ആട്ടക്കഥാകാരൻ

കൊട്ടാരക്കരത്തമ്പുരാൻ

ആട്ടകഥപ്രസ്ഥാനത്തിന്റേതന്നെ ഉപജ്ഞാതാവായ ഇദ്ദേഹത്തിന്റെ പേരും ജീവിത കാലഘട്ടവും ഇന്നും വിവാദ വിഷയങ്ങളാണ്. പേര് വീരകേരളവര്‍മ്മയെന്നാണെന്നും ജീവിതകാലം പതിനേഴാം ശതകത്തിന്റെ മദ്ധ്യത്തിലോ അതിനുശേഷമോ ആണെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഒരു ശങ്കരകവിയുടെ ശിഷ്യനായ ഇദ്ദേഹം അഷ്ടപദിയെ മാതൃകയാക്കിക്കൊണ്ട് (എന്നാല്‍ സംസ്കൃതത്തിലല്ല, ഇതിലെ ശ്ലോകങ്ങള്‍ മണിപ്രവാളത്തിലും പദങ്ങള്‍ ഭാഷയിലുമാണ് എഴുതിയിട്ടുള്ളത്.) രാമയണകഥ സമ്പൂര്‍ണ്ണമായി രംഗത്ത് അവതരിപ്പിക്കുവാന്‍ പാകത്തിന് എട്ട് ആട്ടക്കഥകളായി എഴുതി.പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിവയാണ് ആ എട്ടുകഥകള്‍. ‘രാമനാട്ടം’എന്നപേരിലാണ് തമ്പുരാന്റെ കാലത്തും പിന്നീട് വളരെ കാലത്തേക്കും ഈരംഗകല അറിയപ്പെട്ടിരുന്നത്. ‘കഥകളി’ എന്ന പേര് പിന്നീടാണ് ഉണ്ടായത്. ആദിമകാലത്ത് തമ്പുരാന്റെ എട്ടുകഥകള്‍ക്കും പ്രചാരമുണ്ടായിരുന്നു. എന്നാല്‍ പില്‍കാലത്ത് സീതാസ്വയംവരം,ബാലിവധം,തോരണയുദ്ധം എന്നീ മൂന്നുകഥകള്‍ക്ക് മാത്രമായി പ്രചാരം.ഇതില്‍ തന്നെ ബാലിവധവും തോരണയുദ്ധവും കളരിയില്‍ ചൊല്ലിയാടിക്കുന്ന ചിട്ടപ്രധാനമായ കഥകളാണ്.

കഥാസംഗ്രഹം

കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ശ്രീമാന്‍ കൊട്ടാരക്കര തമ്പുരാന്‍ രാമായണം കഥ എട്ട് ആട്ടക്കഥകളായി രചിച്ചതില്‍ അഞ്ചാമത്തെതായിട്ടുള്ള ആട്ടകഥയാണ് ബാലിവധം. രാമായണത്തിലെ ഖരവധാനന്തരമുള്ള ആരണ്യകാണ്ഡകഥയും ബാലിവധം വരെയുള്ള കിഷ്കിന്ധാകാണ്ഡകഥയുമാണ് ഇതിന്റെ ഇതിവൃത്തം.

