പ്രേയസി മമ ജാനകിസീതേ

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഇത്ഥം പറഞ്ഞു രഘുവീരകരേ ഹരീന്ദ്രൻ

ചിത്രാണി ഭൂഷണകുലാനി കൊടുത്തശേഷം

അത്തൽ മുഴുത്തു വിലലാപ നരേന്ദ്രനപ്പോൾ

ഹസ്തീന്ദ്രമത്തഗമന വീരഹാർത്തിയാലേ

പ്രേയസി മമ ജാനകിസീതേ മായാവികളാം നിശാചരരാൽ

ജായേ ബത പീഡിതയായി മേവുകയോ ബാലേ

ഉള്ളിൽമുദാ നിന്നുടെ വചസാ കള്ളമൃഗത്തിൻ പിറകേ നട-

കൊള്ളുമുടൻ നിശിചരനെന്നുടെയുള്ളിലഴൽ ചേർത്തു

അർത്ഥം: 

ശ്ലോകം:- ഇങ്ങനെ പറഞ്ഞു വാനരരാജാവ് സുഗ്രീവൻ വിചിത്രങ്ങളായ കുറെ ആഭരണങ്ങൾ ശ്രീരാമന്റെ കയ്യിൽ കൊടുത്തു. അപ്പോൾ ശ്രീരാമൻ വിരഹതാപത്താൽ കരഞ്ഞു.

പദം:-അല്ലയോ പ്രേയസീ സീതേ നീ രാക്ഷസരാൽ പീഡിക്കപ്പെട്ട് വലയുകയാണോ? നിന്റെ വാക്കുകൾ കേട്ട് കള്ളമാനിനെ പിടിയ്ക്കാൻ പോയപ്പോൾ രാക്ഷസർ എന്റെ മനസ്സിൽ ദുഃഖം ചേർത്തു.

അനുബന്ധ വിവരം: 

വാൽമീകി രാമായണത്തിൽ ഇവ ആരുടെ ആഭരണം എന്ന് പരിശോധിക്കാൻ ലക്ഷ്മണനെ ഏല്പിക്കുന്നു, രാമൻ. ലക്ഷ്മണൻ തോൾ വള നോക്കി എനിക്ക് ഇതാരുടെ എന്നറിയില്ല, കൈവളകൾ നോക്കി എനിക്ക് ഇതും ആരുടെ എന്നറിയില്ല. പാദസരം കണ്ട്, ഇത് ഞാൻ നിത്യവും വന്ദിച്ചിരുന്ന കാലുകളിൽ അണിഞ്ഞ് കണ്ടിട്ടുണ്ട് എന്ന് മറുപടി പറയുന്നു. 
ലക്ഷ്മണൻ സീതയുടെ-ജ്യേഷ്ഠഭാര്യയുടെ- മുഖവും ദേഹവും ഒന്നും കണ്ടിട്ടില്ല ഭക്തികൊണ്ട് എന്ന് വ്യഗ്യം. ഇങ്ങനെ ഉള്ള ലക്ഷ്മണനോട് രംഗം അഞ്ചിൽ,
 

കാന്തനെ അവര്‍ കൊലചെയ്താലോ പിന്നെ
സന്തതം എന്നോടു മരുവീടാമെന്നു
ചിന്തയിലെന്തിനു കരുതീടുന്നു നീ
ഹന്ത മരിച്ചീടുകയേയുള്ളു ഞാൻ

ഇങ്ങനെ കഠിനവാക്കുകൾ സീത പറയുന്നത്. ലക്ഷ്മണനോട് ഇത്തരം കഠിനവാക്കുകൾ പറഞ്ഞതുകൊണ്ടാണ് സീതയ്ക്ക് ദുര്യോഗം ഉണ്ടായത് എന്ന് കുട്ടികൃഷ്ണമാരാർ.