പോരുന്നെന്‍ ഞാന്‍ നിന്നോടു

രാഗം: 

പാടി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

മാരീചൻ

ചരണം 4
പോരുന്നെന്‍ ഞാന്‍ നിന്നോടു കൂടവേ
അതിനാല്‍ നിശിചരരുടെ വംശം
വേരോടേ നശിച്ചീടുമല്ലോ
നിശിചരവര നൂനമിദാനിം

അർത്ഥം: 

പോരുന്നെന്‍ ഞാന്‍ നിന്നോടു:- ഞാന്‍ നിന്നോടുകൂടെ പോരുന്നു. രാക്ഷസവര, നിന്റെ ഈ പ്രവ്യത്തിയാല്‍ നമ്മുടെ വംശം വേരോടേ നശിക്കുമെന്നുറപ്പാണ്.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

രാവണൻ‍:(ഇരിക്കുന്ന മാരീചനെ തൊഴുതിട്ട്) ‘അല്ലയൊ മാതുലാ,അങ്ങ് ഉടനെ മായയാല്‍ അതിമനോഹരമായ ഒരു പൊന്‍‌മാനിന്റെ രൂപംധരിച്ച് ചെന്ന്, തുള്ളിക്കളിച്ച് സീതയുടെ മനസ്സില്‍ ആഗ്രഹം ജനിപ്പിച്ചാലും. അപ്പോള്‍ രാമലക്ഷ്മണന്മാര്‍ മാനിനെ പിടിക്കാനയിവരും. അങ്ങ് സൂത്രത്തില്‍ അവരെ ദൂരേക്ക് അകറ്റികൊണ്ടുപോകണം.ആ സമയത്ത് ഞാന്‍ ഒരു സന്ന്യാസിവേഷത്തില്‍ ചെന്ന് നല്ലവാക്കുകള്‍ പറഞ്ഞ് സീതയെ കൊണ്ടുപോന്നുകൊളളാം. അങ്ങിനെ ചെയ്യുകയല്ലെ?’

മാരീചന്‍:‘അതെ, അങ്ങു പറഞ്ഞതുപോലെ എല്ലാം ഞാന്‍ ചെയ്തുകൊള്ളാം’

രാവണന്‍ വീണ്ടും വന്ദിച്ച് മാരീചനെ യാത്രയാക്കുന്നു. ഇതോടെ മാരീചന്‍ നിഷ്ക്രമിക്കുന്നു. രാവണന്‍ തിരിഞ്ഞ് രംഗത്തേക്ക് വരുന്നു.

രാവണന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി) ‘ഇനി വേഗം പഞ്ചവടിയിലേക്ക് പുറപ്പെടുക തന്നെ‘ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി സൂതനോട്) ‘എടോ സൂതാ, വേഗം രഥം കൂട്ടിക്കൊണ്ടുവന്നാലും‘ (സൂതനെ അയച്ച് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘കൊണ്ടുവന്നുവൊ?’ (രഥം നോക്കികണ്ട് തൃപ്തിപ്പെട്ട്) ‘ഇനി രഥം പഞ്ചവടിയിലേക്ക് വഴിപോലെ തെളിച്ചാലും’.
നാലാമിരട്ടിയെടുത്ത് രാവണന്‍ തേരില്‍ചാടിക്കയറി പിന്നിലേക്ക് തിരിയുന്നു. വിണ്ടും ഓടിക്കൊണ്ട് പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടുന്നു. ഇടത്തുചവുട്ടി വലത്തോട്ട് നോക്കി, സൂതനെന്ന നിലയില്‍ വന്ദിച്ചിട്ട് ‘അല്ലയൊ സ്വാമിന്‍ രഥം പഞ്ചവടിയിലെത്തിയിരിക്കുന്നു’. വലതുമാറി രാവണനായി കേട്ടിട്ട് ‘ഉവ്വോ? എന്നാലിനി സീതയുടെ വാസസ്ഥലം തിരഞ്ഞുകണ്ടാലും’. ഇടതുമാറി സൂതനായി കേട്ട്, വണങ്ങി, തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി സീതയെ കണ്ട്, വലത്തേക്ക്നോക്കി വന്ദിച്ച് ‘അല്ലയൊ രാക്ഷസരാജ, സീത ഇതാ ഇരിക്കുന്നു. വഴിപോലെ കണ്ടാലും‘. ഇടതുമാറി രാവണനായി കേട്ടിട്ട് ‘ഉവ്വോ?’. രാവണന്‍ ഉത്തരീയത്തോടേ കൈകള്‍ കെട്ടിനിന്ന് സീതയെ കാണുന്നു. കാണുമ്പോള്‍ ഹര്‍ഷം,അത്ഭുതം,കാമപീഡയാലുള്ള വിഷാദം, സുഖം ഇങ്ങിനെ വിവിധഭാവങ്ങള്‍ രാവണനിലുണ്ടാകുന്നു.

രാവണൻ‍:‘ഞാന്‍ ഇന്ദ്രാണിയേയും മറ്റുള്ള അപ്സരസ്ത്രീകളേയും ഓരോന്നായി കണക്കാക്കി കാരാഗ്രഹത്തിലടച്ചു. പിന്നെ പത്തുദിക്കുകളും ജയിച്ച് അവിടെയുള്ള സുന്ദരിമാരെ മുഴുവന്‍ പുഷ്പകവിമാനത്തില്‍ കയറ്റി കൊണ്ടുവന്നു. കൈലാസോദ്ധാരണസമയത്ത് പാര്‍വ്വതിയേയും കണ്ടു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഇവളെപ്പോലെ സൌന്ദര്യം കണ്ടില്ല. അഹോ! വളരെകാലമായിട്ട് ഇന്ന് എന്റെ കണ്ണുകള്‍ക്ക് സാഫല്യം കൈവന്നു.‘[ 1 ]

രാവണൻ‍:(ആലോചിച്ച്‌) ‘ആകട്ടെ,ഇനി വേഗത്തില്‍ ഒരു സന്ന്യാസിവേഷം ധരിച്ച് അവളുടെ അടുത്തുചെന്ന് നല്ലവാക്കുകളും എന്റെ വൈഭവവും പറഞ്ഞ്,ഇവളെ സ്വാധീനമാക്കി കൊണ്ടുപോരികതന്നെ’.
രാവണന്‍ നാലാമിരട്ടിയെടുത്ത് സന്ന്യാസിവേഷംധരിച്ചതായി നടിച്ച്, കപടഭക്തിയില്‍ നാമംജപിച്ച് സാവധാനത്തില്‍ നിഷ്ക്രമിക്കുന്നു.

[ 1 ] – ഈ ആട്ടം ‘ആശ്ചര്യചൂടാമണി’യിലെ ‘ഇന്ദ്രാണീമഹം’ എന്നാരംഭിക്കുന്ന ശ്ലോകത്തെ അടിസ്താനമാക്കിയാണ് ചിട്ടപ്പെടുത്തിയിക്കുന്നത്.
മാരീചനോടുകൂടിതന്നെ രാവണന്‍ പഞ്ചവടിക്ക് പുറപ്പെടുകയും, ആശ്രമപരിസരത്തെത്തി സീതയെ കണുമ്പോള്‍ ‘ഇന്ദ്രാണീമഹം’ എന്ന ശ്ലോകം മാരീചനോടായി ആടുന്ന രീതിയും പണ്ടുണ്ടായിരുന്നു.