രാഗം: കാപി
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: ഋതുപർണ്ണൻ
പല്ലവി:
വസ വസ സൂത, മമനിലയേ സുഖം
ബാഹുക, സാധുമതേ.
അനുപല്ലവി:
വസു നിനക്കിന്നേ തന്നേനസുഭരണോചിതം,
വാത്സല്യമെനിക്കു നിന്മേൽ.
ചരണം 1:
രഥവും കുതിരകളും നീതാൻ പരിപാലിക്കേണം;
രസികൻ ഞാനെന്നതും നീ ബോധിക്കേണം;
ഘ്യതവും മധുഗുളവും ക്ഷീരവും നിനക്കധീനം,
പചിക്കേണം ഭൂസുരരെ ഭുജിപ്പിക്കേണം;
“എന്നെരക്ഷിക്ക“ എന്നു ചൊന്നാലുപേക്ഷിക്കുന്ന-
തെന്നുടെ കുലത്തിലുണ്ടോ?
ചരണം 2:
ഇവനു പേർ ജീവലനെ,ന്നിവനു പേർ വാർഷ്ണേയനെ-
ന്നി, വരിരുവരും മമ സാരഥികൾ;
ഇവരുടെ ഗൃഹം തന്നെ നിനക്കും ഗൃഹമറിക,
ഇവർ നല്ല സൗജന്യവാരിധികൾ;
പകലോ മഹാനസത്തിൽ പാകവൈയഗ്ര്യമല്ലോ
നിശി പോയ് നിലയേ വാഴ്ക നീ.
ചരണം 3:
ദ്രുതതരഗതി മമ കുതിരകൾക്കേതും പോരാ,
അതിനിരുവർക്കുമില്ല ചതുരതയും;
ഇതരകുതിരകളെ അതിശയിച്ചതിരയം
കുതിരകൾക്കുപദേശിക്ക മധുരതയും;
പ്രതിരഥരാമരികൾ ചതുരതയാ വരികിൽ
വിധുരതയേതുമരുതേ.
അർത്ഥം:
സാരം:
സൂതാ, എൻ്റെ മന്ദിരത്തിൽ സുഖമായി വസിച്ചാലും, സൽബുദ്ധിയായ ബാഹുക നിനക്ക് ജീവിക്കാനുള്ള ധനം ഞാൻ തരാം.
തേരും കുതിരകളും നീ തന്നെ സംരക്ഷിക്കുക. ഞാൻ രസികനാണെന്നും അറിയുക. നെയ്യും തേനും ശർക്കരയും പാലും നിനക്ക് ഇഷ്ടംപോലെ ഉപയോഗിക്കാം.. പാകം ചെയ്യുകയും ബ്രാഹ്മണരെ ഊണു കഴിപ്പിക്കുകയും വേണം. ? എന്നെ രക്ഷിക്കണം? എന്ന് ഒരുവൻ വിലപിച്ചുവന്നാൽ അവനെ ഉപേക്ഷിക്കുന്ന ശീലം എൻ്റെ വംശത്തിലില്ല.
ഇവൻ ജീവലൻ, ഇത് വാഷ്ണേയൻ. രണ്ടുപേരും എൻ്റെ തേരാളികളാണ്. ഇവരുടെ വീട് ഇനി നിനക്ക് സ്വന്തം വീടാണ്. ഇവർ നല്ലവരാണ്. പകൽ സമയത്ത് അടുക്കളയിൽ പാചകം നിയന്ത്രിക്കുക. രാത്രി വീട്ടിൽ പോയി വസിക്കുക.
എൻ്റെ കുതിരകൾക്ക് വേഗം പോരാ. ഗതിവേഗം വർദ്ധിപ്പിക്കാനുള്ള സാമർത്ഥ്യം ഇവർക്കില്ലതാനും. മറ്റു കുതിരകളെ അതിശയിക്കുമാരുള്ള ഹൃദ്യത ഈ കുതിരകൾക്ക് വേഗം ഉപദേശിക്കണം. ശത്രുക്കൾ രഥമേറി സാമർത്ഥ്യത്തോടെ വന്നാൽ വല്ലായ്മ ഉണ്ടാകരുത്.
അരങ്ങുസവിശേഷതകൾ:
പദശേഷം ഋതുപർണൻ ജീവലവാഷ്ണേയന്മാർക്കൊപ്പം ബാഹുകനെ യാത്രയാക്കുന്നു.