ഒന്നാം രംഗത്തിൽ സോദരിയായ ശൂര്‍പ്പണഖയെ ലക്ഷ്മണന്‍ വിരൂപയാക്കിയ വിവരം അകമ്പനന്‍ എന്ന രാക്ഷസന്‍ വന്ന് രാവണനെ അറിയിക്കുന്നതോടെ കഥ ആരംഭിക്കുന്നു. ഖരദൂഷണത്രിശിരാക്കളേയും സൈന്യത്തേയും രാമന്‍ വധിച്ച വാര്‍ത്തയും, രാമന്റേയും സുന്ദരീമണിയായ സീതയുടേയും വൃത്താന്തങ്ങളും അകമ്പനന്‍ രാവണനെ ധരിപ്പിക്കുന്നു. ഇവകള്‍കേട്ട രാവണന്‍ സീതയെ താന്‍ അപഹരിച്ച് രാമനോട് പകരം വീട്ടുമെന്ന് പറയുന്നു.ക്രമേണ സീതയുടെ സൌന്ദര്യത്തെ ചിന്തിച്ച് മാരപീഡിതനായ രാവണനെ പത്നിയായ മണ്ഡോദരി ഉപദേശിക്കുന്നു. എന്നാല്‍ രാവണന്‍ പത്നിയെ അനുനയത്തില്‍ അന്ത:പുരത്തിലേക്ക് മടക്കുന്നു. 

രണ്ടാം രംഗത്തില്‍ രാവണന്‍ സീതാപഹരണത്തിന് സഹായംതേടി മാതുലനും മഹാമായാവിയുമായ മാരീചനെ ചെന്നുകാണുന്നു. ആദ്യം മടിക്കുന്ന മാരീചനെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് രാവണന്‍ കൂടെ കൊണ്ടുപോകുന്നു. രാവണ നിര്‍ദ്ദേശമനുസ്സരിച്ച് മാരീചന്‍ മായാവിദ്യയാല്‍ ഒരു പൊന്‍‌മാനിന്റെ രൂപം ധരിച്ച് സീതയില്‍ മോഹമുണര്‍ത്തുന്നു. 

മൂന്നാംരംഗത്തില്‍ ശ്രീരാമന്‍ സീതയുടെ ആഗ്രഹപ്രകാരം, സീതയുടെ സംരക്ഷണം ലക്ഷ്മണനെ ഏല്‍പ്പിച്ച് പൊന്‍‌മാനിനെ പിടിക്കുവാന്‍ പോകുന്നു. 

രംഗം നാലിൽ മാനിന്റെ പിന്നാലെ വളരെദൂരം സഞ്ചരിച്ച രാമന്‍ ഒടുവില്‍ അത് രാക്ഷസമായയാണെന്ന് മനസ്സിലാക്കി, ബാ‍ണത്താല്‍ മാരീചനെ നിഗ്രഹിക്കുന്നു. രാമശരമേറ്റ മാരീചന്‍ ഉടനെ ശ്രീരാമന്റെ ശബ്ദം അനുകരിച്ച്  ദീനാലാപം നടത്തുന്നു.

അഞ്ചാം രംഗത്തിൽ മാരീചന്റെ മായാവിലാപം കേട്ട്, രാമന് ആപത്തുപിണഞ്ഞുവെന്നു നിനച്ച സീത, ചെന്നു രക്ഷിക്കുവാന്‍ ലക്ഷ്മണനോട് ആവശ്യപ്പെടുന്നതാണ്. ഇതു സത്യമല്ല,രാക്ഷസമായയാണെന്ന് പറഞ്ഞ് പോകുവാന്‍ വിസമ്മതിച്ച ലക്ഷ്മണനോട് സീത പരുഷമായ വാക്കുകള്‍ പറയുന്നു. ഇതുകേട്ട് ക്രുദ്ധനായ ലക്ഷ്മണന്‍ രാമസമീപത്തേക്ക് പുറപ്പെടുന്നു. 

രംഗം ആറിൽ ഈ തക്കത്തിന് സന്യാസിവേഷം ധരിച്ച് വന്ന് രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടുപോകുന്നു‍. 

രംഗം ഏഴിൽ വഴിക്കുതടഞ്ഞ ജടായുവെന്ന പക്ഷിശ്രേഷ്ഠന്റെ ചിറകുകള്‍ അരിഞ്ഞുവീഴ്ത്തിയിട്ട് രാവണന്‍ സീതയുമായി യാത്ര തുടരുന്നു. 

രംഗം എട്ടിൽ സീതാവിരഹം സഹിയ്ക്കായ്കയാല്‍ ശ്രീരാമന്‍ വിലപിക്കുന്നതാണ്.  

