ജയ ജയ മഹാരാജ ദീനബന്ധോ

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പ 10 മാത്ര

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ദുർവ്വാസാവ്

ശ്ലോകം
ലോകത്രയൈക ഗുരുണാ ഹരിണാ വിസൃഷ്ടഃ
ശോകത്രപാപരവശീകൃത ചിത്തവൃത്തിഃ
ചക്രാതുരോ മുനിവരശ്ശരണം പ്രപേദേ
ഭൂയോപി ഭൂരികരുണാംബുധിമംബരീഷം

പദം
ജയ ജയ മഹാരാജ ദീനബന്ധോ
മയി കുരു കൃപാം വീര മനുവംശരത്നമേ

ചാപലംകൊണ്ടു ഞാൻ ചെയ്തതു സഹിച്ചു നീ
താപം നിവാരയ കൃപാലയ വിഭോ

കോപശമനം മഹാപുരുഷന്മാർക്കു ഭുവി
കേവലമാശ്രയം കൊണ്ടു വരുമല്ലോ.

അർത്ഥം: 

ലോകത്രയൈക ഗുരുണാ:- മൂന്നുലോകങ്ങൾക്കും മുഖ്യദൈവമായിരിക്കുന്ന ഹരിയാലും ഉപേക്ഷിക്കപ്പെട്ടവനും ദുഃഖലജ്ജകളാൽ പാരവശ്യപ്പെട്ട മനോവൃത്തിയോടുകൂടിയവനും ചക്രായുധത്താൽ പീഡിതനുമായ മുനിശ്രേഷ്ഠൻ കരുണാസാഗരമായ അംബരീഷനെ ശരണം പ്രാപിച്ചു.

ജയ ജയ മഹാരാജ ദീനബന്ധോ:- മഹാരാജാവേ, ദീനബന്ധോ, ജയിച്ചാലും, ജയിച്ചാലും. വീരാ, മനുവംശരത്നമേ, എന്നിൽ കൃപ ച്ചെയ്താലും. കൃപയ്ക്ക് ഇരിപ്പിടമായവനേ, പ്രഭോ, അറിവില്ലായ്മകൊണ്ട് ഞാൻ ചെയ്തതിനെ സഹിച്ച് ഭവാൻ എന്റെ ദുഃഖത്തെ തീർത്താലും. കോപശമനം മഹാന്മാർക്ക് ഭൂമിയിൽ ആശ്രയം കൊണ്ടുമാത്രം വരുമല്ലോ.

അരങ്ങുസവിശേഷതകൾ: 

ശ്ലോകം ആലപിക്കുന്നസമയത്ത് സദസ്സിനിടയിലൂടെ സുദർശനത്താൽ തുരത്തപ്പെട്ട് ഭയന്നോടുകയും, തുളർന്നുവീഴുകയും, വീണ്ടും പിടിച്ചെഴുന്നേറ്റ് ഓടുകയും ചെയ്തുകൊണ്ടിരിക്കുന്ന ദുർവ്വാസാവ് ശ്ലോകം കൊട്ടിക്കലാശിച്ച് തിരശീലനീക്കുന്നതോടെ രംഗത്തേയ്ക്ക് കയറി ഇടതുഭാഗത്തായി ധ്യാനനിരതനായി നില്ക്കുന്ന അംബരീഷന്റെ മുന്നിൽ വീണുനമസ്ക്കരിക്കുന്നു. അതുകണ്ട് അംബരീഷൻ ദയയോടെ വന്ന് ദുർവ്വാസാവിനെ പിടിച്ചെഴുന്നേൽപ്പിക്കുന്നു. ദുർവ്വാസാവിനെ പിന്തുടർന്നുകൊണ്ട് രംഗത്തേയ്ക്കുകയറുന്ന സുദർശനം ഇടതുകോണിലായി നിൽക്കുന്നു. ദുർവ്വാസാവ് കിതയ്ക്കുകയും വിറയ്ക്കുകയും ചെയ്തുകൊണ്ട്, അവ്യക്തമായ മുദ്രകളോടെ പദം അഭിനയിക്കുന്നു.