൈക്കൊണ്ടു ദുര്യോധനാന്തികേ

പ്രീത്യാ ഗമിച്ചു നീ പാര്‍ത്ഥരുടെ സമയമതു

സത്യം കഴിഞ്ഞെന്നു സത്വരം ചൊല്ലണം‍

അദ്ധാസ്മദീയമാമര്‍ദ്ധരാജ്യം തരാന്‍

അദ്ധാര്‍ത്തരാഷ്ട്രനൊരനുവാദമില്ലെങ്കില്‍

സിദ്ധാന്തമില്ലഞ്ചു ശുദ്ധദേശങ്ങളെ

ശ്രദ്ധയോടു തന്നീടുകില്‍ യുദ്ധേച്ഛയില്ല മേ

ചഞ്ചലമതിന്നവനു നെഞ്ചകത്തെങ്കിലോ

കിഞ്ചാപി ഞങ്ങള്‍ക്കു പഞ്ചാലയം മതി

അഞ്ചുപേര്‍ക്കുംകൂടി അഞ്ചിതമൊരാലയം

അഞ്ചാതെ കിട്ടുമെന്നാകിലും പോരും മേ

അർത്ഥം: 

ശ്ലോകം:- സകലലോകത്തിന്റേയും ഹിതത്തിനായി അവതരിച്ചവനും സാരോക്തികൊണ്ടു പുറപ്പെട്ട സഞ്ജയനോടു കൂടിയവനും ഭക്തരുടെ ദു:ഖത്തെ തീര്‍ക്കുന്നതില്‍ തല്പരനുമായ ശ്രീവാസുദേവ ഭഗവാനോട് വീരരായ പാണ്ഡവര്‍ ആ സമയത്ത് ഇപ്രകാരം പറഞ്ഞു.

പദം:-ജനാര്‍ദ്ദനാ, താമരക്കണ്ണാ, ജയിച്ചാലും, ജയിച്ചാലും. വാസുദേവാ, പ്രഭോ, ആഗ്രഹത്തോടെ ഞാന്‍ വണങ്ങുന്നു. അസുരവംശ നാശനാ, മറ്റുള്ളവരുടെ ദൈന്യത്തെ നശിപ്പിക്കുന്നവനേ, കൃഷ്ണാ, നിന്നോട് ഞാന്‍ ഇപ്പോള്‍ ഒരു കൃത്യം പറയുന്നു. പരമാര്‍ത്ഥം വിചാരിച്ചാല്‍ സര്‍വ്വസമനാണേങ്കിലും ഭവാന്‍ നിത്യവും ഭക്തരുടെ ഭൃത്യനാണല്ലോ. ഏറ്റവും പരിഹാസ്യമാണേങ്കിലും ഞങ്ങളുടെ ദൂത്യം കൈക്കൊണ്ട് നീ പ്രീതിയോടെ പെട്ടന്ന് ദുര്യോധനസമീപം ചെന്ന് പാര്‍ത്ഥരുടെ സത്യസമയം കഴിഞ്ഞുവെന്ന് പറയണം. സത്യപ്രകാരം ഞങ്ങള്‍ക്ക് അവകാശപ്പെട്ടതായ അര്‍ദ്ധരാജ്യം തരുവാന്‍ ആ ധാര്‍ത്തരാഷ്ട്രന് ഒരു സമ്മതവും ഇല്ലെങ്കില്‍ സ്വതന്ത്രമായി അഞ്ചുദേശങ്ങളെ സമ്മതത്തോടെ തന്നീടുകയാണെങ്കില്‍ എനിക്ക് യുദ്ധേച്ഛയില്ല. അവന്റെ മനസ്സില്‍ അതിനും വിഷമമാണേങ്കില്‍ അതുംവേണ്ട, ഞങ്ങള്‍ക്ക് അഞ്ച് ഭവനങ്ങള്‍ ദാനംതന്നാല്‍മതി. അഞ്ചുപേര്‍ക്കും കൂടി മനോഹരമായ ഒരു ഭവനം സ്വന്തമായി കിട്ടുന്നെന്നാലും മതി.

അരങ്ങുസവിശേഷതകൾ: 

ഇടതുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ധര്‍മ്മപുത്രന്‍ വലതുവശത്ത് പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, കുമ്പിടുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുന്നു. തുടര്‍ന്ന് ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.