ധര്‍മ്മസുത! വരികരികില്‍

രാഗം:
കാമോദരി
താളം:
ചെമ്പ 10 മാത്ര

കഥാപാത്രങ്ങൾ:
ധൃതരാഷ്ട്രൻ


തത: കദാചിത്തപതീകുലോദ്വഹ:
കൃതാന്തസൂനും ക്യതപാദവന്ദനം
വൃതംസഗഭ്യൈര്‍വൃഷഭോമഹീക്ഷിതാം
സുതാനുരോധാത് സുതരാമഭാഷത

പല്ലവി:
ധര്‍മ്മസുത! വരികരികില്‍ ധന്യതരഗുണശീല!
നിര്‍മ്മലസുത!നിശമയേദം

അനുപല്ലവി:
കണ്ണിണകള്‍കൊണ്ടുതവകാന്തി കാണായ്കയാല്‍
ഉണ്ണീവളരുന്നു പരിതാപം

ചരണം 1:
ഉന്നതമതേ! വിരവില്‍ ഒന്നുപറയുന്നു ഞാന്‍
മന്നവശിഖാമണേ! കേള്‍

ചരണം 2:
നിങ്ങളും ദുര്യോധനാദികളുമെല്ലാമൊരു-
മിങ്ങൊരുവിശേഷമില്ലല്ലോ.

ചരണം 3:
സ്നിഗ്ദ്ധജനമെങ്കിലും നിത്യവുമൊരേടത്തു
നിവസിക്കിലോ വൈരമുണ്ടാം.

അർത്ഥം:
തത: കദാചിത്തപതീ:
ഒരിക്കല്‍ സഹോദരരോടൊത്ത് തന്നെ വന്ദിച്ച ധര്‍മ്മപുത്രനോട് കുരുശ്രേഷ്ഠനായ ധൃതരാഷ്ട്രര്‍ ദുര്യോധനന്റെ നിര്‍ബന്ധമം മൂലം ഇപ്രകാരം പറഞ്ഞു.

ധര്‍മ്മസുത:
ധര്‍മ്മപുത്രാ,അരികില്‍ വരു. സത്ഗുണസമ്പന്നാ ഇതുകേള്‍ക്കു. ഉണ്ണീ,കണ്ണുകള്‍കൊണ്ട് നിന്റെ കാന്തി കാണുവാന്‍ സാധിക്കായ്കയാല്‍ സങ്കടമുണ്ട്. ഞാന്‍ ഒന്നുപറയട്ടെ, നീ കേള്‍ക്കുക. എനിക്ക് നിങ്ങളും ദുരോധനാദികളും തമ്മില്‍ ഒരു ഭേദവുമില്ല. ബന്ധുജനങ്ങളെങ്കിലും നിത്യം ഒരേടത്തു തന്നെ താമസിച്ചാല്‍ വൈരമുണ്ടായേക്കും.

അരങ്ങുസവിശേഷതകൾ:
രംഗത്ത് ഇടതുഭാഗത്തുക്കൂടി ‘കിടതകധീം താ’ ചവുട്ടി പ്രവേശിക്കുന്ന ധര്‍മ്മപുത്രര്‍ വലതുവശത്തിരിക്കുന്ന ധൃതരാഷ്ട്രരെ കണ്ട് ‘കെട്ടിച്ചാടി കുമ്പിടുന്നു’. അനുഗ്രഹിച്ചശേഷം ധൃതരാഷ്ട്രര്‍ ഇരുന്നുകൊണ്ടുതന്നെ പദമാടുന്നു.