രംഗം ഒമ്പതിൽ ശ്രീരാമനും ലക്ഷ്മണനും ജടായുവിനെ കാണുന്നു. ജടായു നടന്നസംഭവങ്ങൾ എല്ലാം രാമലക്ഷ്മണന്മാരോട് പറയുന്നു. ലക്ഷ്മണൻ ജടായുവിനു വെള്ളം കൊടുക്കുന്നു. ശ്രീരാമൻ അനുഗ്രഹിച്ചശേഷം ജടായു മരിക്കുന്നു. ശവസംസ്കാരം ചെയ്ത രാമലക്ഷ്മണന്മാർ മാറുന്നു.

രംഗം പത്തിൽ അയോമുഖി എന്ന രാക്ഷസി രാമലക്ഷ്മണന്മാരെ തടയുന്നു. രാമകൽപ്പനപ്രകാരം ലക്ഷ്മണൻ അയോമുഖിയ്യുടെ കുചനാസികകൾ മുറിയ്ക്കുന്നു. അംഗഭംഗം വന്ന അയോമുഖി ഓടിപ്പോകുന്നു. അയോമുഖിയെ പറ്റി വാത്മീകി രാമായണത്തിൽ ഇല്ല. ഇത് ആട്ടക്കഥാകാരന്റെ നിർമ്മിതി ആണ്. കഥാഗതിയ്ക്ക് ഇത് മേന്മകൂട്ടുന്നുമില്ല. അതിനാൽ പണ്ടേ ഉപേക്ഷിച്ച രംഗം ആണിത്. 

രംഗം പതിനൊന്നിൽ രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് പമ്പാതീരത്ത് എത്തുന്നു. രാത്രി നേരം ചന്ദ്രനുദിച്ചപ്പോൾ വീണ്ടും ശ്രീരാമൻ സീതാദേവിയെ ഓർത്ത് വിലപിയ്ക്കുന്നു.

രംഗം പന്ത്രണ്ടിൽ ഋഷ്യമൂകാചലം. രാമലക്ഷ്മണന്മാർ കാനനത്തിലൂടെ നടക്കുന്നത് അറിഞ്ഞ സുഗ്രീവൻ മന്ത്രിമാരെ വിളിച്ച് കാര്യമെന്തെന്ന് അറിഞ്ഞ് വരാൻ ആവശ്യപ്പെടുന്നു.

രംഗം പതിമൂന്നിൽ സുഗ്രീവൻ പറഞ്ഞതനുസരിച്ച് ഹനൂമാൻ വടു വേഷം ധരിച്ച് രാമലക്ഷ്ണണന്മാരെ ചെന്ന് വിവരങ്ങൾ അറിയുന്നു. രംഗാവസാനം ഹനൂമാൻ രാമലക്ഷ്മണന്മാരെ തോളിൽ എടുത്ത് സുഗ്രീവസമീപം എത്തിയ്ക്കുന്നു.

രംഗം പതിന്നാലിൽ ബാലിയെ നിഗ്രഹിച്ച് രാജ്യം നല്‍കാമെന്ന് രാഘവനും, സീതയെ അന്വേഷിച്ച് കണ്ടുപിടിച്ച്തരാമെന്ന് സുഗ്രീവനും സത്യംചെയ്യുന്നു.

രംഗം പതിനഞ്ചിൽ ദുന്ദുഭിയുടെ കായവിക്ഷേപവും സപ്തസാലഭേദവും ചെയ്ത രാമനില്‍ വിശ്വാസംവന്ന സുഗ്രീവന്‍ ബാലിയെ പോരിനു വിളിക്കുന്നു. 

രംഗം പതിനാറിൽ ബാലി കൊട്ടാരത്തിനു പുറത്ത് വന്ന് സുഗ്രീവനോട് മറുപടി പറയുന്നു. മുഷ്ടിയുദ്ധം നടക്കുന്നു. സുഗ്രീവൻ തോറ്റോടി പോകുന്നു.

