രാവണ നീ എന്നുടെ

രാഗം: 

പാടി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

മാരീചൻ

പല്ലവി
രാവണ നീ എന്നുടെ വാക്കുകള്‍ കേട്ടീടുക
ഘനബലരിപുകുലരാവണാ

അനുപല്ലവി
രഘുവീരനോടൊന്നിനും പോകരു-
തെന്നിഹ കരുതുന്നേന്‍

ചരണം 1
മുന്നമഹോ കൌശികയാഗം
നന്നായി മുടക്കുവതിനായി
ചെന്നൊരുന്നാള്‍ മന്നവവീരന്‍
പാവനമാമസ്ത്രമയച്ചു

ചരണം 2
മാമപിസാഗരമതിലാക്കി
ബഹുകാലം വാണവിടെ ഞാന്‍
രാമനുടന്‍ കൊന്നു സുബാഹുവെ
അളവില്ലാത്താശരരേയും

ചരണം 3
രാമനഹോ മാനുഷനല്ല
നാരായണനായതു നൂനം
രാമനോടു വിരോധം ചെയ്‌വതു
നേരല്ല നിനക്കിതു നിയതം

അർത്ഥം: 

രാവണ നീ എന്നുടെ:- കരുത്തേറിയ ശത്രുസമൂഹത്തെ ശബ്ദംകൊണ്ട് വിറപ്പിക്കുന്ന രാവണാ, രാമനെതിരായി ഒന്നും ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം.
അമ്പോ! മുന്‍പ് വിശ്വാമിത്രയാഗം മുടക്കുവാനായി ചെന്ന ഒരു ദിവസം ആ രാജവീരന്‍ വയവ്യാസ്ത്രമെയ്ത് എന്നെ സമുദ്രത്തില്‍ വീഴ്ത്തി. വളരെ കാലം ഞാനവിടെ കഴിഞ്ഞുകുടി. സുബാഹുവിനേയും എണ്ണമറ്റ രാക്ഷസരേയും രാമന്‍ വേഗത്തില്‍ കൊന്നൊടുക്കി.
അഹോ! രാമന്‍ മാനുഷനല്ല, മഹാവിഷ്ണു തന്നെയാണ്. രാമനോട് എതിരിടുന്നത് നിനക്ക് നല്തതല്ല.

അരങ്ങുസവിശേഷതകൾ: 

മാരീചന്‍ ‘നാരായണനായതു നൂനം’ എന്നുപറയുന്നതുകേട്ട് രാവണന്‍ കോപിച്ച്, മാരീചനെ പിടലിക്കുപിടിച്ച് ഇടത്തേക്ക് മാറ്റിയിട്ട് ‘ഏവം നിയെന്നോടോരോ’ എന്ന ചരണമാടുകയും, പിന്നെ മാരീചന്‍ ‘പോരുന്നേന്‍ ഞാന്‍’ എന്നു പറയുന്നതുകേള്‍ക്കുമ്പോള്‍ രാവണന്‍ മാരീചനെ മുന്നേപ്പോലെ വലതുവശത്തേക്ക് ഇരുത്തുന്നതുമായ ഒരു സമ്പൃദായം പണ്ട് ഉണ്ടായിരുന്നു. ഇന്ന് അത് കാണുന്നില്ല. എന്നാല്‍ തെക്കന്‍ ചിട്ടയില്‍ ഇത് ഇന്നും നടപ്പിലുണ്ട്