കിം ഭോ സുയോധന സഖേ

രാഗം: 

സാരംഗം

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ഭീമൻ

ഉക്ത്വൈവമുജ്ജ്വലസഭാന്തരമാവിശന്തം

ദുര്യോധനം സ്ഥലജലഭ്രമതോ ഭ്രമന്തം

ഉദ്വീക്ഷ്യ തത്ര രഭസേന സ ഭീമസേനോ

ഹസ്തേനഹസ്തമഭിഹത്യ ഹസന്‍ ബഭാഷേ

കിം ഭോ സുയോധന സഖേ കുശലമയി

ഗാംഭീര്യവീര്യ ജലധേ!

സംഭ്രമമകന്നുടന്‍ സാമ്പ്രതം വന്നിവിടെ

സംഭാവനം ചെയ്ക സിംഹാസനം ഭവാൻ

വസ്ത്രാന്തമെന്തിനജലേ വഹസി ബത

ഹസ്താഞ്ചലേന വിമലേ

നിസ്തുലതരപ്രഭേ നിബിഡമണികുട്ടിമേ

വിസ്തൃതമതേ സലില വിഭ്രമം വന്നിതോ

ചാടിയോജലത്തിലധുനാ ചാമെന്നു

പേടിയതുവേണ്ട ഹൃദയേ

ആടല്‍‌വെടിഞ്ഞു മമ ഹസ്തമവലംബിക്ക

കേടുകള്‍ വരാതെ കര കേറ്റീടുവനഞ്ജസാ

അർത്ഥം: 

ശ്ലോകം:- ഇപ്രകാരം ഉജ്ജ്വലമായ സഭയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ദുര്യോധനന്‍ സ്ഥലത്തെ ജലമാണെന്നും ജലത്തെ സ്ഥലമാണെന്നും ഭ്രമിക്കുന്നത് കണ്ട് ഭീമസേനന്‍ രസത്തോടെ കൈകൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു.

പദം:-  സഖേ, സുയോധനാ, ഗാംഭീര്യവീര്യ സമുദ്രമേ, എന്തേ സുഖം തന്നെയല്ലെ? സംഭ്രമമകന്ന് ഉടനെ വഴിപോലെ ഇവിടെ വന്ന് സിംഹാസനത്തെ അലങ്കരിച്ചാലും. 
കഷ്ടം! വെള്ളമില്ലാത്തിടത്ത് എന്തിന് കൈകൊണ്ട് വസ്ത്രമുയര്‍ത്തിക്കൊണ്ട് നടക്കുന്നു? സാമ്യമില്ലാത്തതും പരിശുദ്ധമായതും രത്നനിര്‍മ്മിതവുമായ തറ കണ്ട് ജലാശയമാണെന്നു തോന്നിയോ?
ഉടനെ ജലത്തില്‍ ചാടിയോ? ചാകുമെന്ന് ഉള്ളില്‍ പേടിവേണ്ടാ. ഭയംവെടിഞ്ഞ് എന്റെ കയ്യില്‍ പിടിച്ചുകൊള്ളുക. കേടുകള്‍ വരാതെ ഉടനെ കരകേറ്റീടാം.

അരങ്ങുസവിശേഷതകൾ: 

രംഗത്ത്- ധര്‍മ്മപുത്രന്‍(ഇടത്തരം പച്ചവേഷം), പാഞ്ചാലി(ഒന്നാംതരം സ്ത്രീവേഷം), കുട്ടിഭീമന്‍‍(കുട്ടിത്തരം പച്ചവേഷം), അജ്ജുനന്‍‍(കുട്ടിത്തരം പച്ചവേഷം), നകുലന്‍(കുട്ടിത്തരം പച്ചവേഷം), സഹദേവന്‍‍(കുട്ടിത്തരം പച്ചവേഷം), ദുര്യോധനന്‍, ദുശ്ശാസനന്‍

തിരനീക്കുമ്പോള്‍ വലതുവശത്തായി ധര്‍മ്മപുത്രനും പാഞ്ചാലിയും അവര്‍ക്കുപിന്നിലായി അര്‍ജ്ജുനനും നകുലസഹദേവന്മാരും പീഠങ്ങളില്‍ ഇരിക്കുന്നു. ഭീമന്‍ ഇടത്തുഭാഗത്തായി നില്‍ക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു. ഭീമന്‍ ശ്ലോകത്തിന് വട്ടംവെയ്ക്കുന്നു.

ശ്ലോകം ചൊല്ലുന്ന സമയത്ത് ദുര്യോധനനും ദുശ്ശാസനനും സദ്യസ്യര്‍ക്കിടയിലൂടെ രംഗത്തിനുനേരെ എഴുന്നള്ളുന്നു. ഭീമന്‍ പദം ആടുന്നു.

‘സംഭാവനം ചെയ്ക സിംഹാസനം ഭവാൻ‘ എന്ന് പാടുന്ന സമയം, മുന്നോട്ട് വരുന്ന ദുര്യോധനദുശ്ശാസനന്മാര്‍ താഴെ ജലമുണ്ടെന്ന് തെറ്റിധരിച്ച് വസ്ത്രം ഉയര്‍ത്തിക്കൊണ്ട് നടക്കുന്നു. ഭീമന്‍ പദാഭിനയം തുടരുന്നു.
 

‘സലിലവിഭ്രമം വന്നിതോ‘.. വീണ്ടും മുന്നോട്ട് നടക്കവേ ദുര്യോധനദുശ്ശാസനന്മാര്‍ അബദ്ധത്തില്‍ ജലത്തില്‍ പതിക്കുന്നു. ഇതുകണ്ട് പാഞ്ചാലിയും ഭീമനും കൈകൊട്ടി ചിരിക്കുന്നു. ഭീമന്‍ പദാഭിനയം തുടരുന്നു.

“ചാടിയോജലത്തിലധുനാ“ദുര്യോധനദുശ്ശാസനന്മാര്‍ ജലത്തില്‍ പതിക്കുന്നതുകണ്ട് പാഞ്ചാലിയും ഭീമനും കൈകൊട്ടി ചിരിക്കുന്നു.

പദാഭിനയം കഴിഞ്ഞ് ഭീമന്‍ ഇടതുവശത്ത് നില്‍ക്കുന്നു. ദുര്യോധനനും ദുശ്ശാസനനും രംഗത്തേയ്ക്ക് പ്രവേശിച്ച് പാണ്ഡവരെ പുച്ഛിച്ചിട്ട് നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ ഇരുന്നുകൊണ്ടുതന്നെ പദം ആടുന്നു.