സത്യസ്വരൂപിതന്മായാശക്തികളറിവാൻ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പ

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ശിവൻ

പദം 
സത്യസ്വരൂപിതന്‍ മായാശക്തികളറിവാൻ
സിദ്ധന്മാർ വയമപി മുഗ്ദ്ധന്മാരല്ലോ

കഞ്ജനാഭം കലയാഞ്ജനാഭം
അഞ്ജസാ തവ ഭയഭഞ്ജനചതുരം

വിഷ്ണുകരതലരോചിഷ്ണുവാമായുധം
വിഷ്ണുഭക്തവൈരസഹിഷ്ണുവല്ലറിക.

ചെന്താർമാനിനിതന്റെ കാന്തനല്ലാതെ
സന്താപമകറ്റുവാൻ ബന്ധുവാരിഹ തേ?

കേവലാനന്ദരൂപി കേശവൻ നിജപദ-
സേവകജനത്തിനിന്നേവമധീനൻ

അർത്ഥം: 

സത്യസ്വരൂപിതന്മായാശക്തികളറിവാൻ:- സത്യസ്വരൂപനായ വിഷ്ണുവിന്റെ മായാശക്തികൾ അറിയുവാൻ സിദ്ധന്മാരായ ഞങ്ങൾക്കുകൂടി കഴിവില്ല. അഞ്ജനവർണ്ണനും പെട്ടന്ന് അങ്ങയുടെ ഭയത്തെ ഇല്ലാതെയാക്കുവാൻ സാമർത്ഥ്യമുള്ളവനുമായ പത്മനാഭനെ ആശ്രയിച്ചാലും. വിഷ്ണുവിന്റെ കരത്തിൽ ശോഭിക്കുന്നതായ ചക്രായുധം വിഷ്ണുഭക്തരിലുള്ള വൈരം സഹിക്കുന്നവനല്ല എന്ന് അറിഞ്ഞാലും. നിന്റെ ദുഃഖമകറ്റുവാൻ ലക്ഷ്മീകാന്തനല്ലാതെ ബന്ധുവായി മറ്റാരാണിവിടെ നിനക്കുള്ളത്? കേവലാനന്ദസ്വരൂപിയായ കേശവൻ, തന്റെ പാദസേവകരായ ജനങ്ങൾക്ക് ഇന്ന് ഇപ്രകാരം അധീനനാണ്.

അരങ്ങുസവിശേഷതകൾ: 

ശിവൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

ശേഷം ആട്ടം-
ദുർവ്വാസാവ്:’അയ്യോ! അങ്ങ് എന്നെ രക്ഷിക്കേണമേ’
ദുർവ്വാസാവ് വീണ്ടും ശിവനെ നമസ്ക്കരിക്കുന്നു. അനുഗ്രഹിക്കുന്നതോടൊപ്പം തിരശ്ശീല ഉയർത്തി ശ്രീപരമേശ്വരൻ അപ്രത്യക്ഷനാകുന്നു. ഉടനെ സദസ്യർക്കിടയിലൂടെ ഓടിവന്ന് രംഗത്തുകയറുന്ന സുദർശനം ദുർവ്വാസാവിനെ സമീപിക്കുന്നു. ചൂട് സഹിക്കാനാവാതെ എഴുന്നേൽക്കുന്ന ദുർവ്വാസാവ് പ്രാണഭയം കൊണ്ട്  ഓടി നിഷ്ക്രമിക്കുന്നു. മുനിയെ പിന്തുടർന്നോടി സുദർശനവും നിഷ്ക്രമിക്കുന്നു.