ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം രണ്ടാം ദിവസം
  5. അരികിൽ വന്നു നിന്നതാരെ,ന്തഭിമതം?

അരികിൽ വന്നു നിന്നതാരെ,ന്തഭിമതം?

രംഗം മൂന്ന്‌ : പുഷ്കരന്റെകൊട്ടാരം
പുഷ്കരൻ്റെ സമീപത്തേക്ക്‌ കലിദ്വാപരന്മാർ പ്രവേശിക്കുന്നു.

രാഗം : മാരധനാശി
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : പുഷ്കരൻ

ശ്ലോകം.

കോപമത്സരവശംവദഃ കലിർ-
ദ്വാപരേണ സഹ മേദിനീം ഗതഃ
സ്വാപദേ സ്വയമചോദയജ്ജളം
സ്വാപതേയഹരണായ പുഷ്കരം.

പല്ലവി.

അരികിൽ വന്നു നിന്നതാരെ,ന്തഭിമതം?
അഖിലമാശുചൊൽക.


അനുപല്ലവി.
അറികയില്ലെങ്കിലും അഭിമുഖന്മാരെക്കണ്ടെൻ-
മനതാരിലുണ്ടൊന്നുന്മിഷിതം ഝടിതി.

ചരണം. 1

ധരണിയിലുള്ള പരിഷകൾ നളനെച്ചെന്നു കാണും,
അവർക്കു വേണ്ടും കാര്യം നളനും സാധിപ്പിക്കും,
ദൂരത്തുന്നാരും വരികയില്ല നമ്മെക്കാണ്മാൻ.

ചരണം. 2

നമുക്കില്ലാ നാടും നഗരവും കുടയും ചാമരവും
അമിത്രവീരന്മാരെ അമർക്കും വൻപടയും,
ബാഹുജനെന്നുള്ളതേ നമുക്കൊന്നുള്ളു മുറ്റും.

ചരണം. 3

പഴുതേ ഞാനെന്തേ പലവക പറഞ്ഞു കേൾപ്പിക്കുന്നു?
നളനു വേറെ കർമ്മം നമുക്കു കർമ്മം വേറെ;
നമ്മെക്കൊണ്ടുപകാരം നിങ്ങൾക്കെന്തോന്നുവേണ്ടൂ ?

അർത്ഥം: 

ശ്ലോകസാരം:
കോപത്തിനും ഈർഷ്യയ്ക്കും വശംവദനായ കലി ദ്വാപരനോടുകൂടി ഭൂമിയിൽ ചെന്ന്‌ തൻ്റെ തന്നെ നാശത്തിനു കാരണമാകുംവണ്ണം ജളനായ പുഷ്കരനെ നളൻ്റെ സ്വത്ത്‌ അപഹരിക്കുന്നതിനു പ്രേരിപ്പിച്ചു.

സാരം:
അരികിൽ വന്നുനിന്ന നിങ്ങൾ ആരാണ്‌? എന്താണു വേണ്ടത്‌? നിങ്ങളെ അറിയുകയില്ലെങ്കിലും അഭിമുഖന്മ‍ാരായ നിങ്ങളെ കണ്ട്‌ എൻ്റെ മനസ്സ്‌ തെളിഞ്ഞിരിക്കുന്നു. സാധാരണയായി നാട്ടിലുള്ളവർ നളനെ ചെന്നു കാണുകയാണു പതിവ്‌. അവരുടെ ആവശ്യങ്ങൾ നളൻ സാധിപ്പിച്ചു കൊടുക്കുകയും ചെയ്യും. ദൂരത്തുനിന്നാരും നമ്മെ കാണാൻ വരാറില്ല. നമുക്കു നാടും നഗരവും കുടയും ചാമരവും ശത്രുവീരന്മ‍ാരെ അമർക്കുന്ന വൻപടയും ഒന്നുമില്ലല്ലോ. ഒരു ക്ഷത്രിയനായി പിറന്നുവെന്ന കേമത്തമൊക്കെയേ നമുക്കുള്ളു. വെറുതേ ഞാൻ എന്തിനാണ്‌ ഓരോന്നു പറഞ്ഞു കേൾപ്പിക്കുന്നത്‌? നളൻ്റെ കർമ്മം വേറെ; നമ്മുടെ കർമ്മവും വേറെ. ഇപ്പോൾ നമ്മേക്കൊണ്ടു നിങ്ങൾക്കെന്തുപകാരമാണു വേണ്ടത്‌?