ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം മൂന്നാം ദിവസം
  5. ജനനീ, മേ കാന്തൻ

ജനനീ, മേ കാന്തൻ

രംഗം എട്ട്‌: ഭൈമീമാതാവിൻ്റെ കൊട്ടാരം
ദമയന്തി പര്‍ണ്ണാദന്‍ പറഞ്ഞ വിവരങ്ങള്‍ അമ്മയോട് ധരിപ്പിക്കുന്നു.

രാഗം: ശങ്കരാഭരണം
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: ദമയന്തി

ശ്ലോകം:

പർണ്ണാദുന ഗോധനവും സ്വർണ്ണാഭരണങ്ങളും ദത്വാ
ചെന്നാശു ജനനി തന്നൊടു ചൊന്നാൾ തന്നാമയംഭൈമീ.

പല്ലവി:

ജനനീ, മേ കാന്തൻ സാകേതം തന്നിൽ
ചെന്നു വാണീടുന്നു പോൽ; 

അനുപല്ലവി:

അനുനീയൈനം ഇവിടെ വരുത്തുവാൻആരെ നാമങ്ങയച്ചീടാവൂ. 

ചരണം 1:

വമ്പനോടുവമ്പില്ലാർക്കും;
അരിനൃവരപുരവും നഗരവും തിരകിലും
അരുതരുതവനൊടെന്നവരവരൊരുപോലെ
ഇരുകരം കൂപ്പി നെടുവീർപ്പുമുടനിയന്നു
വിനയമൊടു വണങ്ങി നില്പരെന്നിതു കേൾപ്പൂ ഭുവി. 
 

ചരണം 2:

വമ്പനോടുവമ്പില്ലാർക്കും;
ബാലനല്ല ശിക്ഷ ചെയ്‌വാൻ,
സമ്പ്രതി മറ്റെന്താവതോർത്താൽ സാമമെന്നിയേ,
സംഗതിയില്ലാത്ത ദിക്കിൽ സാമന്തൻ താൻ എന്ന പോലെ
അങ്ങെങ്ങാനും പോയിവാണാൽ അവമാനത്തിന്നളവുണ്ടോ?

അർത്ഥം: 

ശ്ലോകസാരം:
പർണ്ണാദന്‌ ഗോധനവും സ്വർണ്ണാഭരണങ്ങളും ദാനം ചെയ്തിട്ട്‌, ദമയന്തി തൻ്റെ ദുഃഖം അമ്മയോട്‌ പറഞ്ഞു.
 സാരം:
അമ്മേ, എൻ്റെ പ്രിയൻ അയോദ്ധ്യയിൽ എത്തിച്ചേർന്നു പാർത്തു പോരികയാണത്രെ!ഇദ്ദേഹത്തെ വൈമുഖ്യം തീർത്ത്‌ ഇവിടെ വരുത്തുന്നതിന്‌ നാം സാകേതത്തിലേക്ക്‌ ഏതൊരാളെ അയക്കുന്നത്‌ ഉചിതമായിരിക്കും?ഉപദേശിക്കാൻ കുട്ടിയൊന്നുമല്ല. സാന്ത്വനം എന്ന ഉപായമല്ലാതെ മറ്റെന്താണ്‌ ഇപ്പോൾ ചെയ്യാനുള്ളത്‌.  യാതൊരു ബന്ധവുമില്ലാത്തൊരു നാട്ടിൽ സാമന്തനെപ്പോലെ വസിച്ചാൽ അവമാനത്തിന്‌ അളവുണ്ടോ?

അരങ്ങുസവിശേഷതകൾ: 

ദമയന്തീമാതാവ്‌ വലതുവശത്തിരിക്കുന്നു. ഒരു കിടതകിധിംതാം. ദമയന്തി പ്രവേശിച്ച്‌ വന്ദിച്ച്‌ പദം