രംഗം ഏഴ് : വനമണ്ഡപം
രാഗം: ഗൌളീപന്ത്
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ: ദമയന്തി,നളൻ
ശ്ലോകം.
വസ്ത്രം പത്രികൾകൊണ്ടുപോയ് ദിവി മറ-
ഞ്ഞപ്പോളവസ്ഥം നിജാ-
മുൾത്താരിങ്കൽ വിചാര്യ ദിഗ്‌വസനനായ്
നിന്നൂ നളൻ ദീനനായ്;
പത്ന്യാ സാകമിതസ്തതോfഥ ഗഹനേ
ബംഭ്രമ്യമാണശ്ശുചാ
നക്തം പോയ് വനമണ്ഡപം കിമപി ചെ-
ന്നദ്ധ്യാസ്ത വിഭ്രാന്തധീഃ
പല്ലവി.
ഒരുനാളും നിരൂപിതമല്ലേ ഉദന്തമി-
തൊരുനാളും നിരൂപിതമല്ലേ.
അനുപല്ലവി.
കരുണാകടാക്ഷമെന്നിൽ പുരവൈരി സംഹരിച്ചോ ?
സുരനായകവരത്തിൽ പരിണാമമീദൃശമോ ?
ചരണം. 1
സുന്ദരീ, ദയിതേ, ശൃണു ഭൈമീ, നിന്നെ രക്ഷിപ്പാൻ
ഇന്നരിമ എനിക്കെന്നു വന്നു.
ഒന്നല്ലെനിക്കുള്ളാധി ചൊന്നാലറിയിക്കാമോ?
എന്നെയും നിന്നെയും നീ തന്നെ കാത്തുകൊള്ളേണം.
അർത്ഥം:
ശ്ലോക സാരം:
വസ്ത്രവുമായി പക്ഷികൾ പോയ്മറഞ്ഞപ്പോൾ സ്വന്തം അവസ്ഥയെ ഓർത്ത് നഗ്നനായി നളൻ നിന്നു. പിന്നെ കാട്ടിൽ അവിടെയും ഇവിടെയും ബുദ്ധിയുറയ്ക്കാതെ അലഞ്ഞു. രാത്രിയായപ്പോൾ ഒരു വനമണ്ഡപത്തിൽ ചെന്നിരുന്നു.
സാരം:
ഈ ഉദന്തങ്ങളൊന്നും ഒരു നാളും പ്രതീക്ഷിച്ചതല്ല. പരമശിവൻ എന്നിലുള്ള കരുണാകടാക്ഷം സംഹരിച്ചുവോ ? ദേവരാജൻ്റെ വരത്തിൻ്റെ പരിണാമം ഇങ്ങനെയോ? സുന്ദരീ, ദമയന്തീ, നിന്നെ രക്ഷിക്കാൻ ഇന്ന് എനിക്കു പ്രയാസമായിരിക്കുന്നു. എന്നെയും നിന്നെയും പതിവ്രതയായ നീ തന്നെ രക്ഷിച്ചുകൊള്ളണം.
അരങ്ങുസവിശേഷതകൾ:
ഈ ശ്ലോകം അഭിനയിക്കേണ്ടതാണ്. തുടർന്ന് പദാഭിനയം.