കാര്യം ഭവാന്‍ ചൊന്നതെന്നാലുമിപ്പോള്‍

രാഗം:
നവരസം
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
അര്‍ജ്ജുനന്‍
പല്ലവി:

കാര്യം ഭവാന്‍ ചൊന്നതെന്നാലുമിപ്പോള്‍
ആര്യ മമ മൊഴി കേട്ടാലും

അനുപല്ലവി:

പുരുഷയത്നംകൂടാതെ ഭൂമിയിലേവന്‍ ദൈവ
കാരുണ്യം കൊണ്ടുതന്നെ കാര്യം സാധിച്ചിട്ടുള്ളു

കുടിലന്മാരോടു വ്യാജം കൂടാതെ കണ്ടുതന്നെ
കേടറ്റ സത്യംകൊണ്ടു കൂടുമോ കുരുവീര

തൈലത്തില്‍ കത്തുമഗ്നി സലിലംകൊണ്ടെന്നപോലെ
ജ്വലിക്കുമേറ്റവും ദുഷ്ടജനങ്ങള്‍ ശാന്തതകൊണ്ടു

ഒന്നല്ല രണ്ടല്ലവര്‍ ഓരോരപരാധങ്ങള്‍
അന്നന്നു ചെയ്തീടുമ്പോള്‍ ആരാനും സഹിക്കുമോ

ഇനിയും ക്ഷമിക്ക എന്നതീടേറും ഭാവാനെങ്കില്‍
കനിവോടെ കേള്‍ക്കമേലില്‍ കാടേ ഗതിനമുക്കു

മുറുകിയ കാലം

ജതുഗേഹം ദഹിപ്പിച്ചു ജവമോടിവിടെനിന്നു
വിദുരനിര്‍മ്മിതമായ വിലത്തൂടെ പോക വേഗാല്‍

അർത്ഥം:
അങ്ങ് പറഞ്ഞത് കാര്യം തന്നെ. എങ്കിലും എന്റെ വാക്കുകൾ കേട്ടാലും. ഒട്ടുമേ സ്വപ്രയത്നം കൂടാതെ, ദൈവകാരുണ്യം കൊണ്ട് മാത്രം ഭൂമിയിൽ ഒരുഅ കാര്യവും സാധിച്ചിട്ടില്ല. കള്ളന്മാരായ കൗരവരോട് സത്യം കൊണ്ട് മാത്രം ജയിക്കാൻ പറ്റുമോ? തിളയ്ക്കുന്ന എണ്ണയ്ക്ക് തീപിടിച്ചാൽ അതിൽ വെള്ളമൊഴിച്ച് കാര്യമില്ല. അത് പോലെ ദുഷ്ടജനങ്ങൾ ശാന്തതകൊണ്ട് കാര്യമില്ല. അവർ കൂടുതൽ ദുഷ്ടത ചെയ്യുകയേ ഉള്ളൂ. ഒന്നുമ്രണ്ടും അല്ല അവർ ചെയ്യുന്ന അപരാധങ്ങൾ. ഇനിയും അങ്ങ് ക്ഷമ കാട്ടുന്നു എങ്കിൽ കേൾക്കൂ, നമുക്ക് ഗതി കാടുതന്നെ ആകും. അരക്കില്ലം തീകൊളുത്തി ഇവിടെ നിന്നു വിദുരനാൽ നിർമ്മിച്ച ഗുഹയിലൂടെ വേഗം പോകാം.