ഇപ്പോള്‍ നിലവിലുള്ള അവതരണരീതി

*രംഗം മൂന്നാം രംഗവും(ആശാരിയുടെ പ്രവേശം മുതല്‍ നിഷ്ക്രമണം അവരെയുള്ള ഭാഗം മാത്രം), 7മുതല്‍ 16വരെയുള്ള രംഗങ്ങളുമാണ് ഇപ്പോള്‍ സാധാരണയായി അവതരിപ്പിച്ചുവരുന്നത്.

*ആദ്യ 2രംഗങ്ങളും, 4,5,6രംഗങ്ങളും ഇപ്പോള്‍ നടപ്പിലില്ലാത്തവയാണ്.

അനുബന്ധ വിവരം: 

ഒരു രാത്രി കളിക്കാനുണ്ട്. എന്നാല്‍ ബ്രാഹ്മണന്‍റെ (പതിനൊന്നാം) രംഗം മുതല്‍ ആടുകയാണെങ്കില്‍ 2 മണിക്കൂര്‍ മതിയാകും. ഒമ്പതാം രംഗം (പതിഞ്ഞ പദം) മുതല്‍ക്കാണെങ്കില്‍ മൂന്നര മണിക്കൂര്‍. അടുത്തകാലത്തായി ആദ്യത്തെ രണ്ടു രംഗങ്ങള്‍ ലുപ്തപ്രചാരമായിരിക്കുന്നു. തിരുവിതാങ്കൂറില്‍ ആ രംഗങ്ങള്‍ തീരെ പതിവില്ല. കാലകേയവധത്തില്‍ സലജ്ജോഹം ആടുന്നതില്‍ പേരെടുത്തിരുന്ന കാവുങ്ങല്‍ വലിയ ചാത്തുണ്ണിപ്പണിക്കര്‍ “തുഹിനകരകുലാവതംസമേ” എന്ന് ആടുന്നതിലും പ്രസിദ്ധനായിരുന്നു. ആദ്യവസാനമല്ലെങ്കിലും ധര്‍മ്മപുത്രന്‍റെ വേഷത്തിന്നു പ്രാധാന്യമുണ്ടായിരുന്നു. മിക്കപ്പോഴും ഒടുവിലത്തെ രംഗം വധത്തോടുകൂടി കഴിയും. ബ്രാഹ്മണര്‍ അപൂര്‍വ്വമായേ ഉണ്ടാവൂ.

ആദ്യവസാനമായ ഭീമന്‍ (രംഗം ഒമ്പത് മുതല്‍) കെട്ടുന്നതില്‍ കടത്തനാട്ട് കുഞ്ഞിക്കുട്ടി നായര്‍, പുറ്റാടന്‍ അനന്തന്‍ നായര്‍, പള്ളിച്ചാല്‍ കൃഷ്ണന്‍ നായര്‍, കാവുങ്കല്‍ രാവുണ്ണിപ്പണിക്കര്‍, ഇട്ടിരാരിച്ചമേനോന്‍, കോറണാത്ത് അച്ചുതമേനോന്‍, കേശവക്കുറുപ്പ്, പട്ടിയ്ക്കാന്തൊടി രാവുണ്ണിമേനോന്‍, കരുണാകര മേനോന്‍, കാവുങ്കല്‍ ശങ്കരപ്പണിക്കര്‍, മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍, കീരിക്കാട്ട് കൊച്ചുവേലുപിള്ള എന്നിവരെല്ലാം പേരെടുത്തവരാണ്. ആശാരിയുടെ വേഷത്തിന് പേരെടുത്തവരാണ് തെക്കുമ്പുറത്തെ ഗോവിന്ദപ്പണിക്കര്‍, അരിമ്പൂര്‍ രാമന്‍ മേനോന്‍, കോപ്പന്‍നായര്‍, കലവൂര്‍ നാരായണമേനോന്‍, കരീത്ര രാമപ്പണിക്കര്‍, ഐക്കര കര്‍ത്താവ്‌, തകഴി കേശവപ്പണിക്കര്‍, ചമ്പക്കുളം ശങ്കുപ്പിള്ളയാശാന്‍, കരിപ്പുഴ വേലു, ചമ്പക്കുളം പരമുപ്പിള്ള എന്നിവര്‍. വണ്ടൂര്‍ കൃഷ്ണന്‍നായര്‍, അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപിള്ള, തിരുവല്ലാ കുഞ്ഞുപിള്ള എന്നിവര്‍ ബകവധം ലളിതക്കും കുത്തനൂര്‍ ഗോവിന്ദപ്പണിക്കര്‍, നൊച്ചൊള്ളി രാമന്‍നായര്‍, വെച്ചൂര്‍ രാമന്‍പിള്ള എന്നിവരുടെ ബകനും പേരു കേട്ടിരുന്നു.

(ഇത്രയും വിവരങ്ങൾ കെ.പി.എസ് മേനോന്റെ കഥകളി ആട്ടപ്രകാരം എന്ന പുസ്തകത്തിൽ നിന്നും)