ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. ദൈത്യാരിപൂർവ്വജനു ദൂത്യം സമേത്യ

ദൈത്യാരിപൂർവ്വജനു ദൂത്യം സമേത്യ

രംഗം ആറ്‌ : കുണ്ഡിത്തിനടുത്ത്‌ ഒരുസ്ഥലം

1
ദൈത്യാരിപൂര്‍വ്വജനു ദൂത്യം സമേത്യ നിജ-
സാദ്ധ്യം വെടിഞ്ഞു നിഷധേന്ദ്രന്‍
സേനയിഹ നിര്‍ത്തീ-താനഥ നടന്നൂ
ദാന്തദമഭഗിനിയുടെ കാന്തിനദിയതില്‍ മുഴുകി
നീന്തുവതിനുഴറി മിഴി രണ്ടും.

2
ബഹളേ ജനേ പഥിഷു സബലേഷു ഭൂപതിഷു
ചപലേ മഹീസുരസമൂഹേ
പലരെയുമുരുമ്മീ – പരിചൊടു നടന്നു
പെരിയ പരിചയമുടയ പരിഷയുടെ നടുവിലുട-
നവിദിതനു കുതുകമവനാസീത്‌

3
ധന്യോ അഥ രക്ഷിജനകണ്ണാലലക്ഷ്യതനു
കന്യാപുരത്തിനുകടന്നൂ
കണ്ണിനഴല്‍തീര്‍ന്നൂ: കണ്ടു ദമയന്തീം.
താഞ്ച നഖനിരകള്‍ മുതല്‍ പൂഞ്ചികുരതതിയറുതി
വാഞ്ഛയൊടു നികടഭൂവി കണ്ടൂ.

4
അമരേന്ദ്രദൂതനിവനപരാധമോര്‍ത്തു മന-
മുപരോധനേന വശമാക്കീ,
മറവകലുവാനായ്‌ മനസി കൊതി പൂണ്ടൂ.
അതിമധുരതരവപുഷമരികിലുടനൊരു പുരുഷ-
മമൃതമൊഴി സഖികളൊടു കണ്ടൂ.

അർത്ഥം: 

സാരം:

സ്വന്തം ലക്ഷ്യത്തെമാറ്റിവച്ച്‌ ദേവേന്ദ്രൻ്റെ ദൗത്യം കൈക്കൊണ്ട നളമഹാരാജാവ്‌ സൈന്യങ്ങളെ അവിടെ നിർത്തി ഒറ്റയ്ക്കുനടന്നു. ദമയന്തിയുടെ സൗന്ദര്യം കാണുന്നതിന്‌ അദ്ദേഹം അതിയായി ആഗ്രഹിച്ചു. വഴിയിൽ വലിയ ജനകൂട്ടത്തിനിടയിലും സൈന്യങ്ങളോടുകൂടിയ രാജാക്കന്മാർക്കിടയിലും രസികന്മാരായ ബ്രാഹ്മണർക്കിടയിലും എല്ലാം പലരെയുമുരുമ്മിക്കൊണ്ട്‌ നളൻ നടന്നു. വളരെ പരിചയമുള്ള ജനങ്ങൾക്കിടയിൽ ആരും കാണാതെയുള്ള ഈ സഞ്ചാരം നളനു കൗതുകമുളവാക്കി. ധന്യനായ നളൻ രക്ഷിജനങ്ങൾ കാണാതെ കന്യാപുരത്തിനുള്ളിൽ പ്രവേശിച്ചു. നളൻ്റെ വളരെ നാളത്തെ ആഗ്രഹം സാധിച്ചു. ദമയന്തിയെ കണ്ടു. അവളുടെ നഖനിരകൾ മുതൽ മുടിക്കെട്ടുവരെ ആഗ്രഹത്തോടെ നളൻ അടുത്തുകണ്ടു. താൻ അമരേന്ദ്രദൂതനാണെന്നു സ്മരിച്ച നളൻ ചെയ്യുന്നത്‌ അപരാധമാണെന്നു തിരിച്ചറിഞ്ഞ്‌ മനസ്സിനെ സ്വയം നിയന്ത്രിച്ചു; തിരസ്കരണി നീങ്ങുവാൻ ആഗ്രഹിച്ചു. അപ്പോൾ അതിമധുരമായ ശരീരകാന്തിയോടെ ഒരു പുരുഷനെ തൻ്റെ സമീപത്തു ദമയന്തി കണ്ടു.

 അരങ്ങുസവിശേഷതകൾ: 

`കണ്ണിനഴൽ തീർന്നു കണ്ടു ദമയന്തീം` എന്ന ഭാഗത്ത്‌ തിരതാഴ്ത്തി ദമയന്തി പ്രത്യക്ഷപ്പെടുന്നു. നളൻ കണ്ടതായി നടിക്കുന്നു. ദണ്ഡകത്തിൻ്റെ ഒടുവിൽ ദമയന്തി, നളനെയും കാണുന്നു. തുടർന്ന്‌ ശ്ളോകം