ഞാനൊരു ഗഹ്വരം

രാഗം:
ഗൌളീപന്ത്
താളം:
ചെമ്പട 16 മാത്ര

കഥാപാത്രങ്ങൾ:
ആശാരി


ഞാനൊരു ഗഹ്വരം തീര്‍ക്കമാതിലൂടെ പോയാല്‍
കാനനേ ചെന്നിടാമാരും കണ്ടിടാതെ

അർത്ഥം:
ഞാൻ ഇപ്പോൾ ഒരു ഗുഹയും അതിനൊരു കവാടവും നിർമ്മിക്കാം അതിലൂടെ പോയാൽ കാട്ടിൽ ആരും കാണാതെ എത്താൻ സാധിക്കുന്നതാണ്.

അരങ്ങുസവിശേഷതകൾ:
ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍:(വന്ദിച്ച് ഓച്ഛാനിച്ച് നില്‍ക്കുന്ന ആശാരിയോട് ) ‘എന്നാല്‍ ഇനി വേഗം ഒരു ഗുഹ നിര്‍മ്മിച്ച്, വാതിലോടുകൂടിയ ഒരു തൂണുകൊണ്ട് മറച്ചാലും.’
ആശാരി:‘എറാന്‍,അങ്ങിനെ തന്നെ.’
‘ധര്‍മ്മപുത്രര്‍ നിഷ്ക്രമിക്കുന്നു. ആശാരി ജോലി തുടങ്ങും മുമ്പായി ഇരുന്ന് വിസ്തരിച്ചൊന്നു മുറുക്കി പാറ്റി തുപ്പുന്നു. എന്നിട്ട് ഭാണ്ടമഴിച്ച് പണിയായുധങ്ങള്‍ എടുത്ത് മൂര്‍ച്ചകൂട്ടുന്നു. പണിക്കാവശ്യമായ മരം തേടി കണ്ടുപിടിച്ച് വെട്ടിമുറിച്ചിടുന്നു. ലേശം ഇരുന്ന് ക്ഷീണമകറ്റിയിട്ട് മരം കണക്കിന് മുറിച്ച് ചെത്തി അതുകൊണ്ട് വാതിലോടുകൂടിയ ഒരു തൂണ്‍ നിര്‍മ്മിക്കുന്നു. എന്നിട്ട് അതു വലിച്ചുകൊണ്ടുവന്ന് അരക്കില്ലത്തില്‍ സ്ഥാപിക്കുന്നു. അതില്‍നിന്നും ഒരു ഗുഹയും നിര്‍മ്മിച്ചശേഷം ആശാരി അതു ധര്‍മ്മപുത്രര്‍ക്കു കാട്ടിക്കൊടുക്കുന്നു. ധര്‍മ്മപുത്രര്‍ ഇവ പരിശോധിച്ച് ‘നന്നായി’ എന്നു പറയുന്നു. ഈ സമയത്ത് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഭീമന്‍ പ്രവേശിച്ചു ധര്‍മ്മപുത്രരെ വണങ്ങുന്നു. ഭയത്തോടെ ആശാരി ഗുഹ പരിശോധിക്കുവാന്‍ ഭീമനോട് അപേക്ഷിക്കുന്നു. ഭീമനു ഗുഹയിലേക്ക് കടക്കാനാവാത്തതിനാല്‍ ‘വിസ്താരം പോരാ’ എന്ന് ആശാരിയോട് പറയുന്നു. കണക്കുപിഴച്ചതായി നടിച്ച് ആശാരി ഭീമന്റെ അളവെടുത്ത് ഗുഹയുടെ വിസ്താരം കൂട്ടുന്നു. അതിനു ശേഷം ഭീമനെ കാട്ടികൊടുക്കുമ്പോള്‍ ഭീമന് നിഷ്പ്രയാസം ഗുഹയില്‍ കടക്കാന്‍ സാധിക്കുന്നു. ‘ഇപ്പോള്‍ അസ്സലായി’ എന്നു ഭീമന്‍ പറയുന്നതു കേട്ട് ആശാരി സന്തോഷവാനാകുന്നു. ഈസമയം കുന്തീദേവി പ്രവേശിക്കുന്നു. തുടര്‍ന്ന് കുന്തി, ധര്‍മ്മപുത്രര്‍,ഭീമന്‍ എന്നിവര്‍ ധാരാളം സമ്മാനങ്ങള്‍ നല്‍കി ആശാരിയെ യാത്രയയക്കുന്നു. ആശാരി നിഷ്ക്രമിക്കുന്നു. യാത്രയാക്കുന്നതിനൊപ്പം കുന്തിയും നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ വലത്തുഭാഗത്തെ പീഠത്തില്‍ ഇരിക്കുന്നു. തുടര്‍ന്ന് ഗായകര്‍ ശ്ലോകം ആലപിക്കുന്നു. ഭീമന്‍ ശ്ലോകത്തിന് വട്ടംവയ്ക്കുന്നു.