ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. സുദിനമിന്നു മേ

സുദിനമിന്നു മേ

രംഗം പതിനൊന്ന്‌ : ചേദിരാജധാനിയിലെ അന്തഃപുരം

രാഗം : മദ്ധ്യമാവതി
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : സുദേവൻ

ശ്ലോകം:
 
താപാർത്താ നളമനുചിന്ത്യ ചേദിപുര്യാം
സാവാത്സീദിഹ സഹ വീരബാഹുപുത്ര്യാ
ഭീമോക്ത്യാ ഭുവി ച വിചിത്യ താം സുദേവോ
ഭൂദേവോ നിഗദിതവാൻ വിലോക്യ ഭൈമീം.

 
പല്ലവി.

സുദിനമിന്നു മേ, സുദേവനാം ഞാൻ;
സുഖമോ തേ നളദയിതേ ?

അനുപല്ലവി.
 
സുമുഖി, കാന്തനെങ്ങുപോയി? ചൊല്ക നീ ;
സോദരസഖമറിക മാം ദമസോദരീ.

 
ചരണം. 1
 
അവസ്ഥയെല്ലാമച്ഛൻ കേട്ടു നിങ്ങടെ
ആവതെന്തുള്ളു സങ്കടേ,
കൊണ്ടങ്ങു ചെൽവാൻ നിങ്ങളെ
കല്പിച്ചയച്ചു ഞങ്ങളെ ഭൂസുരാനോരോ ദിശി


 അർത്ഥം: 

ശ്ലോകസാരം:
ദമയന്തി ചേദിപുരിയിൽ നളനെ വിചാരിച്ചു ദഃഖിച്ചുകൊണ്ടു താമസിച്ചു. സുദേവനെന്നു പേരായ ബ്രാഹ്മണൻ ഭീമരാജാവു പറഞ്ഞതനുസരിച്ച്‌ ദേശങ്ങളിലെല്ലാം ദമയന്തിയെ തിരഞ്ഞ്‌ അവിടെയെത്തി അവളെ കണ്ടെത്തി ഇങ്ങനെ പറഞ്ഞു.

സാരം:
എനിക്കിന്നു സുദിനമാണ്‌. സുദാവനാണ്‌ ഞാൻ. നളൻ്റെ പത്നിയായ നിനക്കു സുഖമാണോ? നിൻ്റെ ഭർത്താവെവിടെ പോയി? നിൻ്റെ സഹോദരൻ്റെ സഖാവാണു ഞാൻ. നിങ്ങളുടെ അവസ്ഥയെല്ലാം അച്ഛൻ കേട്ടു. ദുഃഖം വന്നാൽ എന്തു ചെയ്യും ? നിങ്ങളെ കണ്ടുപിടിച്ചു കൊണ്ടുവരാൻ ഞങ്ങൾ ബ്രാഹ്മണരെ ഓരോ വഴി കല്പിച്ചയച്ചു അദ്ദേഹം.

അരങ്ങുസവിശേഷതകൾ: 

വലതുവശത്തിരിക്കുന്ന ദമയന്തിയുടെ സമീപത്തേയ്ക്ക്‌ ഇടതുവശത്തുകൂടി സുദേവൻ പ്രവേശിക്കുന്നു. രണ്ടു കിടതകിധിംതാം. സുദേവനെ വലതുവശത്തേക്കാക്കി ദമയന്തി വന്ദിക്കുന്നു. പദം.