ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. വാചം ശൃണു മേ

വാചം ശൃണു മേ

രാഗംനാട്ടക്കുറിഞ്ഞി

താളംചെമ്പട 16 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾഭീമൻ

വാചം നിശമ്യ സമുപേത്യ കപേര്‍ബ്ബലീയാന്‍
വാലാഗ്രമസ്യ നഹി ചാലയിതും ശശാക
വ്രീളാനതോ ഗതധൃതിര്‍വ്വിവശോ വിവേകീ
പ്രോവാച വാനരവരം വചനം സശങ്കഃ
 
പല്ലവി
വാചം ശ്രൃണു മേ വാനരപുംഗമ
തേജോരാശേ സാദരമിപ്പോള്‍
 
ചരണം 1
പാശധരനോ നീ ചൊല്‍ക പാകവൈരിതാനോ വീര
കീശവരനല്ലെന്നതും കേവലം കരുതീടുന്നേന്‍
(വാചം ശൃണു മേ.. വാനരപുംഗവ)

ചരണം 2
സത്വസഞ്ചയങ്ങളിലും സത്വം നിന്നോളമില്ലാര്‍ക്കും
സത്വരമെന്നോടിദാനീം തത്വമുരചെയ്തീടേണം
(വാചം ശൃണു മേ) അർത്ഥം: 

വാചം നിശ‌മ്യ: കപിയുടെ വാക്കുകള്‍ കേട്ട് വാല്‍ വഴിയില്‍ നിന്നെടുത്തുമാട്ടാന്‍ ശ്രമിച്ചെങ്കിലും അതിന്റെ അഗ്രം പോലും ഇളക്കുവാനാകാതെ ഭീമന്‍ ധൈര്യം പോയി, നാണിച്ച് തലകുനിച്ച്, തളര്‍ന്നിരുന്നു. പിന്നെ വിവേകം ഉദിച്ചപ്പോള്‍ വാനരവരനോട് ശങ്കയോടെ ചോദിച്ചു.

വാചം ശൃണു: തേജസ്വിയായ വാനരപുംഗവാ, ഞാന്‍ ആദരവോടെ പറയുന്നത് കേട്ടാലും. അങ്ങ് വരുണനോ? പറയുക, താങ്കള്‍ ഇന്ദ്രന്‍ തന്നെയോ? വീരാ, കേവലം ഒരു വാനരവരനല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജന്തുസഞ്ചയങ്ങളില്‍ അങ്ങയോളം ബലം മറ്റാര്‍ക്കുമില്ല. ഉടനെ എന്നോട് പരമാര്‍ത്ഥം പറയേണം.

അരങ്ങുസവിശേഷതകൾ

ശ്ലോകസമയത്ത് ഇരിക്കുന്ന ഭീമന്‍ മുഖംകുനിച്ച് യഥാക്രമം ജാള്യത, ഭയം, പാരവശ്യം, ആലോചന എന്നിവ നടിച്ചശേഷം ഹനുമാനെ നോക്കി, ശങ്കയോടെ അനുസ്സരിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു. തുടര്‍ന്ന് ‘തേജോരാശേ’ മുതലുള്ള ഭാഗങ്ങള്‍ എഴുന്നേറ്റ് നിന്ന് അഭിനയിക്കും.