ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. അലസതാവിലസിത

അലസതാവിലസിത

 രംഗം ഏഴ്‌ : വനമണ്ഡപം 

രാഗം : പുന്നഗവരാളി
താളം : മുറിയടന്ത
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി

ഭൈമി  (ഉണർന്ന്‌സംഭ്രാന്തയായി)

പല്ലവി.

അലസതാവിലസിതമതിനാൽ ഞാനുറങ്ങിനേൻ
അലമലം പരിഹാസകലവികളാലേ.

അനുപല്ലവി.

അളവില്ലാ മമ ഭയം, ആളിമാരുമില്ലാ
നള, നളിനാക്ഷ, നീ ഒളിവിലെന്തിരിക്കുന്നു ?

ചരണം.1

ഹരിത്പതികൾ തന്നൊരു തിരസ്കരിണിയുള്ള നീ
ഇരിപ്പെടം ധരിപ്പതിനരിപ്പമല്ലോ;
വരിപ്പുലി നടുവിൽ സഞ്ചരിപ്പതിനിടയിലോ
ചിരിപ്പതിനവസര,മിരിപ്പതു പുരിയിലോ ?

ചരണം. 2

പടംനോക്കിയുടൻ താനേ നടന്നാനോ വെടിഞ്ഞെന്നെ ?
പടിഞ്ഞാറോ കിഴക്കോ നീ വടക്കോ തെക്കോ?
ദൃഢംജാനേ മതംതേഹം: “വിടുന്നോളല്ലിവൾ, ഞാൻ വേർ-
പെടുന്നാകിലുടൻ താനൊരിടംനോക്കി നടന്നുപോം“.

ചരണം. 3

വിശേഷിച്ചുണ്ടെനിക്കാധി, വിചാരിച്ചോളവും ദ്യുത-
വശാലിപ്പോൾ തവ ബുദ്ധികൃ ശയായ്പ്പോയി.
ദശാദോഷമതേഷാ ഞാനശേഷമോർത്തതിശോക-
രുജാവേശാവശൈവാശു വിശാമീശ, നിശാമദ്ധ്യേ.

ചരണം. 4
ഒരുഭൂതത്തിനാലേവം പരിഭൂതൻ മമ കാന്തൻ
പുരുഭുതികളെപ്പോലെ പുനരെന്നെയും
ഒരുപോതും നിനയാതെ പെരുമാറുന്നതു മൂലം
എരിതീയിൽ പതിതനായ്‌ വരിക വഞ്ചകനവൻ.

അർത്ഥം: 

സാരം:
അലസത വർദ്ധിച്ചതിനാൽ ഞാൻ ഉറങ്ങിപ്പോയി. നേരംപോക്കിനുള്ള കളികൾ മതിയാക്കുക. എനിക്കു വല്ലാതെ ഭയമാകുന്നു. കൂടെ തോഴിമാരുമില്ല. സുന്ദരനായ നളാ, നീ എന്താണ്‌ ഒളിവിൽ ഇരിക്കുന്നത്‌ ? പക്ഷികൾ കൊണ്ടുപോയ വസ്ത്രം തിരഞ്ഞ്‌ എന്നെ വിട്ടു നടക്കുകയാണോ ? നീ പടിഞ്ഞാറോ കിഴക്കോ വടക്കോ തെക്കോ ? നീ എന്താണു വിചാരിക്കുന്നതെന്ന്‌ എനിക്കു മനസ്സിലാകുന്നുണ്ട്‌. ഇവൾ എന്നെ വിട്ടു പോകുകയില്ല. ഞാൻ വേർപെടുകയാണെങ്കിൽ ഇവൾ ഒരിടം നോക്കി നടന്നു പൊയ്ക്കൊള്ളും എന്നല്ലേ നീ വിചാരിക്കുന്നത്‌ ? ഏതോ ഒരു ഭൂതത്താൽ ഉപദ്രവിക്കപ്പെടുന്നവനാണ്‌ എൻ്റെ കാന്തൻ. സമ്പത്തുകളോടെന്നപ്പോലെ എന്നോടും വിചാരമില്ലാതെ പെരുമാറുന്നത്‌ അതുകൊണ്ടാണ്‌. വഞ്ചകനായ ആ ഭൂതം എരിതീയിൽ പതിതനായ്‌ വരട്ടെ.

അരങ്ങുസവിശേഷതകൾ: 

ഉറങ്ങുന്ന ദമയന്തി ഉണരുമ്പോൾ നളനെ സമീപത്തു കാണാതെ ഭയപ്പെടുന്നു. തുടർന്ന്‌ പദം. പദശേഷം ദുഃഖത്തോടെ ആശ്രയമന്വേഷിച്ച്‌ വനത്തിലൂടെ ദമയന്തി സഞ്ചരിക്കുന്നു.