ജ്യാഘാതചിഹ്നകരൗ സുകുമാരൗ

രാഗം: 

പുന്നഗവരാളി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

സുഗ്രീവനേവമുരചെയ്തതു കേട്ടു വീരൻ

സന്തോഷമോടു ഹനുമാനൊരു ഭിക്ഷുവായി

അഗ്രേസരം ക്ഷിതിഭുജാൻ സമുപേത്യ നത്വാ

ശക്രോപമം രഘുവരം ജഗദേ ഹനൂമാൻ

ജ്യാഘാതചിഹ്നകരൗ സുകുമാരൗ

ജ്യാവരതനയൗ നമാമി യുവാം

വില്ലാളിവീരരായുള്ളോർകളേ നിങ്ങൾ

നല്ലോർകളേ കോടീരത്തെ ധരിച്ചു

മണ്ഡനാർഹങ്ങളല്ലോ യുവദേഹങ്ങൾ

മണ്ഡനം കൂടാതാവാനെന്തുമൂലം?

രൂപശാലികളായുള്ളോർ നിങ്ങൾ വനേ

താപസവേഷത്തെ പൂണ്ടിട്ടുതന്നെ

ചാപപാണികളായി നടപ്പാനെന്തു

ഭൂപതനയരെ കാരണം ചൊ‌ൽവിൻ

സുഗ്രീവനെന്നൊരു മഹാത്മാവായിട്ടൊരു

വിക്രമിയാകിയ വാനരരാജൻ

ഋശ്യമൂകത്തിൽ വസിക്കുന്നു നിങ്ങടെ

സഖ്യത്തെ വാഞ്ഛിച്ചീടുന്നനുവേലം

തത്സചിവനെന്നറിഞ്ഞീടണമെന്നെ

വായുതനയൻ ഹനൂമാനെന്നു പേർ

അർത്ഥം: 

ശ്ലോകം:- സുഗ്രീവൻ ഇങ്ങനെ പറയുന്നത് കേട്ട് വീരനായ ഹനൂമാൻ സന്തോഷത്തോടുകൂടി ഭിക്ഷുരൂപം കൈക്കൊണ്ട് ദേവേന്ദ്രസമനും രാജാക്കന്മാരിൽ മുമ്പനുമായ ശ്രീരാമനെ ചെന്നുകണ്ട് നമസ്കരിച്ച് ഇങ്ങനെ പറഞ്ഞു.

പദം:- ഭംഗിയുള്ള നിങ്ങൾ മുനിവേഷം ധരിച്ച് അമ്പും വില്ലുമായി നടക്കുന്നതെന്താണ്? കാരണം എന്ത്? സുഗ്രീവൻ എന്ന ഒരു വാനരരാജാവ് ഈ ഋശ്യമൂകാചലത്തിൽ താമസിക്കുന്നുണ്ട്. അദ്ദേഹം നിങ്ങളുടെ സഖ്യം ഇഷ്ടപ്പെടുന്നു. സുഗ്രീവന്റെ മന്ത്രിയും വായുപുത്രനുമായ എന്റെ പേർ ഹനൂമാൻ എന്ന് ആണ്.