രംഗം പത്ത് : സുബാഹുവിൻ്റെ കൊട്ടാരം
രാഗം : ബിലഹരി
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : അമ്മതമ്പുരാട്ടി (സുബാഹുവിൻ്റെ അമ്മ)
ശ്ലോകം:
സാർദ്ധം ഗത്വാ തേന സാർത്ഥേന ഭൈമീ
സായാത് സായം ചേദിപസ്യാധിവാസം
വാസാർത്ഥം താം വാസസോർദ്ധം വസാനാം
ദീനമാപ്താം രാജമാതാ ബഭാഷേ.
പല്ലവി.
കിം ദേവീ? കിമു കിന്നരി ? സുന്ദരീ,
നീ താനാരെന്നെന്നൊടു വദ ബാലേ,
അനുപല്ലവി.
മന്നിലീവണ്ണമുണ്ടോ മധുരത രൂപത്തിന് !
മുന്നമേ ഞാനോ കണ്ടില്ലാ, കേട്ടുമില്ലാ.
അർത്ഥം:
ശ്ലോക സാരം:
ദമയന്തി ആ കച്ചവടസംഘത്തോടുകൂടെ പോയിട്ട് സന്ധ്യയ്ക്ക് ചേദിരാജൻ്റെ ഗൃഹത്തിലെത്തി. പാതിവസ്ത്രമുടുത്ത് ദീനതയോടെ അവിടെയെത്തിയ അവളോടു ചേദിരാജ്ഞി പറഞ്ഞു.
സാരം:
സുന്ദരീ, നീ ദേവിയാണോ ? കിന്നരസ്ത്രീയാണോ ? ആരാണെന്നു പറയൂ, കുഞ്ഞേ. ഭൂമിയിൽ ഇങ്ങനെ സുന്ദരിയായി ഒരുവളുണ്ടോ, കണ്ടിട്ടും കേട്ടിട്ടുമില്ല.
അരങ്ങുസവിശേഷതകൾ:
വലതുവശത്തിരിക്കുന്ന ചേദി രാജ്ഞിയുടെ സമീപത്തേയ്ക്ക് ദമയന്തി പ്രവേശിക്കുന്നു. ഒരു കിടതകിധിംതാം.