ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം മൂന്നാം ദിവസം
  5. അന്തികേ വന്നീടേണം

അന്തികേ വന്നീടേണം

രംഗം മൂന്ന്‌:വനാന്തരം
ഈ രംഗത്തിൽ കാർക്കോടകനെ കണ്ട് മുട്ടുന്നു. കാർക്കോടകദംശനം. പിന്നെ ബാഹുകൻ എന്നപേരിൽ അറിയപ്പെടുന്നു.

രാഗം: ഭൈരവി
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: കാർക്കോടകൻ

ശ്ലോകം:

അങ്ങോട്ടിങ്ങോട്ടുഴന്നും വിപിനഭുവി തളർന്നും വിചാരം കലർന്നും
തുംഗാതങ്കം വളർന്നും തൃണതതിഷു കിടന്നും സുരേന്ദ്രാനിരന്നും
തിങ്ങും ഖേദം മറന്നും ദിവസമനു നടന്നീടുമന്നൈഷധേന്ദ്രൻ
വൻകാട്ടിൽ കാട്ടുതീതൻ നടുവിലൊരു ഗിരം കേട്ടു വിസ്പഷ്ടവർണ്ണാം.

പല്ലവി:

അന്തികേ വന്നീടേണം അഴലേ നീ തീർത്തീടേണം

അനുപല്ലവി:

എന്തിവണ്ണമെന്മൊഴി നീ കേട്ടീലയോ പുണ്യകീർത്തേ?

ചരണം 1

കാട്ടുതീയിൽ പതിച്ചേനേ, കളിയല്ലയ്യോ! വേകുന്നേനേ,
കൂട്ടിക്കൊണ്ടു പോക താനേ, കുശലം തവ വൈരസേനേ!

ചരണം 2

വെന്തു ദേഹം പാതിപോരും, വിധിവശന്മാരെല്ലാപേരും,
ബന്ധു നീയൊഴിഞ്ഞില്ലാരും, വിവശത മേ നിന്നാൽ തീരും

ചരണം 3

നിന്നുദന്തം ഭൈമീജാനേ, നിഖിലവും ഞാനറിഞ്ഞേനേ,
മന്ദിക്കൊല്ലാ മയി ദീനേ, മരണവേദനാതിദൂനേ.


അർത്ഥം: 

ശ്ലോകസാരം:
വനപ്രദേശത്ത്‌ ഒരറ്റംമുതൽ മറ്റൊരറ്റംവരെ ചുറ്റിയലഞ്ഞും, തളർന്നും, ചിന്തിച്ചും, ഹൃദയതാപം അനുക്രമം വർദ്ദിച്ചും, പുൽക്കൂട്ടങ്ങളിൽ കിടന്നും, ഇന്ദ്രാദികളോട്‌ ഇരന്നും, വളർന്ന ദുഃഖം മറന്നും, എന്നെന്നും കാൽനടയായി സഞ്ചരിക്കുന്ന നളൻ, വൻകാട്ടിൽ കാട്ടുതീയുടെ മധ്യത്തിൽ നിന്ന്‌ വ്യക്തമായ ചില വാക്കുകൾ കേട്ടു.

സാരം:
എൻ്റെ അടുക്കൽ വന്ന്‌ നീ എൻ്റെ ദു:ഖം തീർക്കണം.  എന്താ എൻ്റെ വാക്ക്‌ പുണ്യവാനായ നീ കേട്ടില്ലേ? ഞാൻ കാട്ടുതീയ്യിൽ വീണുപോയി.  കളിയല്ല.  അയ്യോ വെന്തുപോകുന്നു.  അങ്ങ്‌ എന്നെ കൂട്ടിക്കൊണ്ടുപോകൂ.
അത്‌ അങ്ങയ്ക്ക്‌ സുഖകരമാണല്ലോ! ദേഹം പകുതി വെന്തു.  ചിന്തിച്ചത്‌ മതി.  എല്ലാവരും വിധിക്ക്‌ അധീനരാണ്‌.  നീയല്ലാതെ എനിക്ക്‌ ഒരു രക്ഷകനില്ല.  നീ കാരണം എൻ്റെ വിവശത തീരും. ഭൈമിജായയായുള്ള നിൻ്റെ വാർത്ത എല്ലാം ഞാൻ അറിഞ്ഞുകഴിഞ്ഞു. മരണവേദനകൊണ്ടു പുളയുന്ന എന്നെ രക്ഷിക്കാൻ അമാന്തിക്കരുത്‌.

അരങ്ങുസവിശേഷതകൾ: 

കാർക്കോടകൻ്റെ തിരനോക്കിനുശേഷം പദം.