രംഗം പതിനേഴിൽ ബാലിയോട് തോറ്റ് വന്ന് ശ്രീരാമസമീപം സുഗ്രീവനെത്തി വിലപ്യിക്കുന്നു. എന്തുകൊണ്ടാണ് രാമൻ പറഞ്ഞ പോലെ ബാലിയെ കൊല്ലാത്തത് എന്ന് ചോദിക്കുന്നു.

ബാലിയേയും സുഗ്രീവനേയും കണ്ടാൽ തിരിച്ചറിയാത്തതുകൊണ്ടാണ് അമ്പെയ്യാത്തത് എന്നുപറഞ്ഞ് ലക്ഷ്മണനോട് ഒരു പൂമാല സുഗ്രീവന്റെ കഴുത്തിൽ ഇടാൻ പറയുന്നു. അങ്ങനെ മാലയും ധരിച്ച് സുഗ്രീവൻ വീണും യുദ്ധത്തിനു പോകുന്നു.

രംഗം പതിനെട്ടിൽ ലക്ഷ്മണൻ കഴുത്തിലണിയിച്ച മാലയുമായി സുഗ്രീവൻ ബാലിയെ വീണ്ടും പോരിനു വിളിക്കുന്നു.

രംഗം പത്തൊമ്പതിൽ താര, ബാലിയെ യുദ്ധത്തിൽ നിന്നും പിൻ തിരിപ്പിക്കാൻ ശ്രമിക്കുന്നു. രാമലക്ഷ്മണൻമാർ കാട്ടിലൂടെ നടക്കുന്നുണ്ടെന്നും ഹനൂമാൻ അവരെ സുഗ്രീവനോടൊപ്പം ചേർത്തുവെന്നും അംഗദൻ പറഞ്ഞറിഞ്ഞ കാര്യം താര ബാലിയോട് പറയുന്നു. അതിനാൽ സുഗ്രീവനുമായി യുദ്ധത്തിനു മുതിരുന്നത് തടയുന്നു. ശ്രീരാമൻ തെറ്റായതൊന്നും ചെയ്യില്ല എന്ന് പറഞ്ഞ് ബാലി യുദ്ധത്തിനായി വീണ്ടും പോകുന്നു.

രംഗം ഇരുപതിൽ ബാലിയും സുഗ്രീവനും വീണ്ടും യുദ്ധം ചെയ്യുന്നു. രാമൻ അസ്ത്രമയക്കുന്നു. ബാലി വീഴുന്നു.

രംഗം ഇരുപത്തിയൊന്നിൽ വീണുകിടക്കുന്ന ബാലിയുടെ അടുത്ത് ശ്രീരാമനെത്തി എന്തുകൊണ്ട് ബാലിയെ വധിച്ചു എന്ന് പറഞ്ഞ മോക്ഷം കൊടുക്കുന്നു. ബാലി, സുഗ്രീവനെ കാഞ്ചനമാല അണിയിക്കുന്നു. രാമന്‍ സുഗ്രീവനെ കിഷ്കിന്ധാരാജാവായി വാഴിക്കുന്നു.

ഇതോടെ ബാലിവധം ആട്ടക്കഥ സമാപിക്കുന്നു.

വാത്മീകി രാമായണത്തിലെ കഥയില്‍ നിന്നുള്ള വ്യതിയാനം

ആട്ടകഥയില്‍ ശൂര്‍പ്പണഖക്കു അംഗഭംഗം വന്ന വിവരം ഒരു രാക്ഷസന്‍ പറഞ്ഞാണ് രാവണന്‍ അറിയുന്നത്. ആട്ടകഥയില്‍ ഈ രാക്ഷസന്റെ പേര്‍ പറഞ്ഞിട്ടില്ല. അതു അകമ്പനന്‍ ആണെന്ന് ആട്ടംചിട്ടപ്പെടുത്തിയവര്‍ തീരുമാനിച്ചതാണ്.
രാമായണത്തില്‍ അയോമുഖിയെപറ്റി പ്രസ്താവനയില്ല.

