രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്ലോകം
വീരസ്തദാനിം രജനീചരേന്ദ്രന്‍
ശ്രീരാമദാരാഹരണം വിധാതും
മാരീചഗേഹേ സമവാപ്യവേഗാല്‍
മാരീചമൂചേ യമചോദിതോസൌ
പല്ലവി
മാരീച നിശാചരപുംഗവ മാതുല മമ മാനസതാരില്‍
പാരം വളരുന്നൊരുഖേദം അധുനാ നീയിതുകേള്‍ക്കണം
ചരണം 1
ദശരഥസുതനാകിയ രാമന്‍
അനിജനുമായ്‌വിപിനേവന്നു.
ആശരവര മത്സോദരിയാം
ശൂര്‍പ്പണഖയെ ലക്ഷ്മണനെന്നവന്‍
ചരണം 2
ക്യത്തശ്രുതി നാസികയാക്കി
ഖരദൂഷണരെ ബത രാമന്‍
യുദ്ധാങ്കണമതില്‍ ഹതരാക്കി
സ്വൈരം വാഴുന്നവരവിടിടെ
ചരണം 3
തത്ഭാര്യയെ കൊണ്ടിഹവരുവാ-
നിപ്പോള്‍ ഞാനിഹ പോകുന്നു
അല്പേതരവിക്രമനാം നീ
പോരണമെന്നോടിതിനായ്
അർത്ഥം:
വീരസ്തദാനിം രജനീചരേന്ദ്രന്‍:- അപ്പോള്‍ വീരനായ രാക്ഷസേന്ദ്രന്‍ അന്തകന്റെ പ്രേരണയാല്‍ ശ്രീരാമപത്നിയെ അപഹരിക്കുവാനായി വേഗത്തില്‍ മാരീചസമീപം ചെന്ന് പറഞ്ഞു.
മാരീച നിശാചരപുംഗവ:- രാക്ഷസശ്രേഷ്ടനായ മാരീചാ,മാതുല, എന്റെ മനസ്സില്‍ ഒരു ദു:ഖം വല്ലാതെ വര്‍ദ്ധിക്കുന്നു. അതുകേട്ടാലും. ദശരഥസുതനായ രാമന്‍ അനുജനുമായ് കാട്ടില്‍ വന്നു. ലക്ഷ്മണനെന്നവന്‍ എന്റെ സോദരിയായ ശൂര്‍പ്പണഖയുടെ കാതും മൂക്കും മുറിച്ചു. കഷ്ടം! രാമന്‍ ഖരദൂഷണാദികളെ യുദ്ധത്തില്‍ കൊന്നു. അവര്‍ സസുഖം ഇവിടെ വാഴുന്നു. അവന്റെ ഭാര്യയെ കൊണ്ടുപോരുവാന്‍ ഞാനിപ്പോള്‍ത്തന്നെ പോകുന്നു. അതിപരാക്രമിയായ അങ്ങ് ഇതിന് എന്റെകൂടെ വരണം.
അരങ്ങുസവിശേഷതകൾ:
ഇടതുഭാഗത്തുകൂടി രാവണന്‍ ‘കിടതകധിം,താ’ചവുട്ടി പ്രവേശിച്ച് വലതുവശത്തിരിക്കുന്ന മാരീചനെ കണ്ട്, വന്ദിക്കുന്നു. മാരീചന്‍ രാക്ഷസരാജനെ കണ്ട്, എഴുന്നേറ്റ് രാവണനോട് ആസനസ്ഥനാവാന്‍ പറയുന്നു. രാവണന്‍ ആദരവോടെ പദം അഭിനയിക്കുന്നു.