ചിത്രതരാകാരേ താരേ

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ബാലി

ചിത്രതരാകാരേ താരേ ദുഗ്ദ്ധസാഗരമഥനേ

തത്ര ദേവാസുരരെല്ലാം ശക്തരല്ലാതായശേഷം

വാസുകിതൻ ബാലധിയും ഭാസുരമാം ശീർഷാളിയും

ആശുമെല്ലെപ്പിടിച്ചു മഥനം ചെയ്തഹന്തയോടും

നാരായണനേയുമയേ പാരം തോഷിപ്പിച്ചു നന്നായ്

താരേ നിന്നെക്കൊണ്ടുപോന്ന വീരനല്ലോ ഞാനാകുന്നു

രാമനെശ്ശങ്കിക്കവേണ്ട ഭീമനൃപഗുണാകാരൻ

കോമളാകാരൻ പാപത്തെ കിമപി ചെയ്കയില്ലേതും

സുഗ്രീവൻ വിളിക്കുന്നവൻ വിഗ്രീവനവനാം തന്നെ

വ്യഗ്രനായോടുമല്ലായ്കിൽ അഗ്രേ എന്നെ കാണുന്നേരം

പിന്നെയുമെൻ പിമ്പേവന്നു നിന്നോരോന്നുരചെയ്യാതെ

ധന്യശീലേ നിശാന്തത്തിൽ എന്നാണെ പോകവൈകാതെ

തിരശ്ശീല

അർത്ഥം: 

സുന്ദരീ താരേ, പണ്ട് ദേവാസുരരെല്ലാം ക്ഷീണിച്ച് അവശരായപ്പോൾ വാസുകിയുടെ തലയും വാലും പിടിച്ച് ഞാൻ ഒറ്റയ്ക്ക് പാലാഴിമഥനം ചെയ്തു നാരായണനെ കൂടെ സന്തോഷിപ്പിച്ചു ഞാൻ. എന്നിട്ട് നിന്നേയും കൊണ്ട് ഞാൻ പോന്നു. രാമനെ നിനക്ക് ശങ്കിയ്ക്കേണ്ട ആവശ്യമില്ല, കാരണം ശ്രീരാമൻ പാപം ചെയ്യില്ല. മുന്നിൽ എന്നെ കണ്ടാൽ സുഗ്രീവൻ പേടിച്ച് ഓടും. വീണ്ടും വീണ്ടും എന്റെ പിന്നാലെ വന്ന് ഓരോരോ തടസ്സങ്ങൾ പറയാതെ താരേ, എനിക്ക് യുദ്ധത്തിനു പെട്ടെന്ന് തന്നെ പോകണം.