അവതരണത്തിലെ പ്രധാന പ്രത്യേകതകള്‍

ഈ ആട്ടകഥയിലെ ആദ്യ രണ്ടുരംഗങ്ങളും ഏറ്റവും ചൊല്ലിയാട്ട പ്രധാനങ്ങളാകുന്നു. ‘എന്നാണ് നീ പോക മാനിനീമൌലേ’ എന്നിടത്ത് ചമ്പതാളം രണ്ടാംകാലത്തില്‍ മണ്ഡോദരിയെകൂട്ടിപിടിച്ച് അനുനയിച്ച് പറഞ്ഞുവിടുന്ന രൂപത്തിലുള്ള ഇരട്ടി, ‘മാരീചാ നിശാചരപുംഗവാ’ എന്ന ഇടക്കാല പദത്തിന്റെ ചൊല്ലിയാട്ടം, ഒന്നാംരംഗം പകുതിമുതല്‍ രണ്ടാംരംഗം അന്ത്യംവരെ തുടര്‍ച്ചയായി ഉപയോഗിക്കുന്ന പാടിരാഗം, മാരീചനെ നിയോഗിച്ച ശേഷമുള്ള ആട്ടം, വിശിഷ്യ ഇവിടെ സൂതനായുള്ള പകര്‍ന്നാട്ടവും സീതയെ കണ്ട് ഹര്‍ഷം,അത്ഭുതം,കാമപീഡയാലുള്ള വിഷാദം,സുഖം ഇവകള്‍ നടിക്കുന്നതും ‘ഇന്ദ്രാണീമഹം’ എന്ന ശ്ലോകത്തിന്റെ ആട്ടവും എന്നിവയെല്ലാം മേല്‍‌പറഞ്ഞ രണ്ടുരംഗങ്ങളെ മനോഹരങ്ങളാക്കി തീര്‍ക്കുന്നു.
മൂന്നാംരംഗത്തിലെ, പിന്നണിയില്‍ തോടിരാഗാലാപനത്തോടെയുള്ള ശ്രീരാമന്റെ മാന്‍പിടുത്തം, അഞ്ചാം രംഗത്തിലെ രാവണജടായുയുദ്ധം, പതിനൊന്നാം രംഗത്തിലുള്ള സുഗ്രീവപദത്തില്‍ ‘തവസഹജനമിതബല’ എന്നിടത്ത് ചൊല്ലി വട്ടംതട്ടിയാല്‍ ബാലി കലാശമെടുക്കുന്ന സമ്പ്രദായം, ആ രംഗത്തിലെ തന്നെ ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നതും, യുദ്ധവട്ടത്തില്‍ ചമ്പതാളത്തിലുള്ള കിടന്നുചവിട്ടല്‍, പുലിയങ്കം തുടങ്ങിയ ചടങ്ങുകളുമെല്ലാം പ്രത്യേകതയുള്ളവയാണ്.
 

വേഷങ്ങൾ

ബാലി-ചുകന്നതാടി

സുഗ്രീവൻ-ചുകന്നതാടി

ഹനൂമാൻ-വെള്ളത്താടി വട്ടമുടി

ശ്രീരാമൻ-പച്ച കൃഷ്നമുടി

ലക്ഷ്മണൻ-പച്ച

താര-സ്ത്രീവേഷം മിനുക്ക്

സീത-സ്ത്രീവേഷം മിനുക്ക്

രാവണൻ-കത്തി

അകമ്പനൻ-കത്തി

മാരീചൻ-കത്തി, പ്രത്യേകതാടി

ജടായു-പക്ഷി കൊക്ക്

അയോമുഖി-കരി