ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. ഭീതിയുള്ളിലരുതൊട്ടുമേ തവ

ഭീതിയുള്ളിലരുതൊട്ടുമേ തവ

രാഗംശങ്കരാഭരണം

താളംമുറിയടന്ത 14 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾഹനൂമാൻ

[[ ധസമുദ്രസംലംഘരൂപദർശനേ
സമുത്സുകാ യാതികഠോരഭീഷണാം
സമീരജന്മാപി സമീപവർത്തിനേ
സമീരജായാത്മതനൂദർശയൽ
 
തതഃ സ്വരൂപം ഭയദം ഹനൂമതഃ
പ്രസിദ്ധകീർത്തേഃ പ്രസമീക്ഷ്യ പാണ്ഡവഃ
അതീവ ഭീതഃ പ്രണിപത്യ പാദയോ-
രിതീദമേനം വചനം ബഭാഷെപ ]]

ഭീയേതി ഭീമം പതിതം പദാന്തേ
പ്രഭഞ്ജനാത്മപ്രഭവഃ പ്രസാദാല്‍
നിജാനുജം നീതിനിധിര്‍ന്നിരീക്ഷ്യ
സ സൌമ്യരൂപഃ സമവോചദേവം
 
 
പല്ലവി
ഭീതിയുള്ളിലരുതൊട്ടുമേ തവ
ഭീമസേന ശ്രൃണു ഭാഷിതം
 
അനുപല്ലവി
പ്രീതി പൂണ്ടീടുക മാനസേ രിപു-
ഭൂതിനാശന ഭവാനെടോ

[[സൌഹൃദേന തവ ദർശിതം മമ ദേഹമീദൃശമറികെടോ
ദേഹികളതിനെ കാൺകിലോ ബത മോഹമോടവശരായിടും ]]

ചരണം 1
കാണിനേരമിനി വൈകാതെ ശുക
വാണിയാകിയൊരു നിന്നുടെ
പ്രാണവല്ലഭേടെ വാഞ്ഛിതം ജഗല്‍-
പ്രാണനന്ദന ലഭിച്ചാലും
 
[[ വന്യമാർഗ്ഗമിതു കാൺകെടോ ഭവദന്യദുർഗ്ഗമിതറിഞ്ഞാലും
ധന്യശീല പോക വൈകാതെ ഹൃദി ദൈന്യമാശുകളഞ്ഞീടുക ]]

അർത്ഥം: 

ഭീയേതി ഭീമം: ഭയപ്പെട്ട ഭീമന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണു. നീതിജ്ഞനായ ഹനുമാന്‍ പ്രസാദിച്ച് സൌമ്യരൂപം കൈക്കൊണ്ട് അനുജനോട് ഇങ്ങിനെ പറഞ്ഞു. ഭീതിയുള്ളിൽ: നിന്റെ ഉള്ളില്‍ ഒട്ടും ഭീതി അരുത്. ഭീമസേനാ, എന്റെ വാക്കുകള്‍ ശ്രവിച്ചാലും. ശത്രുക്കളുടെ ഐശ്വര്യത്തെ നശിപ്പിക്കുന്നവനേ, ഭവാന്റെ മനസ്സിനെ സന്തോഷഭരിതമാക്കുക. വായുനന്ദനാ, ഇനി ഒട്ടും നേരം വൈകാതെ ശുകവാണിയാകിയ നിന്നുടെ പ്രാണവല്ലഭയുടെ ആഗ്രഹം സാധിപ്പിച്ചാലും. അരങ്ങുസവിശേഷതകൾ

ശ്ലോകത്തില്‍ ‘പതിതം പദാന്തേ’ എന്നാലപിക്കുമ്പോള്‍ ഭീമന്‍ നമസ്ക്കരിച്ചതുപോലെ വീഴുന്നു. ‘നിരീക്ഷ്യ’ എന്നാലപിക്കുന്നതിനൊപ്പം ഹനുമാന്‍ ഭീമന്‍ നിലം‌പതിച്ചതു കാണുന്നു. ഉടനെ വാത്സല്യപാരവശ്യത്തോടെ ശരീരം പൂര്‍വ്വസ്ഥിതിയിലാക്കി പീഠത്തില്‍ നിന്നും താഴെയിറങ്ങുന്നു. ഹനുമാന്‍ ഭീമനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് ബോധക്ഷയം തീര്‍ക്കുന്നു. ഭീമന്‍ ആലസ്യം വിട്ട് ഉണര്‍ന്ന് സംഭ്രമിക്കുകന്നു. പിന്നെ ജാള്യത നടിച്ച് വന്ദിച്ച് നില്‍ക്കുന്നു. ഹനുമാന്‍ ഭീമനെ അനുഗ്രഹിച്ച്, വാത്സല്യത്തോടെ പദാഭിനയം നടത്തുന്നു.