ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. മാനേലുംകണ്ണികൾമണി

മാനേലുംകണ്ണികൾമണി

രംഗം ഒമ്പത് : നദീതീരം

രാഗം : കല്യാണി
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : സാർത്ഥവാഹൻ (ശുചി)

ശ്ലോകം.
 
ഏവം സഞ്ചിന്ത്യ കാണായൊരു തടിനി കട-
ക്കുന്ന മാലോകരെക്ക-
ണ്ടാവിർമ്മോദാങ്കുരം ചെന്നണയുമളവിമാം
‘കേ‘തി ചോദിച്ചിതേകേ;
‘പേ വന്നീടുന്നിതെ‘ ന്നാർ ചിലർ ; ‘പെരുവഴിപോ-
ക്കത്തി നന്നെ‘ ന്നു കേചിത്‌ ;
ഭാവം നോക്കിദ്ദയാവാനവളോടഭിദധേ
തസ്യ സാർത്ഥസ്യ നാഥൻ.

 
 
പല്ലവി.
 
മാനേലുംകണ്ണികൾമണി, തവ
മംഗലരൂപിണി, മംഗലമേ.

 
അനുപല്ലവി.
 
താനേ നീയിഹ വന്നീടിനതദ്ഭുതമദ്ഭുതമദ്ഭുതമേ ;
ശുഷ്കകാനനേ ദുർഗ്ഗതമേ കഥയ കാസി നീയപ്രതിമേ ?

 
ചരണം. 1
 
യോഷമാർമകുടഭൂഷയായൊരുനി ൻ-
വേഷമെന്തിതതിദയനീയം ?
ഭൂഷിതാ കിമസി കേനചിത്‌ കമനി?
ഭീഷിതാസി കിമു? കഥനീയം ;
ബ്രൂഷ ഏവ വചനം വിനാ വിശദം
പ്രോഷിതേതി, ന തദനുമേയം.
ശേഷമെന്നൊടിതശേഷവും പറകി-
ലേഷഞാൻ വിപദി സുസഹായം.

അർത്ഥം: 

ശ്ലോകസാരം:
ഇപ്രകാരം ചിന്തിച്ചു നടക്കുമ്പോൾ മുന്നിൽ ഒരു നദി കടക്കുന്ന ആളുകളെ കണ്ട്‌ ചെറിയൊരു സന്തോഷത്തോടെ അവരുടെ അടുത്തേക്കു ചെല്ലുമ്പോൾ `നീ ആര്‌` എന്നു ചിലർ ചോദിച്ചു. `ഭ്രാന്തത്തി വരുന്നു`വെന്നു ചിലർ. `പെരുവഴിപോക്കത്തി നന്നെ`ന്നു ചിലർ. അപ്പോൾ ദമയന്തിയുടെ അവസ്ഥ തിരിച്ചറിഞ്ഞ കച്ചവടസംഘനേതാവ്‌ അവളോടു ചോദിച്ചു.

സാരം:
സുന്ദരീ, നിനക്കു മംഗളം. നീ ഇവിടെ തനിയേ വന്നത്‌ വളരെ അദ്ഭുതം. നിൻ്റെ വേഷം ദയനീയമായിരിക്കുന്നു. നിന്നെ ആരെങ്കിലും ഉപദ്രവിച്ചുവോ? അതോ ഭയാനകമായ സംഭവങ്ങൾ എന്തെങ്കിലും ഉണ്ടായോ ? ഭർത്താവ്‌ ഉപേക്ഷിക്കപ്പെട്ടവളാണു നീയെന്നു വ്യക്തം. അല്ല, ഞാൻ അങ്ങനെ ഊഹിക്കുന്നു. എന്താണു കാര്യമെന്നു പറഞ്ഞാൽ ഈ ആപത്തിൽ ഞാൻ സഹായമായിരിക്കും.      

അരങ്ങുസവിശേഷതകൾ: 

ഇടതുവശത്തു നിൽക്കുന്ന ദമയന്തിയുടെ സമീപത്തിലേയ്ക്ക്‌ വലതുവശത്തുകൂടി സാർത്ഥവാഹൻ പ്രവേശിച്ച്‌ പദം. രണ്ട്‌ കിടതകിധിംതാം.