ബാധിതസ്യസായകേന ശ്രീരാമചന്ദ്ര

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ബാലി

താരയാം വാനരസ്ത്രീ ഏവമങ്ങേകുമപ്പോൾ
ഘോരമാം സായകത്താൽ ദീനനായ് ബാലിതാനും
ചാരുവാം വില്ലുമായിമുന്നിൽ നിൽക്കുന്ന രാമം
വീരനാമിന്ദ്രസൂനു ചൊല്ലിനാന്മോദമോടെ

(രാമനോട്)
ബാധിതസ്യസായകേന ശ്രീരാമചന്ദ്ര
അയി മമ മൊഴി കേള്‍ക്ക

കൊല്ലുവതിനര്‍ഹനായോരെന്നെയിവിടെ
കല്യ നീ കൊന്നതുചിതം ശ്രീരാമചന്ദ്രാ

അംഗദനും താരതാനും നിരാരാധരരായി
നിന്‍ കരുണതന്നെ വേണം ശ്രീരാമചന്ദ്ര

ഭരതലക്ഷ്മണരെപ്പോലെ കണ്ടുകൊള്ളണം
സുഗ്രീവമംഗദം കപിം

(സുഗ്രീവനോട് )
രവിസുത മൽസഹജ താരയെ ഏതും
അപമാനം ചെയ്തീടരുതേ

കാഞ്ചനമാലയെ ധരിക്ക വീരാ സുഗ്രീവാ
കിഞ്ചന ചിരം ജീവ

സുഗ്രീവ കിഷ്കന്ധയെ നീ എന്നനന്തരം
വീര പാലിച്ചുകൊൾക

(രാമനോട്)
രാമ ഞാൻ ചെയ്ത പിഴകൾ പൊറുത്തെങ്കൽ
നീ മോദത്തെ നൽകീടേണം

ഒരുമൊഴി പറവാനും പണിയായി മേ
കരുണാവാരിധേ രാമാ രാമാ

അർത്ഥം: 

ശ്ലോകം:- ഇങ്ങനെ വാനരസ്ത്രീയായ താര പറയുമ്പോൾ കടുത്ത ബാണമേറ്റ് അവശനായ ബാലി മുന്നിൽ വില്ലുധരിച്ചു നിൽക്കുന്ന ശ്രീരാമനെ കണ്ട് സന്തുഷ്ടനായി പറഞ്ഞു.

പദം:-അമ്പ് കൊണ്ട് വയാതെ ആയ എന്റെ വാക്ക് കേൾക്കൂ ശ്രീരാമചന്ദ്ര. ഞാൻ കൊല്ലുവാൻ അർഹനാണ് അതിനാൽ എന്നെ കൊന്നത് ഉചിതം തന്നെ. അംഗദനും താരയും നിരാധാരരായി. അവർക്ക് നിന്റെ കരുണ തന്നെ വേണം. സുഗ്രീഎവനേയും അംഗദനേയും ഭരതലക്ഷ്മണന്മാരെ പോലെ കാണണം. എന്റെ ഭാ‍ാര്യയായ താരയെ ഒരിക്കലും അപമാനിയ്ക്കരുത്. (സുഗ്രീവനോടായി) അല്ലയോ സുഗ്രീവാ കാഞ്ചനമാലയെ ഇനിമുതൽ നീ ധരിക്കുക. ചിരംജീവിയായി വാഴുക. ഞാൻ മരിച്ചതിനു ശേഷം കിഷ്കിന്ധയെ നീ പാലിച്ചുകൊള്ളുക. (ശ്രീരാമനോടായി) ശ്രീരാമ എന്റെ തെറ്റുകൾ നീ പൊറുത്തുവെങ്കിൽ എനിക്ക് സന്തോഷത്തെ തരണം. ഒരു വാക്കു കൂടെ എനിക്ക് പറയാൻ പറ്റാതെ ആയി.