ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം ഒന്നാം ദിവസം
  5. കണ്ടാലെത്രയും കൗതുകമുണ്ടിതിനെ

കണ്ടാലെത്രയും കൗതുകമുണ്ടിതിനെ

 രംഗം മൂന്ന്‌ : കുണ്ഡിനോദ്യാനം

രാഗം: യദുകുലകാബോജി
ആട്ടക്കഥ: നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ: ദമയന്തി

1
കണ്ടാലെത്രയും കൗതുകമുണ്ടിതിനെപ്പണ്ടു
കണ്ടില്ല ഞാനേവംവിധം കേട്ടുമില്ലാ.

2
സ്വർണ്ണവർണ്ണമരയന്നം മഞ്ജുനാദമിതു
നിർണ്ണയമെനിക്കിണങ്ങുമെന്നു തോന്നും.

3
തൊട്ടേനേ ഞാൻ കൈകൾകൊണ്ടു തോഴിമാരേ – കൈക്കൽ
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ.

4
ക്രൂരനല്ല സാധുവത്രേ ചാരുരൂപൻ – നിങ്ങൾ
ദൂരെനില്പിൻ; എന്നരികിൽ ആരും വേണ്ടാ
.

അർത്ഥം : 

പദത്തിൻ്റെ സാരം:

കണ്ടാൽ വളരെ കൗതുകം തോന്നിക്കുന്ന ഇത്തരമൊന്ന്‌ ഞാൻ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല. സ്വർണവർണവും മനോഹരമായ നാദവുമുള്ള ഇത്‌ എന്നോടിണങ്ങും എന്നു തോന്നുന്നു. തോഴിമാരേ, ഞാൻ കൈകൾകൊണ്ട്‌ ഇതിനെ തൊട്ടല്ലൊ! സുന്ദരൂപനായ ഇവൻ ക്രൂരനല്ല; പാവമാണ്‌. നിങ്ങൾ ദൂരെ നില്ക്കുക. എൻ്റെ അരികിൽ മറ്റാരും വേണ്ട.

അരങ്ങുസവിശേഷതകൾ: 

ഇവിടെ,
കണ്ടാലെത്രയും കൗതുകമുണ്ടിതിനെപ്പണ്ടു
കണ്ടില്ല ഞാനേവംവിധം കേട്ടുമില്ലാ.

എന്ന പദം ആടി, അത്ഭുതത്തോടെ മെല്ലെ ഹംസത്തിൻ്റെ അടുത്തേക്കു നീങ്ങുന്നു. പിന്നെ,

സ്വർണ്ണവർണ്ണമരയന്നം മഞ്ജുനാദമിതു
നിർണ്ണയമെനിക്കിണങ്ങുമെന്നു തോന്നും.

വീണ്ടും കൂടുതൽ അടുത്തു ചെന്ന്‌ പിടിക്കാൻ ശ്രമിക്കുന്നു. ഹംസം കുറച്ച്‌ അകലുന്നു. വീണ്ടും പിടിക്കാൻ നോക്കുന്നു.

തൊട്ടേനേ ഞാൻ കൈകൾകൊണ്ടു തോഴിമാരേ – കൈക്കൽ
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ.

ഒന്നു തൊടാനെങ്കിലും കഴിഞ്ഞതിൽ ആഹ്ളാദം. വീണ്ടും പിടിക്കാൻ ശ്രമം. ഹംസം അകലുന്നു. (സൂത്രശാലിയായ ഹംസം അങ്ങനെ ദമയന്തിയെ തോഴിമാരിൽ നിന്നും അകറ്റുന്നു.)

അനുബന്ധ വിവരം: 

തോഴിമാരെ പറഞ്ഞയച്ച്‌ ദമയന്തി ഹംസത്തെ പിടിക്കാൻ ശ്രമിക്കുന്നു.