നിശാചരേന്ദ്രാ വാടാ

രാഗം:
ആഹരി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
ഭീമൻ
അഗ്രാശൈരാശു രാശീകൃതമമിതരസം ദീദിവം പ്രാശ്യ ധീമാന്‍
ഭീമസംയുക്തധുര്യം ശകടമഥ രസാളാന്വിതാന്നപ്രപൂര്‍ണ്ണം
ആരുഹ്യാരക്ത മാല്യാംബരരുധിര സമാലേപനോ രാക്ഷസസ്യ
പ്രാപ്യാരണ്യം ജവേനാഹ്വയത ബത ബകം ഭക്തരാശിം പ്രഭുഞ്ജന്‍

പല്ലവി:

നിശാചരേന്ദ്രാ വാടാ നിശാചരേന്ദ്ര
നിശാചരേന്ദ്രാ വാടാ വിരവൊടു
നിശാമയാഖിലം മമ ഭുജവീര്യം
നിരാകൃതാമര നിശാചരാധമ
ദുരാശവേണ്ട നിനക്കിനി നിത്യം

തടിച്ച ഭുജയുഗനിബന്ധനാക്കി
പിടിച്ചു വിരവൊടു മുടിച്ചുകളവന്‍
അടിച്ചു നിന്നുടല്‍ പൊടിച്ചിടും ഞാന്‍
നടിച്ചു സഹസാ മടിച്ചിടാതെ

അനുത്തമാവനിസുരോത്തമന്മാര്‍ –
ക്കനര്‍ത്ഥമമ്പൊടു നിരര്‍ത്ഥമാക്കുവന്‍
കനത്ത നിശിചര വനത്തില്‍ വന്നി-
ജ്ജനത്തൊടേല്പാന്‍ കിമര്‍ത്ഥമധുനാ

മദിച്ചു ജീവിച്ചിരിക്കുമെന്നതു
നിനയ്ക്കവേണ്ടാ നിശിചര കുമതേ
വധിച്ചു ഭൂസുരവരരെസ്സകലം
ഭുജിച്ചിടുന്നതു കാണണമിനിയും

മദിച്ച ദന്തികള്‍ മസ്തകമദ്ധ്യേ
അടിച്ചു രുധിരം പാനം ചെയ്‌വാന്‍
കൊതിച്ചിരിക്കും സിംഹം മുമ്പില്‍
പതിച്ചപോലെ കണ്ടിഹനിന്നെ

കറുത്ത കാര്‍മ്മുകില്‍ നിറത്തൊടൊത്തൊരു
ഉരത്ത വിഗ്രഹ വരുത്വമെന്യേ
തിമിര്‍ത്തു വന്നിഹ മറുത്തു നില്‍ക്കിന്‍
അമര്‍ത്ത്യഭാവം വരുത്തുവന്‍ ഞാന്‍
അർത്ഥം:
ശ്ലോകം
ബ്രാഹ്മണര്‍ കൊണ്ടുവന്ന ചോറു ഭക്ഷിച്ച്, ഭീമസേനന്‍ ചോറും കറികളും നിറച്ച വണ്ടിയില്‍ കയറി. ചുവന്ന മാലയും വസ്ത്രവും കുറിക്കൂട്ടുകളും ധരിച്ചുകൊണ്ട് ബകവനത്തില്‍ ചെന്ന് കൊണ്ടുപോയ ചോറും കറികളും സ്വയം ഭക്ഷിച്ചുകൊണ്ട് ബകനെ വിളിച്ചു.

പദം

രാക്ഷസേന്ദ്രാ വാടാ. എന്റെ ഭുജവീര്യം കണ്ടാലും. ദേവന്മാരെ അവഹേളിച്ച ദുഷ്ടരാക്ഷസാ നിനക്കിനി ദുര്‍മ്മോഹം വേണ്ട. നിന്നെ പിടിച്ച് നിന്റെ തടിച്ച കൈകള്‍ ബന്ധിക്കും. മടിച്ചിടാതെ ഞാന്‍ നിന്നെ പൊടിച്ചു കളയുന്നുണ്ട്. ഏറ്റവും ഉത്തമന്മാരായ ബ്രാഹ്മണശ്രേഷ്ഠർക്കു വന്ന അനർത്ഥത്തെ ഇല്ലാതാക്കുന്നുണ്ട്. ഘോരരാക്ഷസാ! വനത്തിൽ വന്ന് ഈ ജനത്തോടു നേർക്കാൻ ഇപ്പൊൾ എന്തു കാരണം?. ഇനിയും മദിച്ചു ജീവിക്കാം എന്ന് കരുതേണ്ടാ. ബ്രാഹ്മണരെ ഇനിയും കൊന്നു തിന്നുന്നത് ഒന്ന് കാണണം. മദയാനകളുടെ മസ്തകം തല്ലിപ്പൊളിച്ചു രക്തം കുടിക്കുവാന്‍ കൊതിപൂണ്ട സിംഹത്തിനു മുന്നില്‍ പതിച്ചവനെപ്പോലെ നിന്നെ ഞാന്‍ ഇപ്പോള്‍ കാണുന്നു. കാര്‍മ്മുകില്‍പോലെ കറുത്ത് ബലമുള്ള ശരീരത്തോടുകൂടിയവനേ, ഭയമില്ലാതെ വന്നു എതിരിട്ടാല്‍ നിന്നെ കൊന്നീടും.

