ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. നാരദ, ഭവാനെന്തുഭാവമിപ്പോൾ?

നാരദ, ഭവാനെന്തുഭാവമിപ്പോൾ?

രംഗം അഞ്ച്‌ : ദേവലോകം

അഞ്ചാം രംഗം. ഇത് ദേവലോകത്ത് നടക്കുന്നു.

രാഗം: സൌരാഷ്ട്രം
താളം: അടന്ത
ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ: നാരദൻ,പർവതൻ

ശ്ലോകം

അഥ തദാ ശതമന്യുരഖിന്നധീ-
രഖിലദൈവതയൗവതസേവിതഃ
സഹ പുലോമജയാപ്യനുലോമയാ
നിജഗൃഹേ ജഗൃഹേ സ സുഖാസികാം
.

നളേനുഷക്താമപബുദ്ധ്യ പുത്രീം
സ്വയംവരോദ്യോഗിനി ഭീമഭൂപേ
സുപർവ്വലോകാഭിമുഖം പ്രയാന്തം
സ പർവ്വതോ നാരദമാബഭേഷേ

പർവതൻ: നാരദ, ഭവാനെന്തുഭാവമിപ്പോൾ?

നാരദൻ: നാകായഗമിക്കുന്നേൻ പർവ്വത, ഞാൻ.


പർവതൻ: എന്തൊരുകാര്യമിപ്പോൾ നാകലോകേ?


നാരദൻ: ഇന്ദ്രനെക്കണ്ടുചിലവാർത്തചൊൽവാൻ.


പർവതൻ: എന്തതെന്നോടിപ്പോൾ ചൊല്ലിടാമോ?


നരദൻ: ഹന്ത! ഭവാൻ കൂടെപ്പോന്നുകൊൾക.


പർവതൻ: നിഷ്പ്രയോജനമുണ്ടോ പോരുന്നു ഞാൻ ?


നാരദൻ: സദ്ഭടരണാന്വേഷം ചെയ്യാമല്ലോ.


പർവതൻ: സമരം ഭൂമിയിലില്ലേ ഭൂപാലാനാം ?


നാരദൻ: ദമയന്തീകാമുകന്മാർ രാജാക്കന്മാർ.

അർത്ഥം: 

ശ്ലോകാർത്ഥം (രണ്ടാം ശ്ലോകം):

തൻ്റെ പുത്രി നളനിൽ അനുരക്തയാണെന്നറിഞ്ഞ്‌ ഭീമരാജാവ്‌ അവളുടെ സ്വയംവരത്തിനായുള്ള ഒരുക്കങ്ങൾ കൂട്ടി. അപ്പോൾ ദേവലോകത്തേക്കു പോകുന്ന പർവ്വതൻ നാരദനോട്‌ ഇങ്ങനെ പറഞ്ഞു.
 സാരം: പർവതൻ : നാരദാ എന്താണ്‌ അങ്ങയുടെ ഭാവം ? 
നാരദൻ : പർവതാ ഞാൻ സ്വർഗ്ഗത്തിലേക്കു പോകുന്നു. 
പർവതൻ : സ്വർഗ്ഗത്തിൽ എന്താണു കാര്യം ?
 നാരദൻ : ഇന്ദ്രനെ കണ്ടു ചില വാർത്ത പറയണം.
 പർവതൻ : എന്താണ്‌ അതെന്ന്‌ എന്നോടു പറയാമോ ? 
നാരദൻ : ഹേ, അങ്ങും എൻ്റെ കൂടെ പോന്നുകൊള്ളുക.
 പർവതൻ : ഞാൻ വരുന്നതുകൊണ്ടു പ്രയോജനമുണ്ടാകുമോ ?
 നാരദൻ : ഒന്നുമില്ലെങ്കിലും നല്ല ഭടന്മാർ ചെയ്യുന്ന യുദ്ധത്തെക്കുറിച്ചെങ്കിലും അന്വേഷിക്കാമല്ലോ. 
പർവതൻ : എന്താ ഭൂമിയിലെ രാജാക്കന്മാർ തമ്മിൽ യുദ്ധമൊന്നുമില്ലേ ?
 നാരദൻ : ദമയന്തീകാമുകന്മാരായിരിക്കുന്നു രാജാക്കന്മാർ. അവർക്കു യുദ്ധതാല്പര്യമൊന്നുമില്ലെന്നു ചുരുക്കം. 

അരങ്ങുസവിശേഷതകൾ: 

നാരദനും പർവതനും തമ്മിലുള്ള സംഭാഷണ രൂപേണയാണ് ഈ പദങ്ങൾ. ഒറ്റവരി സംഭാഷണമാണ് എന്നതിനാൽ എല്ലാം കൂടെ ഒന്നിച്ച് ഒരു പേജിൽ ചേർത്തതാണ്.
ഒരു കിടതകിധീംതാം. നാരദനും പർവതനും ഇരുവശത്തുനിന്നും പ്രവേശിച്ച്‌ കണ്ടുമുട്ടി, പദം. വേറെ വേറെ പദത്തിനു മുദ്രകാട്ടുകയും കലാശം ഒരുമിച്ചെടുക്കുകയും ചെയ്യുക.

അനുബന്ധ വിവരം

ഇനി ഇന്ദ്രനെ പോയി കാണുക തന്നെ` എന്നു കാട്ടി ഇരുവരും മാറിപോരിക.