ഉചിതമഹോ മമ രുചിതം നിങ്ങടെ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ഉചിതമഹോ മമ രുചിതം നിങ്ങടെ

വചനം സോദരരേ

സചിവന്മാരൊടു നാമിഹ സര്‍വ്വരു-

മചിരാദത്രഗമിച്ചീടേണം

ശില്പിമയാസുര കല്പിതമത്ഭുത-

ശില്പവിശേഷമനല്പമതില്പരം

കൌതുകമഖിലം കണ്ടു ഗമിച്ചഥ

മാതുലനോടിദമാലോചിക്കാം

(കാലം തള്ളി)

ആസ്ഥയൊടന്തകപുത്രനിരിക്കുമൊ-

രാസ്ഥാനത്തിലിരിക്കണമിനിമേല്‍

അർത്ഥം: 

ഹോ! സോദരരേ, ഉചിതമായ നിങ്ങളുടെ വചനം എനിക്കിഷ്ടമായി. നമ്മളെല്ലാവരും മന്ത്രിമാരോടുംകൂടി വേഗത്തില്‍ അങ്ങോട്ട് പോകണം. ശില്പി മയാസുരനാല്‍ നിര്‍മ്മിക്കപ്പെട്ട അത്ഭുതകരമായ ശില്പവിശേഷങ്ങള്‍ അതില്‍ ധരാളമുണ്ട്. കൌതുകകരമായ അവയെല്ലാം കണ്ടുപോയിട്ട് പിന്നീട് ആദ്യമായി അമ്മാവനോട് ആലോചിക്കാം. ആദരവോടെ ധര്‍മ്മപുത്രന്‍ ഇരിക്കുന്ന ആസ്ഥാനത്തില്‍ ഇരിക്കണം ഇനി മേലില്‍.

അരങ്ങുസവിശേഷതകൾ: 

പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ദുര്യോധനനെ ദുശ്ശാസനന്‍ കുമ്പിടുന്നു. ദുര്യോധനന്‍ അനുഗ്രഹിക്കുന്നു.

ദുശ്ശാസനന്‍:‘പാണ്ഡവസഭയിലേയ്ക്കുള്ള അങ്ങയുടെ എഴുന്നള്ളത്ത് വെറും നിസ്സാരമായ രീതിയില്‍ ആകരുത്. നമ്മളുടെ യോഗ്യതകള്‍ വെളിവാക്കുന്ന തരത്തില്‍ തന്നെ വേണം’

ദുര്യോധനന്‍:‘അതെങ്ങിനെ?’

തുടര്‍ന്ന് എഴുന്നള്ളത്തിന്റെ ഗാംഭീര്യത്തിനായി ആന,തേര്‍,കുതിര,കാലാള്‍ എന്നിങ്ങിനെയുള്ള ചതുരംഗസേനയുടേയും നനാതരം വദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടി വേണമെന്ന് ദുശ്ശാസനന്‍ അഭിപ്രായപ്പെടുന്നു. ഇത് ദുര്യോധനന്‍ അംഗീകരിക്കുന്നതോടെ ദുശ്ശാസനന്‍ എഴുന്നള്ളത്തിനുവേണ്ടതായ ഏര്‍പ്പാടുകള്‍ ചെയ്യുന്നു. അനന്തരം ദുര്യോധനാദികള്‍ മോടിയുള്ള വസ്ത്രങ്ങളും മറ്റും ധരിച്ച് തയ്യാറായി പാണ്ഡവസഭയിലേയ്ക്ക് പുറപ്പെടുന്നു. ഇന്ദ്രപ്രസ്ഥത്തിലെ പല കാഴ്ച്ചകളും കണ്ടുഗമിക്കുന്നതായി നടിച്ചുകൊണ്ട് ദുര്യോധനനും ദുശ്ശാസനനും നിഷ്ക്രമിക്കുന്നു.