അരങ്ങുസവിശേഷതകൾ:
(പദ്മാശാന്റെ ചൊല്ലിയാട്ടം പുസ്തകത്തിൽ നിന്നു)
ബകവന വർണ്ണന
ഭീമൻ രംഗമദ്ധ്യത്തിൽ പീഠത്തിൽ നിന്നു കൊണ്ട് ഗദ ചുഴറ്റിക്കൊണ്ടും ഇരുവശത്തേക്കും കാട് നോക്കിക്കണ്ട് ‘ഇതാ അതി ഭയങ്കരമായ വനം കാണുന്നു. ഇനി ബകന്റെ വാസസ്ഥലം എവിടെ എന്ന് അന്വേഷിക്കുക തന്നെ’
മുന്നിലേക്കു ചാടിയിറങ്ങി വട്ടം വെച്ചു ചവിട്ടിയ ശേഷം സാധാരണ പതിവുള്ള ആട്ടങ്ങൾ താഴെ കൊടുക്കുന്നു.

ശ്ലോകം 1
നിനാദഃ ശ്രൂയതേ ശ്രവണപരുഷാസ്ത്രീവ്രമശിവാ
ശ്ശിവാഗൃഗ്ധ്രാദീനാമിഹ ബകനിശാടസ്തവസമാഃ
പിശാചപ്രേതാനാമപി ഖരഗിരസ്സാട്ടഹസിതാഃ
പ്രവാത്യുഗ്രശ്ചായം പ്രചുരശവദുർഗന്ധ പവനഃ

അർത്ഥം/ ആട്ടം-
(അസഹ്യമായ ശബ്ദം കേട്ട് ചെവിയോർത്ത് ) ‘കുറുക്കൻ കഴുകൻ ഇവകൾ ബകരാക്ഷസനെ സ്തുതിക്കുന്നതു പോലെ ഏറ്റവും നിന്ദ്യവും കർണ്ണകഠോരവും ആയുള്ള ശബ്ദം കേൾക്കുന്നു. അതു തന്നെയുമല്ല, പിശാച പ്രേതങ്ങളുടെ അതിരൂക്ഷമായ വാക്കുകളും അട്ടഹാസങ്ങളും കേൾക്കുന്നു’ (ദുർഗന്ധമുള്ള കാറ്റേറ്റ്) ‘ശവദുർഗന്ധത്തോടു കൂടിയ വായു ഏറ്റവും രൂക്ഷതയോടെ വീശുന്നു.’
(ഒന്ന് വിചാരിച്ച്) ‘ ആ ബ്രാഹ്മണൻ പറഞ്ഞ അടയാളങ്ങളൊക്കെയും ഇവിടെയുണ്ട്. ബകവനം ഇതു തന്നെ ആയിരിക്കുമോ? ആകട്ടെ കാട്ടിനകത്തേക്ക് കടന്ന് തിരയുക തന്നെ.’

ശ്ലോകം 2
ആയാന്തം മാം കരധൃതഗദം വീക്ഷ്യ ദൂരാൽ ദ്രവന്തീ
പ്രേതാ ഭീതാഃ ദ്രുതമത ഇതോ ഹന്ത നീചൈഃ പിശാചൈഃ
വിപ്രേന്ദ്രാണാമഹഹ ബഹവോപ്യത്ര സന്ത്യസ്ഥികൂടാഃ
യദ്ഭുക്താനാം തമിഹ സഹസാ ഹന്തുമേവാഹ്വയാമി

അർത്ഥം/ ആട്ടം-
‘കൈയ്യിൽ ഗദ ധരിച്ചു വരുന്ന എന്നെ കണ്ടിട്ട് നീചങ്ങളായ ഈ പ്രേത പിശാചുക്കൾ ഭയത്തോടെ വേഗത്തിൽ അങ്ങുമിങ്ങും ദൂരത്തെയ്ക്ക് ഓടുന്നു’ (മൂന്നുനാലിടത്ത് കുന്നുകൂടിക്കിടക്കുന്നതു കണ്ടിട്ട്) ‘കഷ്ടം കഷ്ടം, ബ്രാഹ്മണരുടെ എല്ലുകൾ ഇവിടെ കുന്നുകളായി ഉയർന്നിരിക്കുന്നു. പൂണൂലുകൾ പൊട്ടിച്ചിതറി കിടക്കുന്നു’ (വിചാരിച്ച് അല്പം വേദനയോടെ) ‘കഷ്ടം ക്ഷത്രിയരായ ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ബ്രാഹ്മണർക്ക് ഇങ്ങനെ ആപത്ത് വന്നുവല്ലോ (കോപാവേശത്തോടെ) ‘ആകട്ടെ, യാതൊരുത്തനാണോ ഇപ്രകാരം കൊന്നുതിന്നത് അവനെ കൊല്ലുവാനായി വേഗത്തിൽ പോരിനു വിളിക്കുക തന്നെ.’
നാലാരിട്ടിയെടുത്ത് , ശേഷം ‘നിശാചരേന്ദ്ര വാടാ‘ പദം.

(ഈ രണ്ടു ശ്ലോകങ്ങളും കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ രചിച്ചതാണ്.)