ബാലേ വരിക നീ

രാഗം:
തോടി
താളം:
ചെമ്പട 32 മാത്ര

കഥാപാത്രങ്ങൾ:
ഭീമൻ

സത്യോക്തേ സത്യവത്യാസ്സുത ഇതി സമുപാദിശ്യ മോദാല്‍ പ്രയാതേ
ശാന്താസ്തേ ശാലിഹോത്രദ്വിജസദസി സദാവന്യഭക്ഷാ ന്യവാത്സു:
താവത്താമാത്തമോദാദനുരഹസി തതോമാരുതിര്‍മ്മാനയിത്വാ
പ്രോചേ പ്രോദ്ദാമകാമാമമിതരസമമിത്രാന്തകാരീ ഹിഡിംബീം

പദം
ബാലേ വരിക നീ
ചാരുശീലേ മോഹനകുന്തളജാലേ
തിലകരാജിതഫാലേ സുകപോലേ

ചേണാര്‍ന്നീടും നിന്റെ മുഖം കാണുന്നാകിലിപ്പോള്‍
ഏണാങ്കനും പാരമുള്ളില്‍ നാണം വളര്‍ന്നീടുന്നു

[നിന്നുടെ കുന്തളത്തോളം നന്നല്ലെന്നു നിജബാലം
പിന്നില്‍ ധരിച്ചീടുന്നല്ലോ വന്യചമരികള്‍

വക്രമാകും കടാക്ഷവും വാര്‍കുഴലുമെങ്കല്‍
അക്രമം ചെയ്തീടുന്നല്ലോ യുക്തമേവനൂനം]

അർത്ഥം:
ശ്ലോകം

സത്യവാദിയായ വേദവ്യാസമഹര്‍ഷി ഇങ്ങിനെ ഉപദേശിച്ച് പോയതിനു ശേഷം സംശയങ്ങളെല്ലാമകന്ന് മനസ്സമാധാനം കൈവന്ന പാണ്ഡവന്മാര്‍ ശാലിഹോത്ര ബ്രാഹ്മണരുടെ കൂടെ കായ്കനികള്‍ ഭക്ഷിച്ച് താമസിച്ചു. അങ്ങിനെയിരിക്കെ ഭീമസേനന്‍ എകാന്തത്തില്‍ കാമാവേശം പൂണ്ട ഹിഡിംബിയെ മാനിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

പദം
ഗുണശീലേ, അഴകെഴുന്ന തലമുടിയോടു കൂടിയവളേ, തിലകത്താല്‍ ശോഭിക്കുന്ന നെറ്റിത്തടവും സുന്ദരമായ കവിള്‍ത്തടവും ഉള്ളവളേ, വരൂ. ഭവതിയുടെ സുന്ദരമായ മുഖം കണ്ടാല്‍ ഇപ്പോള്‍ ചന്ദ്രന്‍ പോലും വല്ലാതെ നാണിച്ചു പോകും.പെണ്‍ചമരി തങ്ങളുടെ വാല്‍ നിന്റെ തലമുടിക്കെട്ടിനോളം നന്നല്ല എന്ന് കരുതുന്നു. നിന്റെ നോട്ടവും തലമുടിയും എന്നെ ആക്രമിക്കുന്നു. ഇത് നല്ലതു തന്നെ.