സാരസാക്ഷിമാരേ കേൾപ്പിൻ

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

വികസ്വരപികസ്വരേ വികചമാലതിഭാസ്വരേ
മദാന്ധകുസുമന്ധയേ മധുദിനേ പ്രവൃദ്ധോദയേ
വിഹാരവിപിനാന്തരേ ബകുളമഞ്ജരീദന്തുരേ
ജഗാദ രതിലാലസഃ പ്രണയിനീർമ്മുകുന്ദോ മുദാ

സാരസാക്ഷിമാരേ കേൾപ്പിൻ
സാദരം മേ വചനം
മാരതാപം വളരുന്നു പാരം മേനി തളരുന്നു

സുദ്നരിമാരേ കോകിലവൃന്ദമിതാ കൂകീടുന്നു
കുന്ദസായകൻ തന്നുടെ വന്ദികളെന്നു തോന്നുന്നു

മത്തകാശിനിമാർകളിൽ ഉത്തമമാരേ കണ്ടിതോ?
മത്തകളഹംസകുലം ചിത്തജകേളി ചെയ്യുന്നു

മങ്കമാരേ നിങ്ങളുടെ കൊങ്ക കൈവല്യം വരുവാൻ
പങ്കജകോരകം ജലേ ശങ്കേ തപം ചെയ്യുന്നു

ലോലലോലംബങ്ങളുടെ ജാലങ്ങളിതാ പാടുന്നു
മാലതീനടികളിഹ ചാലവേ കളിച്ചീടുന്നു

പങ്കജസായകലീല ശങ്കയെന്നിയേ ചെയ്‌വാനായി
കങ്കേളി നികുഞ്ജമതിൽ പങ്കജാക്ഷിമാരേ പോകാം