ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. സഹജ സമീരണസൂനോ

സഹജ സമീരണസൂനോ

രാഗംഭൈരവി

താളംചെമ്പട 16 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾധർമ്മപുത്രർ

ധർമ്മസൂനുരപി നിർമ്മലചേതാ
ധർമ്മതത്വസഹിതം മൃദുവാക്യം
സന്മനോഗതമിതി സ്മ രുഷാന്ധം
തം മുദാ സഹജമാഹ മഹാത്മാ

പല്ലവി
സഹജ സമീരണസൂനോ
സൽ‌ഗുണശീല
സംഹര കോപമധുനാ

അനുപല്ലവി
സാഹസം ചെയ്തീടൊല്ല സമയം
കഴിവോളവും നീ സഹസൈവ
കാര്യം സാധിപ്പാൻ സംഗതി വരും

[[ അനലനൂഷ്മാ വെടികിലുമാലോകന്തന്നെ
 ദിനകരൻ കൈവെടികിലും
 അനിലനന്ദന സത്യമനുജ ലംഘിപ്പതിനു
 അനലനഹമെന്നറിക ചൊല്ലീടായ്കേവം
         
 ദിനകരകുലാധിപൻ ദശരഥനും        
 ദീനമാനസനായ്ത്തന്നെ
 അനൃതഭീതി കൊണ്ടല്ലോ ആത്മജന്മാരെ
 ഘോരവനമതിലയച്ചീലയോ പാർത്തുകണ്ടാലും
         
 ദിവ്യാസ്ത്രങ്ങൾ ലഭിച്ചു ദീനമെന്നിയെ
 സവ്യസാചി വരും നൂനം
 സേവ്യനാമീശൻതന്നെ സേവിച്ചീടുന്നവർക്കു
 ദുർവ്യാപാരങ്ങൾ ഫലിയാ ശങ്കിയായ്കേവം ]]

തിരശ്ശീല

അർത്ഥം

ധർമ്മസൂനുരപി:

ശുദ്ധഹൃദയനും മഹാത്മാവുമായ ധർമ്മപുത്രരാകട്ടെ, കോപാന്ധനായ ആ അനുജനോട്‌ ധർമ്മതത്ത്വങ്ങളുൾക്കൊള്ളുന്നതും സജ്ജനസമ്മതവുമായ സാന്ത്വനവാക്കിനെ ഇങ്ങനെ സന്തോഷത്തോടെ പറഞ്ഞു.

സഹജസമീരണ:

അനുജാ, വായുപുത്രാ, സദ്‌ഗുണങ്ങൾ ഒത്തിണങ്ങിയവനേ, തൽക്കാലം കോപമടക്കൂ. പ്രതിജ്ഞാകാലം കഴിയുന്നതുവരെ നീ അവിവേകമൊന്നും കാണിക്കരുത്‌. ഉടൻ തന്നെ കാര്യം സാധിപ്പാൻ ഇടവരും. അരങ്ങുസവിശേഷതകൾ:  പദാഭിനയത്തിനുശേഷം അൽപ്പം ഇളകിയാട്ടം പതിവുണ്ട്:
ഭീമന്‍:(പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ധര്‍മ്മപുത്രന്‍ കെട്ടിചാടി കുമ്പിട്ടശേഷം) ‘കഷ്ടം! ഇങ്ങിനെയെല്ലാം ആ ദുഷ്ടന്മാര്‍ ചെയ്തിട്ടും അവിടുത്തെ മനസ്സ് അല്പം‌പോലും ഇളകിയില്ലല്ലോ? കഷ്ടം തന്നെ. കുറച്ചു കരുണയോടെ ഒരു വാക്ക് കല്പിച്ചുവെങ്കില്‍ ഞാന്‍ ആ മൂര്‍ഖന്മാരെയെല്ലാം നശിപ്പിച്ചു വന്നേക്കാം. ഒന്നു കല്‍പ്പിക്കണേ‘
ധര്‍മ്മപുത്രന്‍:‘ഏയ്!പാടില്ല, പാടില്ല. കുറച്ചുകാലം കൂടി ക്ഷമയോടെ വസിച്ചാലും’
ഭീമന്‍:(മൌഢത്തോടെ, ആത്മഗതം) ‘ആ,ആ, ശിരസ്സിലെഴുത്തുതന്നെ’ (ധര്‍മ്മപുത്രനോട്) ‘ഇവിടുത്തെ കല്‍പ്പന പോലെ തന്നെ’
ഭീമന്‍ വീണ്ടും കുമ്പിട്ട് ധര്‍മ്മപുത്രനെ യാത്രയാക്കി, കുത്തിമാറി തിരിഞ്ഞ് വരുന്നു. ധര്‍മ്മപുത്രന്‍ നിഷ്ക്രമിക്കുന്നു.
ഭീമന്‍:(കോപത്തോടെ) ‘എടാ വഞ്ചകന്മാരേ, നിങ്ങള്‍ ചെയ്തതിനൊക്കയും പകരം പറഞ്ഞ് നിങ്ങളെ എല്ലാം ഞാന്‍ തന്നെ സംഹരിക്കും. നോക്കിക്കൊള്ളുവിന്‍, എന്നാല്‍ കണ്ടുകൊള്ളുക’
ഭീമന്‍ നാലാമിരട്ടി കലാശിച്ച് കുത്തിമാറി, കയ്യിലെ ഗദയേയും വലത്തേക്ക് കൌരവരേയും(സങ്കല്‍പ്പിച്ച്) മാറി മാറി നോക്കിയശേഷം ‘നോക്കിക്കൊള്‍വിന്‍’ എന്നു കാട്ടി,അവരെ നിന്ദിച്ച് നിഷ്ക്രമിക്കുന്നു