ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. എന്തുപോൽ ഞാനിന്നു ചെയ്‌വേൻ?

എന്തുപോൽ ഞാനിന്നു ചെയ്‌വേൻ?

രംഗം ആറ്‌ : വനപ്രവേശം

രാഗം: ഘണ്ടാരം
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ: ദമയന്തി,നളൻ

ശ്ലോകം:

കല്യാവേശാവശോപി സ്വയമനൃതഭിയാ
ഭൂഷണാന്യാത്മനോസ്മൈ
ദത്വാ തൂഷ്ണീം പുരസ്താദ്‌ദ്രുതമപഗതവാ-
നേകവസ്ത്രോ നളോയം
ഭൈമ്യാ വാർഷ്ണേയനീതസ്വസുതമിഥുനയാ
ദീനയാ ചാനുയാതഃ
ക്ഷുത്ക്ഷാമോമ്മാത്രവൃത്തിർന്നിജമഥ വിമൃശൻ
വൃത്തമാസ്തേ സ്മ ശോചൻ.

 

പല്ലവി.
 
എന്തുപോൽ ഞാനിന്നു ചെയ്‌വേൻ?
ബന്ധവോ മേ വൈരികളായ്‌.

 
അനുപല്ലവി.
 
അന്തകവൈരിപാദചിന്തനം കുറകയോ ?
ബന്ധമെന്തെനിക്കേവം സന്താപം വരുവാൻ ?

 
ചരണം. 1
 
പുഷ്പകരനു ലഭിച്ചു പുരവും ജനപദവും
പുഷ്കലമാധിപത്യം പുതിയ വിഭൂതികളും,
ബുദ്ധിപൂർവമിത്യുപായനൈപുണി
ചിത്തതാരിലോർത്തുകാൺകിലെത്രയും
ഇത്ഥമിന്നു വൃത്തമായി വന്നിതു
മൃത്യുവൈരിഭക്തി മാഞ്ഞുപോയിതോ ?

 
ചരണം 2.
 
സുന്ദരി, ദമയന്തി, സുദതി, സുമുഖി, സതി,
തന്വി, തരുണീമണി തളരുന്നിതല്ലോ പാരം;
തപ്തതോയസിക്തമാലതീ വന-
നക്തമാലമസ്തമൂലമിവ നളം
ക്ഷുത്തൃഡാർത്തിലുപ്തചിത്തമാശ്രയി-
ച്ചത്തൽമൂലം ചത്തുപോകിലാമുടൻ.

 
പക്ഷികളെഅടുത്തുകണ്ടിട്ട്‌:
 
ചരണം 3.

പക്ഷങ്ങൾ ചഞ്ചുക്കളും പരിചെഴും പൊൻനിറമാം
പക്ഷികളിതാ വന്നു പരമരണണീയങ്ങൾ;
ഭക്ഷണാർത്ഥമിക്ഷണേന ഞാനിഹ
വിക്രമേണ കൈക്കലാക്കുവൻ, വല
വയ്ക്കവേണമെങ്കിലെന്തുചെയ്‌വതു?
വസ്ത്രമേതുദുത്‌സൃജാമി ചാമിവ.

അർത്ഥം: 

ശ്ലോകസാരം:
നളൻ കലിബാധയാൽ ബുദ്ധിമങ്ങിയവനെങ്കിലും സത്യലംഘനമോർത്ത്‌ ആഭരണങ്ങളും മറ്റും പുഷ്കരനു കൊടുത്ത്‌ ഏകവസ്ത്രം ധരിച്ച്‌ മിണ്ടാതെ നഗരത്തിൽനിന്ന്‌ ഓടിപ്പോയി. ദമയന്തിയാകട്ടെ, വാർഷ്ണേയൻ മുഖാന്തിരം കുട്ടികളെ സ്വന്തം മാതാപിതാക്കളുടെ സവിധത്തിൽ എത്തിച്ചിട്ട്‌ ചിത്തഭ്രമം പിടിപെട്ട നളനെ അനുഗമിച്ചു. അവർ വിശന്നു വലഞ്ഞ്‌ നീർചോലകളിൽനിന്നു വെള്ളം മാത്രം കുടിച്ചുകൊണ്ട്‌ സ്വന്തം അവസ്ഥയെക്കുറിച്ചു ചിന്തിച്ചു പരിതപിച്ചുകൊണ്ടിരുന്നു.

സാരം:
ഞാനിന്ന്‌ എന്താണു ചെയ്യുന്നത്‌? ബന്ധുക്കൾ എൻ്റെ ശത്രുക്കളായി. പരമശിവനിലുള്ള ഭക്തി കുറഞ്ഞതുകൊണ്ടാണോ, അതോ മറ്റെന്തെങ്കിലും കാരണംകൊണ്ടാണോ എനിക്കിങ്ങനെ സന്താപം ഉണ്ടാകുന്നത്‌ ? പുഷ്കരനു ലഭിച്ചു കൊട്ടാരവും രാജ്യവും രാജ്യാധികാരവും വിഭൂതികളുമെല്ലാം. അവൻ്റെ ഉപായനൈപുണി ബുദ്ധിപൂർവമായിരുന്നു. ആലോചിക്കുമ്പോൾ എൻ്റെ കാര്യത്തിൽ വ്യക്തമാകുന്നത്‌ എൻ്റെ ശിവഭജനത്തിൽ വന്ന വീഴ്ചതന്നെയാണ്‌. സുന്ദരീ ദമയന്തീ, നിൻ്റെ ശരീരം വല്ലാതെ തളരുന്നല്ലോ. ചൂടുവെള്ളംകൊണ്ടു നനയ്ക്കപ്പെട്ട മുല്ലവള്ളി, വേരറ്റ ഉങ്ങുമരത്തെ ആശ്രയിക്കും പോലെ നീ വിശപ്പും ദാഹവുംകൊണ്ടു ബുദ്ധി നശിച്ച എന്നെ ആശ്രയിച്ചാൽ ക്ഷീണിച്ചു ചത്തുപോയെന്നും വരാം. ഇതാ കാണാനഴകുള്ള പക്ഷികൾ. ഭക്ഷണത്തിനായി ഇവയെ പിടിക്കാം. വല വയ്ക്കാനായി വസ്ത്രമെടുത്തു വിരിക്കാം. ഇവ ചാകും.

അരങ്ങുസവിശേഷതകൾ: 

നളനും ദമയന്തിയും രംഗമദ്ധ്യത്തിൽ ഇരിക്കുന്നു. പദാഭിനയം.