എന്തോന്നു ചെയ് വതിഹ

രാഗം:
മുഖാരി
താളം:
ചെമ്പ 20 മാത്ര

കഥാപാത്രങ്ങൾ:
ഭീമൻ
ഇത്ഥം നിഗദ്യ വചസസ്സമുപേത്യ വേഗാ-
ദാദായ വാരിസരസ: കമലച്ഛദേഷു
ഭീമ: സഹോദര സകാശമിതസ്തദേമാന്‍
സുപ്താന്‍ നിരീക്ഷ്യവിലലാപ ഭൃശം പ്രതപ്ത:

പല്ലവി:
എന്തൊന്നു ചെയ്‌വതിഹ ഹന്ത ഞാന്‍ ദൈവമേ

അനുപല്ലവി:
കുന്തിയാം ജനനിയോടും കുരുവീരരാകുമിവര്‍
സ്വാന്തശോകേന ബത സുപ്തരായ്‌വന്നിതോ
ചരണം 1
നല്ല ശയനീയമതില്‍ നന്മയോടുറങ്ങുമിവര്‍

കല്ലുകളിലിങ്ങിനെ കഷ്ടമുറങ്ങുന്നു
ചരണം 2
വിമലമണിഹര്‍മ്മമതില്‍ വിരവോടു വിളങ്ങുമിവന്‍

ശമനസുതനാര്യനിഹ ശ്രമമായതിവിപിനേ


ചരണം 3 (കാലം മുറുകി)
കോപേന ചെന്നുടനെ കുരുശതവുമൊരുമിച്ചു

തപനജനു നല്‍കുവാന്‍ സമയമിനി വരുമോ


ചരണം 4 (കാലം തള്ളി)
ഇദ്രുമസമീപത്തില്‍ നിന്നിവിടെ ഇവരുടെയ

നിദ്രകഴിവോളവും നില്കയല്ലാതെ


അർത്ഥം:
ശ്ലോകം
ഭീമന്‍ ഇപ്രകാരം പറഞ്ഞ് വേഗത്തില്‍ പോയി സരസ്സില്‍ നിന്ന് താമരയിലയില്‍ വെള്ളമെടുത്ത് സഹോദരന്മാരുടെ സമീപത്ത് വന്നപ്പോള്‍ അവര്‍ ഉറങ്ങുന്നതായി കണ്ട് ഇങ്ങിനെ വിലപിച്ചു

പദം
കഷ്ടം ഈശ്വരാ ഞാന്‍ എന്താണ് ചെയ്യേണ്ടത് ? കുരുവീരരായ ഇവര്‍ അമ്മയായ കുന്തിയോടു കൂടി മനോവിഷമാത്താല്‍ ഉറങ്ങിപ്പോയോ?നല്ല കിടക്കയില്‍ സുഖത്തോടെ ഉറങ്ങുന്ന ഇവര്‍ ഇതാ ഇങ്ങിനെ കല്ലുകളില്‍ ഉറങ്ങുന്നു.വിമലമായ രത്ന സൌധത്തില്‍ ശോഭയോടെ കഴിയുന്ന ജ്യേഷ്ഠനായ ധര്‍മ്മജന്‍ ഈ കാട്ടില്‍ വല്ലാതെ ക്ഷീണിച്ചു പോയി. പെട്ടെന്നു ചെന്ന് കൌരവരെ കൂട്ടത്തോടെ അന്തകന് കൊടുക്കുവാനുള്ള അവസരം ഇനി വരുമോ? ഇവരുടെ ഉറക്കം കഴിയും വരെ ഈ വൃക്ഷത്തിന്‍റെ സമീപത്ത് നില്‍ക്കുകയല്ലാതെ എന്ത് ചെയ്യാന്‍.