ജീവ നാഥേ കിമിഹ

രാഗം:
ദ്വിജാവന്തി
താളം:
ചെമ്പ 20 മാത്ര

കഥാപാത്രങ്ങൾ:
ബ്രാഹ്മണൻ
ശ്ലോകം

അഥ കൌചന വിപ്രദമ്പതീ
പരിരഭ്യാത്മസുതൌ നിജാങ്കഗൌ
ബകരാക്ഷസ ഭീതമാനസൌ
വിലപന്തൌ സമവോചതാം മിഥ:

പല്ലവി:
ജീവനാഥേ കിമിഹ ചെയ്‌വതുമിദാനീം

അനുപല്ലവി:
ദൈവഗതിയാരാലും ലംഘിച്ചു കൂടുമോ
ശിവ ശിവ പരിതാപം എന്തുപറയുന്നു
ഘോരനാം ബകനു ബലികൊണ്ടുപോവതിനു
ആരെയും കണ്ടില്ല ഞാനൊഴിഞ്ഞധുനാ

കാലം കുറഞ്ഞൊന്നു വൈകി എന്നാകിലോ
കാലനെപ്പോലവനെ കണ്ടീടാമരികെ

അർത്ഥം:
ശ്ലോകം
അങ്ങിനെയിരിക്കെ ഒരു ബ്രാഹ്മണനും പത്നിയും ബാകാസുരനെ ഭയന്ന്, മടിയിലിരിക്കുന്ന മക്കളെ പുണര്‍ന്നുകൊണ്ട് ഇപ്രകാരം പരസ്പരം പറഞ്ഞു.

പദം
പ്രാണനാഥേ ഇനി എന്ത് ചെയ്യും ? ദൈവഗതി ആരാലും ലംഘിക്കാന്‍ വയ്യ.ഘോരനായ ബകന് ചോറ് കൊണ്ടുപോകാന്‍ എന്നെയല്ലാതെ ആരെയും കാണാനില്ല. കുറച്ചൊന്നു വൈകിയാല്‍ കാലനെപ്പോലെ അവന്‍ അരികിലെത്തും.