Knowledge Base
ആട്ടക്കഥകൾ

രംഗം ഏഴ്

ഹിഡിംബന്റെ ആജ്ഞപ്രകാരം പാണ്ഡവരെ കൊല്ലാനായി പുറപ്പെട്ട ഹിഡിംബി ഭീമസേനനെ കണ്ടപ്പോള്‍ കാമാപരവശയാകുന്നു. അവള്‍ സുന്ദരീരൂപം ധരിച്ചു ഭീമന്റെ സമീപത്തുചെന്ന് തന്റെ ആഗമനോദ്ദേശം അറിയിക്കുന്നു. താന്‍ രാക്ഷസനായ ഹിഡിംബന്റെ സഹോദരി ഹിഡിംബിയാണെന്നും സഹോദരന്റെ ആജ്ഞ പ്രകാരം പാണ്ഡവരെ കൊല്ലാന്‍ വേണ്ടിയാണ് വന്നതെന്നും പറഞ്ഞു. ഭീമനോടു തനിക്ക് അനുരാഗം തോന്നുകയാല്‍ വധ ശ്രമം ഉപേക്ഷിച്ചു എന്നും, രാക്ഷസനായ ഹിഡിംബന്‍ വരുന്നതിനു മുമ്പ് രണ്ടുപേര്‍ക്കും എവിടെക്കെങ്കിലും പോകാം എന്നും പറയുന്നു. എന്നാല്‍ ഭീമനാകട്ടെ, തന്റെ അഗ്രജനായ ധര്‍മ്മജന്‍ വിവാഹം ചെയ്തിട്ടില്ലാത്തതിനാല്‍ താന്‍ വിവാഹം ചെയ്യുന്നത് ഉചിതമല്ലെന്നും  ഉറങ്ങിക്കിടക്കുന്ന ഇവരെ ഉപേക്ഷിക്കുന്നത് തെറ്റാണെന്നും പറയുന്നു. ഈ സമയത്ത് ഹിഡിംബന്‍ അവിടെ വരികയും ലളിത വേഷ ധാരിണിയായ ഹിഡിംബിയെക്കണ്ട് കോപാകുലനാവുകയും ചെയ്യുന്നു. മനുഷ്യനെ കാമിച്ച ഹിഡിംബിയെയും, ഭീമസേനേയും അധിക്ഷേപിച്ച ഹിഡിംബനെ ഭീമന്‍ പോരിനു വിളിക്കയും യുദ്ധത്തില്‍ അവനെ വധിക്കയും ചെയ്യുന്നു.