കളക കളക കലുഷത ഹൃദി ഭൂപ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പട

ആട്ടക്കഥ: 

അംബരീഷചരിതം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

ശ്ലോകം
ഹാ കൃഷ്ണ! ത്വച്ചരണയുഗളാന്നൈവ ലോകേ വിലോകേ
സന്തപ്താനാം ശരണമപരം സങ്കടേഷ്വീദൃശേഷു.
ഇത്ഥം ചിന്താശബളിതമതിസ്താവദഭ്യേത്യ സഭ്യൈർ-
ദ്ധർമ്മ്യാംവാചം സ ഖലു ജഗദേ ഭൂസുരൈർഭാസുരാംഗൈഃ

 പദം

കളക കളക കലുഷത ഹൃദി ഭൂപ!കമലബന്ധുകുല ദീപ!

തെളിവിനൊടു വിലസും തവ മുഖമിതു വിളറിവിവശമാവാൻ കിമു മൂലം?
ച1
അത്രിമാമുനിതന്നുടെ നന്ദനൻ -ഹേ രാജേന്ദ്ര- ഗർവ്വേണ സർവ്വനിന്ദനൻ
കോപശപ്ത സംക്രന്ദനൻ അറിക പറവതെന്തിഹ?
ച2
എന്തിനവനെ വരിച്ചു ഭോജനേ-ഹേ രാജേന്ദ്ര- സാഹസകർമ്മശീലനേ?
താപസന്മാരിലന്യനേ ചൊൽകിലില്ല താപം.
ച3
അന്യദുഃഖമിവനുണ്ടോ മാനസേ -ഹേ രാജേന്ദ്ര- വട്ടംകൂട്ടി മഹാനസേ
ഭോജനത്തിന്നു താമസേ ഹേതുരേഷ ജരഠൻ.
ച4
ആശ്വസിച്ചു വാഴുക നീ ഭൂപതേ -ഹേ രാജേന്ദ്ര- ഉണ്ടൊരുപായമാശു തേ
ഞങ്ങൾ ചൊല്ലാം രമാപതേരംഘ്രിസേവകോത്തമ
കേവലമംഭസ്സുകൊണ്ടു പാരണം -ഹേ രാജേന്ദ്ര- രണ്ടിന്നുമതു ഭൂഷണം
ഇല്ലതിനൊരു ദൂഷണം വിരവിലറിക വീര!
 

അർത്ഥം: 

ഹാ കൃഷ്ണ ത്വച്ചരണയുഗളാന്നൈവ:- ‘അല്ലയോ കൃഷ്ണാ, ഇങ്ങിനെ സങ്കടങ്ങളിൽ ദുഃഖിക്കുന്നവർക്ക് അവിടുത്തെ കാലിണകളല്ലാതെ മറ്റൊരാശ്രയം ലോകത്തിൽ ഞാൻ കാണുന്നില്ല’ ഇപ്രകാരം ചിന്താകുലമാനസനായിരിക്കെ അദ്ദേഹത്തിന്റെ സഭാവാസികളും പരിശുദ്ധരുമായ ബ്രാഹ്മണർ വന്ന് ധർമ്മത്തിനൊത്തവിധം പറഞ്ഞു.

കളക കളക കലുഷത ഹൃദി ഭൂപ:- സൂര്യവംശത്തിന് വിളക്കായുള്ളവനേ, രാജാവേ, മനസ്സിലെ കലുഷത കളഞ്ഞാലും. തെളിവുറ്റ അങ്ങയുടെ ഈ മുഖം വിളറി വിവശമാവാൻ എന്തു കാരണം? അത്രിമഹർഷിയുടെ പുത്രൻ അഹങ്കാരം കൊണ്ട് എല്ലാവരാലും നിന്ദിക്കപ്പെടുന്നവനാണ്. ഇവിടെ എന്തു പറയട്ടെ? ഇവൻ കോപത്താൽ ഇന്ദ്രനേയും ശപിച്ചവനാണ്. കോപശീലനായ അവനെ എന്തിനാണ് ഭക്ഷണത്തിനായി ക്ഷണിച്ചത്? താപസന്മാരിൽ മറ്റാരെയെങ്കിലും ക്ഷണിച്ചിരുന്നുവെങ്കിൽ ദുഃഖിക്കേണ്ടിവരുമായിരുന്നില്ല. അന്യരുടെ ദുഃഖമുണ്ടൊ ഇദ്ദേഹം മനസ്സിലാക്കുന്നു? പാചകശാലയിൽ എല്ലാം വട്ടംകൂട്ടിയിരിക്കുന്നു. ഈ വയസ്സനാണ് ഭക്ഷണം താമസിക്കുന്നതിന് കാരണം. രാജാവേ, അങ്ങ് ആശ്വസിച്ചിരുന്നാലും. ഒരു ഉപായമുണ്ട്. വിഷ്ണുപാദസേവകരിൽ ഉത്തമനായുള്ളവനേ, ഞങ്ങൾ അങ്ങേയ്ക്കത് ഉടനെ പറഞ്ഞുതരാം. വെറും ജലംകൊണ്ട് പാരണചെയ്യുക. അത് രണ്ടുപക്ഷത്തിനും യോജിക്കും.വീരാ, അതിനൊരു തെറ്റുമില്ലെന്ന് നന്നായി മനസ്സിലാക്കിയാലും.

അരങ്ങുസവിശേഷതകൾ: 

ശ്ലോകമവസാനിക്കുന്നതോടെ ജലപൂരിതമായ ശംഖ് കൈയ്യിലേന്തിക്കൊണ്ട് ‘കിടതകധീം,താം’ മേളത്തിനൊപ്പം വലത്തുഭാഗത്തുകൂടി ബ്രാഹ്മണൻ പ്രവേശിക്കുന്നു. ബ്രാഹ്മണനെ കാണുന്നതോടെ അംബരീഷൻ എഴുന്നേറ്റ് കുമ്പിടുന്നു. ബ്രാഹ്മണൻ ശംഖ് താഴെവെച്ചിട്ട് രാജാവിനെ അനുഗ്രഹിച്ചശേഷം പദാഭിനയം ആരംഭിക്കുന്നു.

ശേഷം ആട്ടം-
അംബരീഷൻ:’അതുകൊണ്ട് ഒട്ടും ദോഷമില്ലെന്ന് തീർച്ചയല്ലേ?’
ബ്രാഹ്മണൻ:’തീർച്ചയാണ്. വേദശാസ്ത്രപ്രകാരം അതിന് ഒട്ടും ദോഷമില്ല’
ബ്രാഹ്മണൻ ശംഖിൽനിന്നും ജലം ഒഴിച്ചുകൊടുക്കുന്നു. അംബരീഷൻ ജലം കൈക്കുമ്പിളിൽ വാങ്ങി ഭക്തിപുരസരം സേവിക്കുന്നു. അനന്തരം ബ്രാഹ്മണനെ വന്ദിച്ചിട്ട് അംബരീഷൻ ഇടത്തുഭാഗത്തേയ്ക്കുനീങ്ങി കൈകൂപ്പി ധ്യാനനിരതനായി നിൽക്കുന്നു. ബ്രാഹ്മണൻ അനുഗ്രഹിച്ചിട്ട് നിഷ്ക്രമിക്കുന്നു.