അംബരീഷ ചരിതം പുറപ്പാട്

ശ്ലോകം
ത്രൈലോക്യാങ്കണ ജാംഘ്രികോദ്ഭടഭുജാടോപേന യേനാജനി
സ്വർഗ്ഗസ്ത്രീകുചകുംഭപത്രരചനാവൈജ്ഞാനികോ വാസവഃ
സോയം ഭാനുകുലാബ്ധികൗസ്തുഭമണിർന്നാഭാഗഭാഗ്യോദയ-
സ്സൗജന്യാബുധിരംബരീഷ ന്യപതിശ്ശ്രീമാനഭൂദ്വിശ്രുതഃ

പദം
ഭാനുകുലകുമുദിനീഭാസുരശശാങ്കൻ
മാനനീയഹരിപാദമാനനതല്പരൻ
വാരിധിമേഖലയാകും പാരിടമഖിലം
സ്വൈരം പാലിച്ചു തന്നുടെ സാകേതസമാനം
അംബരചരതരുണീ ആനനപങ്കജ-
ചുംബിതകീർത്തികലാപൻ അംബരീഷഭൂപൻ
പല്ലവാംഗിമാരാം നിജവല്ലഭമാരോടുംകൂടി
കല്യരാമമാത്യരോടും കൗതുകേന വാണൂ അർത്ഥം:

ത്രൈലോക്യാങ്കണ ജാംഘ്രികോദ്ഭടഭുജാടോപേന:- സൂര്യവംശമാകുന്ന സമുദ്രത്തിൽനിന്നുയർന്ന കൗസ്തുഭരത്നം എന്നപോലെ നാഭാഗരാജാവിന്റെ ഭാഗ്യോദയമായുള്ളവനും ഔദാര്യനിധിയും അംബരീഷനെന്നു പ്രസിദ്ധനുമായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതിഗംഭീരമായ കൈക്കരുത്ത് ത്രൈലോക്യം മുഴുവൻ വ്യാപരിച്ച്‌ ധർമ്മരക്ഷണം ചെയ്തതുകൊണ്ടിരുനതിനാൽ ഇന്ദ്രന്‌ മറ്റു ചുമതലകളൊന്നുമില്ലാതെവരുകയും സ്വർഗസ്ത്രീകളുടെ മാറിൽ അലങ്കാരക്കുറി വരയ്ക്കുന്ന കാര്യത്തിൽ വൈദഗ്ധ്യം നേടാനാനാവുകയും ചെയ്തു!

ഭാനുകുലകുമുദിനീഭാസുരശശാങ്കൻ:- സൂര്യവംശമാകുന്ന ആമ്പൽപ്പൊയ്കയിൽ വിളങ്ങുന്ന ചന്ദ്രനും, മാനിക്കപ്പെടേണ്ടുന്നവനും, വിഷ്ണുപാദസേവാതൽപ്പരനും, ദേവസ്ത്രീകളാൽ പാടിപ്പുകഴ്ത്തപ്പെടുന്നതും ആകാശത്തോളം ഉയർന്നതുമായ കീർത്തിയുള്ളവനുമായ അംബരീഷമഹാരാജാവ് തന്റെ സാകേതരാജ്യം എന്നതുപോലെതന്നെ സമുദ്രാതിർത്തിയായ ഭൂമിയെ മുഴുവനും പാലിച്ചുകൊണ്ട് തളിർമേനികളായ തന്റെ വല്ലഭമാരോടും ശ്രേഷ്ഠരായ മന്ത്രിമാരോടും കൂടി സസുഖം വാണു