കഷ്ടമിവനുടെ ദുഷ്ടത

രാഗം:
ഘണ്ടാരം
താളം:
ചെമ്പ

കഥാപാത്രങ്ങൾ:
ബകൻ

ശ്ലോകം
ശ്രുത്വാ ഭീമപ്രണാദം ശ്രുതികടുഝടിതി പ്രൌഢരക്ഷോധിനാഥ:
ക്രോധാല്‍ പ്രോത്ഥായ നേത്രക്ഷരദനലകണൈ:ക്രൂരധൃഷ്ടാട്ടഹാസൈഃ
പ്രേംഖല്‍ ദംഷ്ട്രാംശുരൌദ്രഃ പ്രളയഘനവപുഃ കാനനാന്താല്‍ പ്രതസ്ഥേ
മാര്‍ഗ്ഗം നിദ്ധ്വാനമാര്‍ഗ്ഗം പഥി വിവിധമിദം പ്രോച്ചകൈരുച്ചചാര
പല്ലവി:

കഷ്ടമിവനുടെ ദുഷ്ടത കാണ്‍കെടോ
പെട്ടെന്നു വന്നീടായ് വാനെന്തു കാരണം

അനുപല്ലവി:

മൃഷ്ടമായഷ്ടി കഴിക്കയോ നീ ബത
പൊട്ടുന്നുദരം വിശപ്പുകൊണ്ടും മമ
അർത്ഥം:
ശ്ലോകം
കാര്‍മേഘം പോലെ കറുത്ത ശരീരമുള്ളവനും ശക്തനുമായ ആ ബകരാക്ഷസന്‍ ഭീമന്റെ കര്‍ണ്ണകഠോരമായ ശബ്ദം കേട്ട് ക്രോധത്തോടെ എഴുന്നേറ്റ് കണ്ണുകളില്‍നിന്ന് തീപ്പൊരി പാറിച്ചും ഇളകുന്ന ദംഷ്ട്രകളുടെ തിളക്കം കൊണ്ട് ഭീകരനായും കഠിനമായി അട്ടഹസിച്ചുകൊണ്ട് കാട്ടില്‍നിന്ന് ശബ്ദംകേട്ട ദിക്കിനെ ലക്ഷ്യമാക്കി പുറപ്പെട്ടു. വഴിക്ക് ഉച്ചത്തില്‍ പലതും പുലമ്പിക്കൊണ്ടിരുന്നു.

പദം
കഷ്ടം! ഇവന്‍റെ ദുഷ്ടത കണ്ടില്ലേ. പെട്ടെന്ന് വരാതിരുന്നതെന്താണ്? നീ സമൃദ്ധമായി ഭക്ഷണം കഴിക്കയാണോ? എന്‍റെ ഉദരം വിശപ്പുകൊണ്ട് പൊട്ടുന്നു.